university-college-incide
UNIVERSITY COLLEGE INCIDENT

തിരുവനന്തപുരം: കൊടി കെട്ടാനുപയോഗിക്കുന്ന ഇരുമ്പുപൈപ്പും പട്ടിക കഷണവും കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷമാണ് നെഞ്ചിൽ കത്തി കുത്തിയിറക്കിയതെന്ന് യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിൽ പൊലീസിന് മൊഴി നൽകി. നസീം പിന്നിൽ നിന്ന് പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് കുത്തുകയും ചെയ്തു. തലയ്ക്കടിയേറ്റപ്പോൾ കുറച്ചുസമയം ഓർമ്മ പോകുംപോലെയായി. കണ്ണുതുറന്നു നോക്കിയപ്പോൾ കത്തിയുമായി കുത്താനോങ്ങുന്ന ശിവരഞ്ജിത്തിനെയാണ് കണ്ടത്. ഇടനെഞ്ചിലാണ് ആദ്യം ആഴത്തിൽ കുത്തിയത്. പിന്നീട് നെഞ്ചിന്റെ താഴെയായും മുതുകിലും രണ്ടുവട്ടം കുത്തി. കൊല്ലണമെന്ന ഉദ്ദേശ്യത്തോടെ, ഏറെ നാളത്തെ ആസൂത്രണത്തിനൊടുവിലാണ് ആക്രമിച്ചതെന്നും അഖിൽ മൊഴിനൽകി. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തി കന്റോൺമെന്റ് സി.ഐ അനിൽകുമാറിന്റെ സംഘമാണ് അഖിലിന്റെ മൊഴിയെടുത്തത്. മൊഴിയെടുപ്പ് രണ്ടുമണിക്കൂർ നീണ്ടു.

ആക്രമണമുണ്ടാകുന്നതിന് രണ്ടു ദിവസം മുൻപ് അഖിലിന്റെ ബൈക്ക് കോളേജിനുള്ളിൽ നസീമും സംഘവും അടിച്ചുപൊട്ടിച്ചിരുന്നു. യൂണിറ്റ് കമ്മിറ്റിയുടെ ആജ്ഞകൾ അനുസരിക്കുന്നില്ലെന്ന കാരണം പറഞ്ഞായിരുന്നു ഇത്. ഈ സംഭവം പിന്നീട് യൂണിറ്റംഗങ്ങൾ തന്നെ ഒത്തുതീർപ്പാക്കി. അടുത്തദിവസം കാന്റീനിൽ ഡെസ്കിൽ കൊട്ടിപ്പാടുന്നതിനിടെ, യൂണിറ്റംഗമായ പെൺകുട്ടി അഖിലിനെ ശകാരിച്ചു. തന്നെ അപമാനിച്ച് പാട്ടുപാടിയെന്ന് യൂണിറ്റിന് ഈ പെൺകുട്ടി പരാതി എഴുതിനൽകി. അഖിലിനെ യൂണിറ്റ് ഓഫീസിലേക്ക് വിളിച്ചുവരുത്തി 'വിചാരണ' നടത്തി വിട്ടയച്ചു. യൂണിറ്റംഗങ്ങളുടെ ഭീഷണിയെ എതിർക്കാൻ അഖിലിന്റെ നേതൃത്വത്തിൽ മറ്റു വിദ്യാർത്ഥികൾ തീരുമാനിച്ചു. പിറ്റേന്ന് മരച്ചുവട്ടിലിരുന്ന് പാട്ടുപാടിയപ്പോൾ യൂണിറ്റംഗങ്ങളെത്തി ക്ലാസിൽ പോകാൻ ആവശ്യപ്പെട്ടു. അഖിലും കൂട്ടുകാരും പറ്റില്ലെന്ന് പറഞ്ഞു. പാട്ടൊക്കെ വീട്ടിൽ മതിയെന്ന് യൂണിറ്റംഗങ്ങൾ പറഞ്ഞപ്പോൾ അഖിലും കൂട്ടുകാരും എതിർത്തു.

ഇതോടെ, യൂണിറ്റംഗങ്ങൾ കോളേജ് ഗേറ്റിനടുത്തു വച്ച് തന്നെയും കൂട്ടുകാരെയും മർദ്ദിക്കാൻ തുടങ്ങി. താനും സംഘവും പ്രതിരോധിച്ചു. ചെറിയ സംഘർഷമായിരുന്നു അപ്പോൾ. ഈ സമയം നസീമും ശിവരഞ്ജിത്തും കോളേജിലുണ്ടായിരുന്നില്ല. യൂണിറ്റിലെ മറ്റംഗങ്ങൾ ഇവരെ ഫോണിൽ വിളിച്ചുവരുത്തുകയായിരുന്നു. ശിവരഞ്ജിത്തും നസീമും ഉടനടി ബൈക്കിൽ കോളേജിലെത്തി. ശിവരഞ്ജിത്തിന്റെ കൈയിൽ കത്തിയുണ്ടായിരുന്നു. ഗേറ്റിനടുത്തെ സംഘർഷത്തിൽ പൊലീസ് ഇടപെട്ടേക്കുമെന്ന് കരുതി ഞങ്ങളെ കത്തികാട്ടി കോളേജിനുള്ളിലേക്ക് ഓടിച്ചു. പ്രശ്‌നം പറഞ്ഞുതീർക്കാമെന്ന് നസീമിനടുത്തെത്തി താൻ പറഞ്ഞെങ്കിലും 'ഇനി സംസാരമില്ല, അടിയേ ഉള്ളൂ' എന്നായിരുന്നു നസീമിന്റെ മറുപടി. ഇതോടെ സംഘർഷം മൂർച്ഛിച്ചു. യൂണിറ്റംഗങ്ങളും പുറമെ നിന്നുള്ള ചിലരും ചേർന്ന് വീണ്ടും ഓടിച്ചു. കോളേജിനു മുന്നിലെത്തിയതോടെ, നസീം അഖിലിനെ തലയ്ക്കടിച്ച ശേഷം പിടിച്ചുനിറുത്തുകയും ശിവരഞ്ജിത്ത് കുത്തുകയുമായിരുന്നു. 25 പേരോളം ഇവർക്കൊപ്പമുണ്ടായിരുന്നു.

തന്നോട് നസീമിനും ശിവരഞ്ജിത്തിനും വ്യക്തിവൈരാഗ്യമുണ്ടായിരുന്നു. പവർലിഫ്‌ടിംഗ് ചാമ്പ്യനായിരുന്നതിനാൽ പെൺകുട്ടികൾ തന്നോട് സംസാരിക്കുകയും ഇടപെടുകയും ചെയ്യുമായിരുന്നു. യൂണിറ്റംഗങ്ങളുടെ ഉത്തരവുകൾ അനുസരിക്കാത്തതും വൈരാഗ്യമുണ്ടാക്കി. എല്ലാ വൈരാഗ്യവും ചേർത്ത് ഏറെക്കാലത്തെ ആസൂത്രണം നടത്തി തന്നെ കൊലപ്പെടുത്താൻ ശ്രമിച്ചതായാണ് അഖിലിന്റെ മൊഴി. അഖിലിന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്. രണ്ടുദിവസത്തിനകം വാർഡിലേക്ക് മാറ്റും.