തിരുവനന്തപുരം: വിവിധ സർക്കാർ ഓഫീസുകളിൽ കെട്ടിക്കിടക്കുന്ന ഫയലുകളിൽ മൂന്ന് മാസത്തിനകം തീർപ്പുണ്ടാക്കുമെന്നും, ഇതിനായി പ്രത്യേക അദാലത്തുകൾ സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരള സെക്രട്ടേറിയറ്റ് എംപ്ളോയീസ് അസോസിയേഷൻ വാർഷിക സമ്മേളനം എ.കെ.ജി ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെട്ടിക്കിടക്കുന്ന ഫയലുകളുടെ എണ്ണത്തെക്കുറിച്ച് വകുപ്പ് മേധാവികളെ അറിയിച്ചിട്ടുണ്ട്. ആവശ്യത്തിന് ജീവനക്കാരും മേൽനോട്ടം വഹിക്കേണ്ട ഉദ്യോഗസ്ഥരുമുണ്ട്. എന്നിട്ടും ഫയലുകളിൽ വേണ്ടരീതിയിൽ തീരുമാനമെടുക്കുന്നില്ല. ഇത്തരം ദുഷിച്ച പ്രവണതകൾക്ക് അന്ത്യമുണ്ടാവണം.
സംഘടനകൾ സ്വയം വിമർശനം നടത്തണം
ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനമെന്ന പേര് കേരളത്തിനുണ്ട്. മൂന്ന് വർഷത്തിന് മുമ്പുള്ള അവസ്ഥയുമായി താരതമ്യം ചെയ്യുമ്പോൾ വമ്പിച്ച മുന്നേറ്റമാണുണ്ടായത്. തീരെ അഴിമതിയില്ലാത്ത അവസ്ഥയെന്ന് ഇതിനർത്ഥമില്ല. ഫയലുകളെക്കുറിച്ച് മുമ്പ് ചില കാര്യങ്ങൾ പറഞ്ഞത് ജീവനക്കാരോടായിരുന്നെങ്കിലും അത് സ്വീകരിച്ചത് നാടും നാട്ടുകാരുമാണ്. ജനങ്ങളാണ് പരമാധികാരികളെന്നത് മറക്കരുത്. പാവങ്ങളുടെ പ്രശ്നങ്ങളാണ് ഏറ്റവും കൂടുതൽ ഫയലുകളായി എത്തുന്നത്. ഇക്കാര്യത്തിൽ എന്തുചെയ്യാൻ കഴിഞ്ഞുവെന്ന് സംഘടനകൾ സ്വയം വിമർശനപരമായി ചിന്തിക്കണം. ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കുമാണോ മുൻഗണനയെന്ന് ആലോചിക്കണം.
വിഷമകരമായ കാര്യങ്ങൾ ചെയ്യാതെ ഒഴിഞ്ഞുമാറുന്നത് നാടിന് ഗുണകരമാവില്ല. സംസ്ഥാനത്തെ ബാധിച്ചിരുന്ന ജീർണതയ്ക്ക് അന്ത്യം കുറിക്കാൻ മൂന്ന് വർഷം കൊണ്ട് കഴിഞ്ഞു. പ്രളയ ദുരന്തത്തിൽ നമ്മൾ കരഞ്ഞു കൊണ്ടിരുന്നില്ല. കേന്ദ്രത്തിൽ നിന്ന് ആവശ്യമായ സഹായം കിട്ടിയില്ല. പ്രളയ ഘട്ടത്തിലുണ്ടായ യോജിപ്പ് പിന്നീടുണ്ടായില്ല. കേരളത്തിന്റെ പുനർനിർമാണത്തിനുള്ള സാലറി ചലഞ്ചിൽ ഭൂരിഭാഗം ജീവനക്കാരും പങ്കെടുത്തെങ്കിലും വലിയ തോതിൽ എതിർപ്പുമുണ്ടായത് നിർഭാഗ്യകരമാണ്. സഹായിക്കാനെത്തുന്നവരുടെ മുന്നിൽ ഭിന്നിച്ചു നിന്നാൽ അവർക്ക് മനംമടുപ്പുണ്ടാവും- മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. അസോസിയേഷൻ പ്രസിഡന്റ് പി. ഹണി അദ്ധ്യക്ഷത വഹിച്ചു.