കിളിമാനൂർ: വീട്ടുമുറ്റത്ത് പൊട്ടിവീണ ഇലക്ട്രിക് ലൈനിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥിക്കും രക്ഷിക്കാൻ ശ്രമിച്ച അമ്മൂമ്മയ്ക്കും പരിക്കേറ്റു. അടയമൺ ചിന്താണികോണം വിഷ്ണു വിലാസത്തിൽ മധുവിന്റെ മകൻ വൈശാഖ് (13), അമ്മൂമ്മ പത്മാക്ഷി അമ്മ (70) എന്നിവർക്കാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ വൈശാഖിനെ ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അമ്മൂമ്മയ്ക്ക് നിസാര പരിക്കാണ്. കിളിമാനൂർ ആർ.ആർ.വി.ബി.വി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ് വൈശാഖ്.
ഇന്നലെ വൈകിട്ടാണ് അപകടം നടന്നത്. സ്കൂൾ വിട്ടുവന്ന വൈശാഖ് വീട്ടിൽ കയറിയശേഷം പുറത്തിറങ്ങി മുറ്റത്തെ ജാമ്പ മരത്തിൽ തൊട്ടപ്പോഴാണ് അരികിൽ പൊട്ടിവീണു കിടന്ന വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റത്. പിതാവ് മധു വയ്യാറ്റിൻകരയിലെ കച്ചവടക്കാരനാണ്. ഉച്ചയ്ക്ക് 2 മണിയോടെ വൈശാഖിന്റെ അമ്മ സിന്ധു വീട്ടിൽ നിന്ന് മധുവിന്റെ കടയിലേക്ക് പോയിരുന്നു. വീട്ടിൽ അമ്മൂമ്മ മാത്രമാണ് ഉണ്ടായിരുന്നത്. ഷോക്കേറ്റ് തറയിൽ കിടന്ന് പിടയുന്നതുകണ്ട പത്മാക്ഷിഅമ്മ വൈശാഖിനെ രക്ഷിക്കാൻ ഓടിയെത്തി. പത്മാക്ഷിയമ്മയും ഷോക്കേറ്റ് അകലേക്ക് തെറിച്ചുവീഴുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികൾ പോസ്റ്രിലെ ഫ്യൂസ് ഉൗരി വൈദ്യുതി വിച്ഛേദിച്ച് വൈശാഖിനെ രക്ഷിച്ച് പ്രാഥമിക ശുശ്രൂഷ നൽകിയെങ്കിലും ഷോക്കിന്റെ ആഘാതത്തിൽ നിന്ന് മോചിതനായിരുന്നില്ല- ഓടുകയും കല്ലെറിയുകയുമൊക്കെ ചെയ്തു. തുടർന്ന് വൈശാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അമ്മൂമ്മയ്ക്ക് വീഴ്ചയുടെ അസ്വസ്ഥതകളുണ്ടെങ്കിലും ആശുപത്രിയിൽ പ്രവേശിപ്പിച്ചില്ല.