couple

ക്വാലാലംപൂർ: സ്വന്തം ഭാര്യയ്ക്കുവേണ്ടി രാജ്യംപോലും ഉപേക്ഷിച്ച വ്യക്തിയാണ് മലേഷ്യയിലെ മുൻഭരണാധികാരി സുൽത്താൻ മുഹമ്മദ് അഞ്ചാമൻ. മുൻ മോസ്കോ ഒക്സാന വ്യോവോഡിനയെയാണ് മുഹമ്മദ് അഞ്ചാമൻ വിവാഹം കഴിച്ചത്. റിയാലിറ്റി ഷോ താരമായിരുന്നു ഒക്സാനയുടെ വിവാഹപൂർവ ചരിത്രം വിവാദമായതോടെയാണ് സുൽത്താന് ഭരണാധികാരം ഒഴിയേണ്ടി വന്നത്. റിയാലിറ്റിഷോ മത്സരത്തിനിടെ സഹ മത്സരാർത്ഥിയായ പുരുഷനുമായി ഇഴുകിച്ചേർന്ന് നിൽക്കുന്ന ചിത്രം പുറത്തുവന്നതോടെ പിടിച്ചുനിൽക്കാൻ കഴിയാതെയായി.

ഒക്സാന ഗർഭിണിയായിരുന്ന സമയത്തായിരുന്നു സുൽത്താന് അധികാരം നഷ്ടപ്പെട്ടത്. ഇതോടെ ഇരുവരും അടിച്ചുപിരിഞ്ഞെന്ന വാർത്തകൾ പ്രചരിച്ചു. റഷ്യൻ മാധ്യമങ്ങൾ ഇൗ വാർത്തയ്ക്ക് വൻപ്രാധാന്യം നൽകി. മുഹമ്മദ് അഞ്ചാമൻ എവിടെയാണെന്ന് അറിയില്ലെന്നും ഒക്സാന സ്വന്തം രാജ്യത്താണെന്നുംവരെ അവർ വച്ചുകാച്ചി. ഒക്സാനയോ മുഹമ്മദ് അഞ്ചാമനോ ഇതിനോട് പ്രതികരിച്ചുമില്ല.

കഴിഞ്ഞദിവസം ഭർത്താവിനോടും കുഞ്ഞിനോടുമൊപ്പമുള്ള ചിത്രം ഒക്സാന ഇൻസ്റ്റാഗ്രാമിൽ പോസ്റ്റുചെയ്തതോടെ കെട്ടുകഥകൾക്ക് വിരാമമായി. ഒരുപ്രശ്നവുമില്ലാതെ ഇരുവരും സുഖമായി കഴിയുകയാണ്. അധികാരം ഇല്ലെങ്കിലും സുഖലോലുപതയ്ക്ക് ഒരു കുറവുമില്ല.

കഴിഞ്ഞ മെയിലാണ് ഇവർക്ക് കുഞ്ഞുപിറന്നത്. ഇസ്മയിൽ ലിയോൺ എന്നാണ് പേരിട്ടിരിക്കുന്നത്. മലേഷ്യയുടെ ഭാവിരാജാവെന്നാണ് ഒക്സാന മകനെ വിശേഷിപ്പിക്കുന്നത്. കുടുംബത്തിനെയും കുഞ്ഞിനെയും നോക്കുന്നതിനുമാത്രമാണ് താനിപ്പോൾ പ്രാധാന്യം നൽകുന്നതെന്നാണ് ഒക്സാന പറയുന്നത്.

കഴിഞ്ഞവർഷം നവംബറിൽ മോസ്കോയിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. അടുത്ത സുഹൃത്തുവഴിയാണ് ഇരുവരും പരിചയപ്പെടുന്നത്. അത് ക്രമേണ പ്രണയത്തിലെത്തി. അതീവരഹസ്യമായിരുന്നു പ്രണയം.വിവാഹത്തിന് തൊട്ടുമുമ്പാണ് റഷ്യക്കാർപോലും ഇക്കാര്യം അറിയുന്നത്. വിവാഹത്തിൽ നിന്ന് പിന്മാറണമെന്ന് പലരും ആവശ്യപ്പെട്ടെങ്കിലും ഒക്സാന വഴങ്ങിയില്ല. ഇൗ വർഷം ജനുവരിയിലാണ് അധികാരം ഉപേക്ഷിക്കേണ്ടിവന്നത്.