msf

തിരുവനന്തപുരം : എം.എസ്.എഫ് നടത്തിയ 'ചലോ സെക്രട്ടേറിയറ്റ്" മാർച്ചിനിടെയുണ്ടായ സംഘർഷത്തിൽ ആറു പേർക്ക് പരിക്കേറ്റു. സെക്രട്ടേറിയറ്റിലേക്കുള്ള പ്രകടനത്തിന് പിന്നാലെ യൂണിവേഴ്സിറ്റി കോളജിലേക്ക് നടത്തിയ മാർച്ചിലാണ് സംഘർഷമുണ്ടായത്. കോളേജ് ഗേറ്റിന് സമീപത്തെ എസ്.എഫ്.ഐ കൊടിതോരണങ്ങളും ബാനറുകളും പ്രവർത്തകർ തകർത്തു.

തുടർന്ന് കോളേജിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. പ്രവർത്തകർ പിരിഞ്ഞ് പോകാത്തതിനെ തുടർന്ന് മൂന്ന് തവണ കണ്ണീർ വാതകം പ്രയോഗിച്ചു. ഇതോടെ പ്രവർത്തകർ ചിതറിയോടി. ശേഷിച്ചവരെ പൊലീസ് വിരട്ടിയോടിച്ചു. ഡെപ്യൂട്ടി കമ്മിഷണർ ആർ. ആദിത്യയുടെ നേതൃത്വത്തിലാണ് സ്ഥിതിഗതികൾ നിയന്ത്രിച്ചത്.

പരിക്കേറ്റ മുസ്ളിംലീഗ് സംസ്ഥാന സെക്രട്ടറി ബീമാപള്ളി റഷീദ്, എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് മിസ്ഹബ് കീഴരിയൂർ, ബിലാൽ മുഹമ്മദ്, ഷഹീർജി അഹമ്മദ്, ഷഫീഖ് വഴിമുക്ക്, അംജത് കുരീപ്പള്ളി എന്നിവരെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീറും എൻ. ഷംസുദ്ദീൻ എം.എൽ.എയും സന്ദർശിച്ചു.

സെക്രട്ടേറിയറ്റ് മാർച്ച് ഡോ. എം.കെ. മുനീർ ഉദ്ഘാടനം ചെയ്‌തു. മുഖ്യമന്ത്രി പിണറായി വിജയൻ ദിവസേന ക്ഷമ പറയുന്ന ആളായി മാറിയെന്ന് മുനീർ ആരോപിച്ചു. മിസ്ഹബ് കീഴരിയൂർ അദ്ധ്യക്ഷത വഹിച്ചു. ടി.എ. അഹമ്മദ് കബീർ, പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, ടി.വി. ഇബ്രാഹിം, എം. ഉമ്മർ,പി.കെ. ഫിറോസ്, എം.പി. നവാസ്, ബീമാപള്ളി റഷീദ്, പ്രൊഫ. തോന്നയ്‌ക്കൽ ജമാൽ, ഫൈസൽ ബാഫഖി തങ്ങൾ, സുൾഫിക്കർ സലാം, കുറിക്കോളി മൊയ്തീൻ എന്നിവർ പ്രസംഗിച്ചു.