ചിറയിൻകീഴ്: കാഴ്ചയുടെ വിസ്മയമൊരുക്കി പെരുമാതുറ, താഴംപള്ളി ഭൂപ്രദേശങ്ങളും പെരുമാതുറ-താഴംപളളി പാലവും സഞ്ചാരികളെ ആകർഷിക്കുമ്പോഴും ഇവിടെ എത്തി കഴിഞ്ഞാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്തത് സഞ്ചാരികളെ വലയ്ക്കുന്നു. ഇരുകരകളായി കഴിഞ്ഞിരുന്ന പെരുമാതുറയെയും താഴംപളളിയേയും ബന്ധിപ്പിച്ചു കൊണ്ട് 259 മീറ്റർ നീളത്തിൽ പാലം വന്നതോടെയാണ് ഇവിടേക്കുള്ള ജനങ്ങളുടെ വരവിന് ആക്കം കൂടിയത്. വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും മുതലപ്പൊഴിയിലെ പെരുമാതുറ- താഴംപള്ളി എന്നീ ബീച്ചുകളിൽ നല്ല തിരക്കാണ് അനുഭവപ്പെടുന്നത്.
ലൈഫ് ഗാർഡിന്റ സേവനം ഉണ്ടെങ്കിലും ഇവിടെ എത്തുന്നവരുടെ ബാഹുല്യത്തിന് അനുസരിച്ചില്ല. പാർക്കിംഗ് ഏരിയാ, ഗതാഗത സൗകര്യം അടക്കമുള്ള വികസന പ്രവർത്തനങ്ങൾ ഇപ്പോഴും ഇവിടെ അപര്യാപ്തമാണ്. ഇവയിൽ പലതും അണിയറയിലാണെന്നും അധികം താമസിക്കാതെ യാഥാർത്ഥ്യമാകുമെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. കടലിൽ 12 നോട്ടിക്കൽ മൈലിന് അപ്പുറത്തുനിന്നും കാണുവാൻ സാധിക്കുന്ന അപൂർവം പാലങ്ങളിലൊന്നെന്ന സവിശേഷത കൂടി പെരുമാതുറ പാലത്തിന് അവകാശപ്പെടാം. മുതലപ്പൊഴി മത്സ്യ ബന്ധന ഹാർബർ കൂടി യാഥാർത്ഥ്യമാകുമ്പോൾ ഇവിടുത്തെ തിരക്ക് ഇനിയും വർദ്ധിക്കും. സഞ്ചാരികൾ ഇവിടെത്തെ ഭൂപ്രദേശത്തിന് കൊടുത്തിരിക്കുന്ന പ്രാധാന്യം പോലും അധികൃതരുടെ മെല്ലെപ്പോക്ക് നയം കാണുമ്പോൾ അവർ കൊടുക്കുന്നില്ലയെന്ന് വേണം കരുതാൻ.