കല്ലമ്പലം : ഒറ്റൂർ - തെറ്റിക്കുളം - മണമ്പൂർ നാലുമുക്ക് റോഡിൽ നിറുത്തി വച്ചിരുന്ന ടാറിംഗ് ജോലികൾ പുനരാരംഭിച്ചു. ഒറ്റൂർ റോഡിലൂടെയുള്ള യാത്ര ദുഷ്കരമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ 9 ന് കേരള കൗമുദിയിൽ വാർത്ത വന്നിരുന്നു. തുടർന്നാണ് നിലച്ചിരുന്ന ടാറിംഗ് ജോലികൾ വേഗത്തിൽ പുനരാരംഭിച്ചത്.
കിഫ്ബിയിൽ 32 കോടി ചെലവാക്കിയുള്ള സർക്കാരിന്റെ അഭിമാനപദ്ധതിയാണ് കിളിമാനൂർ - പുതിയകാവ് മുതൽ കിളിമാനൂർ, നഗരൂർ, കരവാരം, മണമ്പൂർ, ഒറ്റൂർ, കരവാരം പഞ്ചായത്തുകൾ വഴി കടന്ന് പോകുന്ന 36 കി.മി റോഡ്. മണമ്പൂർ നാല് മുക്ക് മുതൽ പുറമ്പോക്ക് സ്ഥലം കൂടി എടുത്താണ് നിർമ്മാണം പുരോഗമിക്കുന്നത്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെ ആറോളം ബസുകളും നൂറുകണക്കിന് മറ്റു വാഹനങ്ങളും നിത്യേന കടന്നുപോകുന്ന പ്രധാന റോഡാണിത്.
വർക്കലയിൽ നിന്നു ആറ്റിങ്ങലിലേക്കുള്ള എളുപ്പ വഴിയായ ഒറ്റൂർ തോപ്പിൽ - മണമ്പൂർ വരെയുള്ള രണ്ടു കിലോമീറ്റർ റോഡിലെ യാത്രയായിരുന്നു അതി കഠിനമായിരുന്നത്. പഴയ റോഡിൽ മെറ്റലിംഗ് പൂർത്തിയാക്കിയിട്ട് മാസങ്ങൾ കഴിഞ്ഞു. റീടാറിംഗ് നടക്കാതിരുന്നതോടെ പൊടിപടലം നിറഞ്ഞ് ജനങ്ങൾക്ക് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായി. ഇത് ചൂണ്ടിക്കാട്ടി ഒറ്റൂർ റസിഡന്റ്സ് അസോസിയേഷൻ പഞ്ചായത്തിൽ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. ഒറ്റൂർ പഞ്ചായത്ത് ഓഫീസിന് മുന്നിലൂടെയാണ് റോഡ് കടന്നുപോകുന്നത്. പി.ഡബ്ളിയു.ഡിയുടെ ചുമതലയിലുള്ള റോഡായതിനാൽ പഞ്ചായത്തിനും നടപടിയെടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ബി. സത്യൻ എം.എൽ.എയുടെ ഇടപെടലാണ് ടാറിംഗ് പണികൾ വേഗത്തിലാക്കാനായത്. പണി പൂർത്തിയാകുന്നതോടെ നാട്ടുകാരുടെ യാത്രാ ദുരിതത്തിനും അന്തരീക്ഷ മലിനീകരണത്തിനും പരിഹാരമാകും.