ramesh-chennithala-2

തിരുവനന്തപുരം: പി.എസ്.സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഉയർന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പി.എസ്.സി പരീക്ഷയെക്കുറിച്ച് ഇത്രയും ഗുരുതരമായ ആരോപണം വരുന്നത് ആദ്യമാണ്. മദ്ധ്യപ്രദേശിലെ വ്യാപം അഴിമതി ആരോപണത്തിന് സമാനമാണ് ഇത്. ഇക്കാര്യത്തിൽ ആഭ്യന്തര വിജിലൻസിന്റെ അന്വേഷണം തൃപ്തികരമാവില്ലെന്നും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.

പി.എസ്.സി ചെയർമാനെയും സർവകലാശാല വൈസ് ചാൻസലറെയും മാറ്റണം. സർവകലാശാലയിൽ ശുദ്ധികലശം നടത്തണം. ആഭ്യന്തരവകുപ്പ് ഭരിക്കാൻ യോഗ്യനല്ലെന്ന് പിണറായി വിജയൻ തെളിയിച്ചുകഴിഞ്ഞു. ശബരിമല വിഷയത്തിൽ ആർ.എസ്.എസിന് പൊലീസിൽ നിന്ന് വിവരം ചോർത്തി നൽകിയെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. എങ്കിൽ വിവരങ്ങൾ ചോർത്തിയ ഉദ്യോഗസ്ഥർ ആരെന്നും അവർക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്നും വ്യക്തമാക്കണം. ആഭ്യന്തരവകുപ്പ് ഭരിക്കാൻ അശക്തനാണെന്ന് തെളിയിച്ച സാഹചര്യത്തിൽ പിണറായി മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കണം.