നെടുമങ്ങാട് : വഴി വീതി കൂട്ടാൻ വസ്തു വിട്ടുകൊടുത്തില്ലെന്ന് ആരോപിച്ച് അയൽവാസിയായ വീട്ടമ്മയെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്ത കേസിൽ കരുപ്പൂര് കണ്ണാറംകോട് കല്ലുവിളാകത്തു വീട്ടിൽ എസ്.ഷാനവാസി (35) നെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. കല്ലുവിളാകത്തു വീട്ടിൽ 66 കാരിയായ വിമലയുടെ വീട്ടിൽ വെട്ടുകത്തിയുമായി അതിക്രമിച്ചു കയറി ദേഹോപദ്രവം ഏൽപ്പിച്ചെന്നാണ് കേസ്. പണം തട്ടിയെടുക്കൽ, അടിപിടി, കിട്നാപ്പിംഗ്, ചീറ്റിംഗ് തുടങ്ങി നിരവധി കേസുകളിലും എറണാകുളം വടക്കൻ പറവൂരിൽ അഭിഭാഷകനെ തട്ടിക്കൊണ്ടുപോയി സ്വത്ത് അപഹരിച്ച കേസിലും പ്രതിയാണ് ഷാനവാസ്. നെടുമങ്ങാട് പൊലീസ് ഐ.എസ്.എച്ച്.ഒ വി. രാജേഷ് കുമാർ, എസ്.ഐ ശ്രീകുമാർ, സി.പി.ഒ മാരായ ബിജു, സനൽരാജ്, അലക്സ്, ശ്രീകാന്ത് എന്നിവരാണ് പ്രതിയെ അറസ്റ്റുചെയ്തത്.