vavubali

വർക്കല: പാപനാശത്തെ കർക്കടകവാവ് ബലി തർപ്പണത്തോടനുബന്ധിച്ച് വർക്കല താലൂക്കിലെ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരുടെയും മറ്റു ബന്ധപ്പെട്ട ഭാരവാഹികളുടെയും യോഗം വർക്കല ഗവ. ഗസ്റ്റ് ഹൗസിൽ വി. ജോയി എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ നടന്നു. ഓരോ വകുപ്പുകളും സ്വീകരിക്കേണ്ട നടപടികളെ സംബന്ധിച്ച് ചർച്ച ചെയ്തു. ഇത്തവണയും ഹരിതചട്ടം ഏർപ്പെടുത്തും. ശുചീകരിച്ച ജനാർദ്ദനസ്വാമിക്ഷേത്രം ചക്രതീർത്ഥക്കുളം ഭക്തജനങ്ങൾക്കായി പൂർണമായും തുറന്നുകൊടുക്കുമെന്ന് എം.എൽ.എ പറഞ്ഞു. പാപനാശത്തും കുളത്തിലുമായി 44 ലൈഫ് ഗാർഡുകളെ നിയോഗിക്കുന്നതോടൊപ്പം ഫയർഫോഴ്സിന്റെ സ്കൂബ ടീമും ഉണ്ടാകും. വടം കെട്ടിത്തിരിച്ച് സുരക്ഷ ഒരുക്കുന്ന തീരത്തേക്ക് കടന്നുപോകാൻ 4 ആംബുലൻസുകൾക്ക് അനുമതി നൽകും. കുളത്തിനും റോഡിനും മദ്ധ്യേ അപകടാവസ്ഥയിലുളള കിണറിനു സമീപം ബാരിക്കേഡ് നിർമ്മിച്ച് സുരക്ഷ ഒരുക്കും. 650 ഓളം പൊലീസുകാരെ നിയോഗിക്കും. കെ.എസ്.ആർ.ടി.സി വിവിധ ഡിപ്പോകളിൽ നിന്നായി 700 സ്പെഷ്യൽ സർവീസുകൾ നടത്തും. 40 താത്കാലിക ടോയ്ലറ്റുകളും കുടിവെള്ളത്തിനായി 5000 ലിറ്ററിന്റെ 15 ടാങ്കുകളും സ്ഥാപിക്കും. മോട്ടോർ വാഹന വകുപ്പിന്റെ 4 സ്ക്വാഡുകൾ ഉണ്ടായിരിക്കും. വൈദ്യുതിയും കുറ്റമറ്റരീതിയിൽ കാര്യക്ഷമമാക്കും. പാർക്കിംഗിന് പ്രത്യേക സൗകര്യം ഒരുക്കും. ജില്ലാകളക്ടർ കെ. ഗോപാലകൃഷ്ണൻ, സബ് കളക്ടർ ഇമ്പശേഖർ, വർക്കല തഹസിൽദാർ എ. വിജയൻ, നഗരസഭ ചെയർപേഴ്സൺ ബിന്ദു ഹരിദാസ്, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.