3

തിരുവനന്തപുരം: മന്ത്രിസഭാ യോഗം നടക്കുന്നതിനിടെ മതിൽചാടിക്കടന്ന് സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രതിഷേധിച്ച കെ.എസ്.യു പ്രവർത്തകരെ കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്‌തു. കെ.എസ്.യു സെക്രട്ടറിമാരായ അനു ലോനച്ചൻ, അരുൺ രാജേന്ദ്രൻ, ശില്പ .സി, ആനന്ദ് കെ. ഉദയൻ,​ എറണാകുളം ജില്ലാ പ്രസിഡന്റ് അലോഷി എന്നിവരെയാണ് പൊലീസ് പിടികൂടിയത്. രാവിലെ 10.30നാണ് സംഭവം.

കെ.എസ്.യു പ്രവർത്തകർ സെക്രട്ടേറിയറ്റിനുള്ളിൽ കയറി പ്രതിഷേധിക്കാൻ സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് സെക്രട്ടേറിയറ്റിനുള്ളിലേക്ക് കടക്കുന്ന എല്ലാ ഗേറ്റിലും പൊലീസ് സുരക്ഷ ഒരുക്കിയിരുന്നു. തിരിച്ചറിയൽ രേഖകൾ പരിശോധിച്ചാണ് ജീവനക്കാരെപ്പോലും ഗേറ്റ് കടത്തിവിട്ടത്. ഇതിനിടെ ശില്പ ഉൾപ്പെടെയുള്ള സംഘം മതിൽ ചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് പ്രവർത്തിക്കുന്ന നോർത്ത് ബ്ലോക്കിലേക്ക് ഓടിക്കയറുകയായിരുന്നു. അനു ലോനച്ചൻ, അരുൺ രാജേന്ദ്രൻ, ആനന്ദ് കെ. ഉദയൻ,​ അലോഷി എന്നിവരെ പൊലീസ് കെട്ടിടത്തിന് മുന്നിൽ വച്ച് പിടികൂടി. എന്നാൽ ശില്പ കെട്ടിടത്തിനുള്ളിൽ കയറി കൊടി ഉയർത്തിപ്പിടിച്ച് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. പിന്നീട് വനിതാ പൊലീസെത്തയാണ് ശില്പയെ കസ്റ്റഡിയിലെടുത്തത്.

അറസ്റ്റിലായവരെ നന്ദാവനത്തെ എ.ആർ ക്യാമ്പിലേക്ക് മാറ്റിയതോടെ പി.ടി. തോമസ് എം.എൽ.എയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തി. ശില്പയ്‌ക്കും പ്രവർത്തകർക്കും പരിക്കേറ്റെന്നും ഇവരെ ആശുപത്രിയിലേക്ക് മാറ്റണമെന്നുമായിരുന്നു ആവശ്യം. പ്രതിഷേധങ്ങൾക്കൊടുവിൽ പ്രവർത്തകരെ ഉച്ചയോടെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി.