shilpa

തിരുവനന്തപുരം: ഇത്തിരിപ്പോന്നൊരു പെൺകുട്ടി വെടിയുണ്ടയായി ചീറിവരുന്നത് കണ്ട് തോക്കുംപിടിച്ചുനിന്ന പാറാവുകാർ ഒന്നു പകച്ചു. 'കെ.എസ്.യു,​ കെ.എസ്.യു' എന്ന് തൊണ്ടകീറിയുള്ള വിളികേട്ട് മാദ്ധ്യമ പ്രവർത്തകർ കൗതുകം പൂണ്ടു. അതീവ സുരക്ഷാ മേഖലയായ സെക്രട്ടേറിയറ്റിനുള്ളിലേക്കാണ് മതിൽ ചാടിക്കടന്ന് കെ.എസ്.യു സംസ്ഥാന സെക്രട്ടറി അഡ്വ. സി. ശില്പ പാഞ്ഞെത്തിയത്. യൂണിവേഴ്സിറ്റി കോളേജിൽ നടന്ന വധശ്രമവും മറ്റ് അനിഷ്ടസംഭവങ്ങളും സംബന്ധിച്ച് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നിൽ കെ.എസ്.യു നടത്തുന്ന നിരാഹാര സമരത്തിന്റെ പന്തലിൽനിന്നാണ് നാല് ആൺകുട്ടികൾക്കൊപ്പം ശില്പയും മതിൽചാടിക്കടന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കവാടത്തിനരികിലെത്തിയത്. ശില്പയെ അറസ്റ്റ് ചെയ്തുമാറ്റാൻ ഒട്ടൊന്നുമല്ല തടിമിടുക്കുള്ള വനിതാ പൊലീസുകാർ പണിപ്പെട്ടത്.

കെ.എസ്.യു സംസ്ഥാന കമ്മിറ്റിയുടെ പ്രിയദർശിനി വിഭാഗത്തിന്റെ ചുമതലക്കാരി കൂടിയായ ശില്പ തൃശൂർ അരിമ്പൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാർഡ് മെമ്പറാണ്. കെ.എസ്.യുവിന്റെ സമരമുഖങ്ങളിൽ പ്രധാനിയാണ് അരിമ്പൂർ ചങ്കരം കണ്ടത്ത് ഐനാത്ത് വീട്ടിൽ പരമേശ്വരന്റെയും ഓമനയുടെയും ഏകമകൾ ഇരുപത്തിയഞ്ചുകാരി ശില്പ. അച്ഛൻ ആട്ടോറിക്ഷാ ഡ്രൈവറാണ്. മാതാവ് വീട്ടമ്മയും. അരിമ്പൂർ എച്ച്.എസിൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ ശില്പ സെന്റ് അലോഷ്യസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് ടു പഠനം കഴിഞ്ഞ് തൃപ്രയാർ എസ്.എൻ കോളേജിലെത്തിയപ്പോഴാണ്‌ കെ.എസ്.യുവിന്റെ പ്രവർത്തകയായത്. തൃശൂർ സർക്കാർ ലാ കോളേജിലെത്തിയപ്പോൾ യൂണിറ്റ് കമ്മിറ്റി അംഗവും പ്രിയദർശിനി ഫോറത്തിന്റെ യൂണിറ്റ് ചെയർപേഴ്സണുമായി.

സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്‌.യു വനിത നിയോജക മണ്ഡലം (മണലൂർ) പ്രസിഡന്റാണ്‌ ശില്പ. സംഘടനാ തിരഞ്ഞെടുപ്പിൽ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടെങ്കിലും പ്രവർത്തന മികവിന്റെ അടിസ്ഥാനത്തിൽ എൻ.എസ്.യു നേതൃത്വവും കെ.എസ്.യു സംസ്ഥാന നേതൃത്വവും ചേർന്ന് സംസ്ഥാന സെക്രട്ടറിയായി നിയമിച്ചു. 2018ൽ അഭിഭാഷകയായി എൻറോൾ ചെയ്ത് തൃശൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വേദിയിലേക്ക് ഓടിക്കയറി പ്രതിഷേധിച്ചതിനും ശില്പ കഴിഞ്ഞ വർഷം അറസ്റ്റിലായിരുന്നു.