നെടുമങ്ങാട്: പോറ്റമ്മയെ പൊലീസ് വാഹനത്തിൽ യാത്രയാക്കാൻ അവർ എല്ലാവരും എത്തിയിരുന്നു. പൊലീസിന്റെ വിരട്ടലൊന്നും ഇവരെ ഏശിയില്ല. കുരച്ചും മുറുകിയും നിരനിരയായി ഒന്നിന് പിറകെ ഒന്നായി അവർ ശാരദയെ പിന്തുടർന്നു. വാഹനത്തിൽ കയറും മുമ്പ് ഏറ്റവും മുന്നിലെത്തിയ നായയുടെ മൂർദ്ധാവിൽ തലോടി ശാരദ പറഞ്ഞു ; ''ആശുപത്രീന്ന് ഞാൻ വരട്ടെ, നമുക്ക് ബിരിയാണി ഉണ്ടാക്കാം". നന്ദി പ്രകടിപ്പിച്ച് നായ്ക്കൂട്ടം ഒരുമിച്ച് വാലിളക്കി. ശാരദയുമായി പൊലീസ് ജീപ്പ് കാഴ്ചയിൽ നിന്ന് മറഞ്ഞിട്ടും അവറ്റകൾ അവിടെ നിന്ന് പോകാൻ കൂട്ടാക്കിയില്ല. അമ്പത്തേഴുകാരിയായ ശാരദയും തെരുവുനായ്ക്കളും തമ്മിലുള്ള ഈ ആത്മസൗഹൃദം നെടുമങ്ങാടുകാർക്ക് സുപരിചിതമാണ്. വെള്ളനാട് സ്വദേശിനിയായ ശാരദ കാൽനൂറ്റാണ്ടിലേറെയായി നഗരത്തിലെ സ്ഥിരംസാന്നിദ്ധ്യമാണ്. തെരുവു നായ്ക്കളെ മക്കളെ പോലെ പാലും മുട്ടയും ഭക്ഷണവും നൽകി പരിപാലിക്കുന്നതാണ് ഇവരുടെ ഹോബി. അമ്പതോളം തെരുവ്നായ്ക്കളുണ്ട് ഇവർക്കൊപ്പം. ആക്രി പെറുക്കി കിട്ടുന്ന വരുമാനമാണ് സ്വന്തം വയറിന്റെയും തെരുവ് ന്‌യാക്കളുടെയും വിശപ്പകറ്റുന്നത്. നായ്ക്കളുടെ ഇടയിലിരുന്ന് ഭക്ഷണം കഴിച്ച് അവയ്ക്കൊപ്പം അന്തിയുറങ്ങും. ബന്ധുക്കളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങിയ ഇവർക്ക് വർഷങ്ങളായി കാവൽ ഈ തെരുവ് നായ്ക്കൂട്ടമാണ്. ശാരദയോട് വഴക്കിടാൻ ആരായാലും ഒന്നറയ്ക്കും. പലർക്കുമുണ്ട് അനുഭവങ്ങൾ. രണ്ടുമാസം മുമ്പ് രാത്രി ഓട്ടോ ഇടിച്ച് കാലുകൾക്ക് പരിക്കേറ്റ ശാരദ റോഡിൽ ഇഴഞ്ഞ് ആക്രി പെറുക്കുന്ന കാഴ്ച ആരുടേയും മനസലിയിക്കുന്നതായിരുന്നു. രക്ഷപ്പെടുത്താൻ പലരും മുന്നോട്ടുവന്നെങ്കിലും ശാരദ അവർക്കൊപ്പം പോയില്ല. കിടപ്പിലായതോടെ ചുറ്റും നായ്ക്കൾ മാത്രമായി. റോഡിലൂടെ ഇഴഞ്ഞു നീങ്ങുന്ന ചിത്രം സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രചരിച്ചതോടെ ''ഹോപ്പ് ചാരിറ്റി'' എന്ന മനുഷ്യാവകാശ സംഘടന രംഗത്തെത്തി. നെടുമങ്ങാട് സി.ഐ. രാജേഷിന്റെ സഹായത്തോടെ പ്രവർത്തകർ ഏറെ പ്രയത്നിച്ചാണ് ശാരദയെ ആശുപത്രിയിലേയ്ക്ക് മാറ്റിയത്. തന്റെ ജീവനായ നായകൾക്ക് ഇനി ആര് ഭക്ഷണം നൽകുമെന്ന ചോദ്യത്തിന് തങ്ങൾ നൽകാമെന്ന പൊലീസിന്റെ ഉറപ്പിലാണ് ആശുപത്രിയിൽ പോകാൻ ശാരദ തയാറായത്. ഹോപ്പ് ചാരിറ്റി പ്രവർത്തകരായ വിപിൻ, അജിത് എന്നിവർ നേതൃത്വം നൽകി. ആരോഗ്യ സ്ഥിതി മെച്ചപ്പെടുമ്പോൾ തുടർചികത്സയ്ക്കും മറ്റ് പരിചരണങ്ങൾക്കും വേണ്ട സഹായം നൽകുമെന്ന് പ്രവർത്തകർ അറിയിച്ചു.