സാവോപോളോ: മുപത്തുലക്ഷം രൂപയുണ്ടോ എങ്കിൽ ലംബോർഗിനിയോ ഫെരാരിയോ വാങ്ങാം. അതും പുതുപുത്തൻ!!. കോടികൾ വിലയുള്ള ഇൗ സൂപ്പർ കാറുകൾ എങ്ങനെ വിലകുറച്ച് വിൽക്കാൻ കഴിയുന്നു എന്നല്ലേ ചിന്തിച്ചത്?. സംഗതി ഒറിജിനലാണെന്ന് ആരു പറഞ്ഞു. നല്ല ഒന്നാന്തരം ഡ്യൂപ്ളിക്കേറ്റ്. സൂപ്പർ കാറുകളുടെ ഒറിജിനൽ ഡിസൈനർമാർ പോലും വ്യാജന്റെ ഡിസൈനിലെ വ്യത്യാസം കണ്ടുപിടിക്കാൻ ക്ഷ വരച്ചുപോകും. ബസീലിലാണ് ഒറിജിനലിനെ വെല്ലും ഡ്യൂപ്ളിക്കേറ്റ് കാറുകൾ വിൽക്കുന്നത്. മുപ്പതുലക്ഷം മുതൽ നാൽപ്പതു ലക്ഷം രൂപവരെയാണ് ഡ്യൂപ്ളിക്കേറ്റിന്റെ വില.
കാറുകളുടെ വ്യാജ പതിപ്പുകൾ വിൽക്കുന്നുവെന്ന് പരാതിലഭിച്ചതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാര്യങ്ങൾ വ്യക്തമായത്. അച്ഛനും മകനുമാണ് ഒറിജിൽ തോൽക്കും വ്യാജനെ നിർമ്മിക്കുന്നത്. ഇവരെ പൊലീസ് അകത്താക്കി. കാറുകൾ നിർമ്മിക്കാനുള്ള പതിനഞ്ച് പ്ളാറ്റ്ഫോമുകളും ബോഡിഭാഗങ്ങളും ലോഗോകളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. നിരവധിപേർക്ക് ഇവർ വ്യാജകാറുകൾ നിർമ്മിച്ച് നൽകിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. വ്യാജ കാറുകളുടെ ഉടമസ്ഥരെ കണ്ടുപിടിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്.
ഒറിജിനൽ കാറുകളുടെ ഡിസൈൻ കോപ്പിചെയ്ത് വ്യാജ പതിപ്പുകൾ ഇറങ്ങുന്നത് ചൈനയിൽ പതിപ്പാണ്. വ്യാജ കാർ നിർമ്മാതാക്കളുടെ തലസ്ഥാനം എന്ന ദുഷ്പേരും ചൈനയ്ക്കുണ്ട്.