rajkumar
rajkumar

തിരുവനന്തപുരം: നെടുങ്കണ്ടത്ത് ‌ജുഡിഷ്യൽ കസ്റ്റഡിയിൽ കൊല്ലപ്പെട്ട രാജ്കുമാറിന്റെ ഭാര്യയ്ക്ക് സർക്കാർ ജോലിയും കുടുംബാംഗങ്ങൾക്കായി 16 ലക്ഷം രൂപയും അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. കസ്റ്റഡിയിലിരിക്കെ പീരുമേട് ആശുപത്രിയിലാണ് രാജ്കുമാർ മരിച്ചത്. സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ജുഡിഷ്യൽ അന്വേഷണവും നടന്നുവരികയാണ്. രാജ്കുമാറിന്റെ ഭാര്യ വിജയകുമാരിയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ചുള്ള ജോലിയാണ് നൽകുക.

രാജ്കുമാറിന്റെ നഴ്സിംഗിന് പഠിക്കുന്ന മകൾ ജെസ്സി, ബി.കോമിന് പഠിക്കുന്ന മകൻ ജോഷി, ഹൈസ്കൂൾ വിദ്യാർത്ഥി ജോബി, മാതാവ് കസ്തൂരി എന്നിവർക്കാണ് നാല് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന്‌ അനുവദിക്കുക. തുക അവരവരുടെ പേരിൽ ദേശസാത്കൃത ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തും. കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റു ചെലവുകൾക്കുമായി രക്ഷാകർത്താവിന് പലിശ പിൻവലിക്കാനാവും. കുട്ടികൾക്ക് 18 വയസ് പൂർത്തിയാകുമ്പോൾ നിക്ഷേപത്തുക ലഭിക്കുന്ന വിധത്തിലാണിത്. മാതാവ് കസ്തൂരിയുടെ പേരിൽ അനുവദിക്കുന്ന തുക ദേശസാത്കൃത ബാങ്കിൽ സ്ഥിര നിക്ഷേപം നടത്തി അവരുടെ ദൈനംദിന ആവശ്യങ്ങൾക്ക് പലിശ ലഭിക്കത്തക്കവിധം അനുവദിക്കാൻ ജില്ലാകളക്ടറെ ചുമതലപ്പെടുത്തും.