തിരുവനന്തപുരം : വിദ്യാർത്ഥി സംഘർഷത്തെ തുടർന്ന് അടച്ച യൂണിവേഴ്സിറ്റി കോളേജ് തിങ്കളാഴ്ച തുറക്കും. കോളേജ് തുറക്കുന്നതിന് മുമ്പ് പുതിയ പ്രിൻസിപ്പൽ സി.സി. ബാബു ചാർജെടുക്കും. പൊലീസ് കാവലിൽ ആയിരിക്കും ക്ലാസ്.
കാമ്പസിലെ എസ്.എഫ്.ഐയുടെ ബാനറുകളും പോസ്റ്ററുകളും ചുവരെഴുത്തുകളും കൊടിമരവും നീക്കിയിട്ടുണ്ട്. കഴിഞ്ഞ വെള്ളിയാഴ്‌ചത്തെ സംഘർഷത്തിനു ശേഷം കോളേജിൽ അദ്ധ്യയനം നടന്നിട്ടില്ല. പ്രശ്‌നങ്ങളുടെ കേന്ദ്രമായിരുന്ന യൂണിയൻ റൂം ക്ലാസ് റൂമാക്കി മാറ്റി.
അദ്ധ്യാപകരും വിദ്യാർത്ഥികളുമല്ലാത്തവർക്ക് കോളേജിൽ പ്രവേശനത്തിന് നിയന്ത്രണമുണ്ട്. അദ്ധ്യാപകരും വിദ്യാർത്ഥികളുമടങ്ങുന്ന പ്രത്യേക കമ്മിറ്റികൾ എല്ലാ ഡിപ്പാർട്ട്‌മെന്റിലും രൂപീകരിക്കും. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ യൂണിവേഴ്സിറ്റി കോളേജിൽ സമഗ്ര പരിഷ്‌കരണത്തിന് കഴിഞ്ഞ ദിവസം ചേർന്ന കൊളീജിയറ്റ് എഡ്യൂക്കേഷൻ ഡയറക്ടറേറ്റ് യോഗം തീരുമാനിച്ചിരുന്നു.