babu

തിരുവനന്തപുരം: വിദ്യാർത്ഥിക്ക് കാമ്പസിൽ കുത്തേറ്റ സാഹചര്യത്തിൽ യൂണിവേഴ്സിറ്റി കോളേജ് പ്രിൻസിപ്പൽ കെ. വിശ്വംഭരനെ സ്ഥലംമാറ്റി. തൃശൂർ ഗവ. കോളേജ് പ്രിൻസിപ്പൽ ഡോ. സി.സി. ബാബുവാണ് പുതിയ പ്രിൻസിപ്പൽ. മറ്റ് അഞ്ച് ഗവ. കോളേജുകളിലെ പ്രിൻസിപ്പൽമാരെയും മാറ്റിയിട്ടുണ്ട്.

കോടഞ്ചേരി ഗവ. കോളേജിൽ നിന്ന് ഡോ. എം. ജ്യോതിരാജിനെ പട്ടാമ്പി എസ്.എൻ.ജി.എസ് കോളേജ് പ്രിൻസിപ്പലാക്കി. തവനൂർ ഗവ. കോളേജിൽ നിന്ന് ഡോ. എം.കെ. മുരളീധരൻ നായരെ തലശേരി ബ്രണ്ണൻ കോളേജ് പ്രിൻസിപ്പലാക്കി. മങ്കട ഗവ. കോളേജ് പ്രിൻസിപ്പലായ ഡോ. എൻ. വീരമണികണ്ഠനെ ചിറ്റൂർ ഗവ. കോളേജിലും കൊഴിഞ്ഞമ്പാറ ഗവ. കോളേജിൽ നിന്ന് ഡോ. കെ. മണിയെ പാലക്കാട് വിക്ടോറിയ കോളേജിലും ഒല്ലൂർ ഗവ. കോളേജിൽ നിന്ന് ഡോ. കെ. ജയകുമാറിനെ എറണാകുളം മഹാരാജാസിലും പ്രിൻസിപ്പൽമാരാക്കി. ഇവരെല്ലാം സ്പെഷ്യൽ ഗ്രേഡ് പ്രിൻസിപ്പൽമാരാണ്.

കോളേജ് വിദ്യാഭ്യാസ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, സ്പെഷ്യൽ ഗ്രേഡ് കോളേജുകളിൽ മുതിർന്ന പ്രിൻസിപ്പൽമാരെ സ്ഥാനക്കയറ്റത്തോടെ നിയമിക്കുകയാണ് ചെയ്തതെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഏറെക്കാലമായി തടസപ്പെട്ടിരുന്ന വകുപ്പുതല സ്ഥാനക്കയറ്റ സമിതി യോഗം ചേർന്ന് അംഗീകരിച്ച പട്ടികയിൽ മന്ത്രി കെ.ടി. ജലീൽ ഇന്നലെ ഒപ്പുവയ്ക്കുകയായിരുന്നു. ഉത്തരവ് ഇന്നലെത്തന്നെ പുറത്തിറക്കി.