തിരുവനന്തപുരം: ലോകത്തെ ഏറ്റവും മികച്ച ടൂറിസം വെബ്‌സൈറ്റിനും മികച്ച പരസ്യ പ്രചരണ പരിപാടിക്കുമുള്ള പാറ്റാ ഗോൾഡൻ പുരസ്‌കാരങ്ങൾ കേരള ടൂറിസത്തിന് ലഭിച്ചു. ഇതിനു പുറമേ, കലയും സംസ്‌കാരവും പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്ത്രീ ശാക്തീകരണത്തിൽ ടൂറിസം വകുപ്പു നടത്തുന്ന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി പസഫിക് ഏഷ്യ ട്രാവൽ അസോസിയേഷന്റെ ഗോൾഡൻ പുരസ്‌കാരം ഉത്തരവാദിത്ത ടൂറിസം മിഷനും കരസ്ഥമാക്കി. ഉത്തരവാദിത്ത ടൂറിസം മിഷൻ കുമരകത്ത് ആരംഭിച്ച സമൃദ്ധി എത്നിക് ഫുഡ് റസ്‌റ്റോറന്റിനാണ് പുരസ്‌കാരം.
ആഭ്യന്തര - രാജ്യാന്തര വിനോദസഞ്ചാരികളെ ആകർഷിക്കാൻ ടൂറിസം വകുപ്പ് ഒട്ടേറെ പ്രചരണങ്ങൾ നടത്തുന്നുണ്ടെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ആഗസ്റ്റ് 10 മുതൽ നവംബർ 1 വരെ സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് ഇതിൽ സുപ്രധാന പങ്കുവഹിക്കും. നിശാഗന്ധി മൺസൂൺ രാഗാസ് സംഗീതോത്സവവും ടൂറിസം മേഖലയ്ക്ക് ഉണർവാകുമെന്ന് അദ്ദേഹം പറഞ്ഞു.