തിരുവനന്തപുരം: കവി വി. മധുസൂദനൻ നായരുടെ നേതൃത്വത്തിലുള്ള മലയാളം പള്ളിക്കൂടത്തിൽ ചിങ്ങത്തിൽ ആരംഭിക്കുന്ന ആറാം അദ്ധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. അക്ഷരക്കളരി, ഭാഷാപഠനക്കളരി, സാഹിത്യക്കളരി ക്ലാസുകളിലേക്ക് അഞ്ച് വയസ് മുതലുള്ള കുട്ടികൾക്ക് അപേക്ഷിക്കാം. തൈക്കാട് ഗവ. മോഡൽ എച്ച്.എസ്.എൽ.പി സ്‌കൂളിൽ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് ക്ലാസുകൾ. പത്ത് വയസിന് മുകളിലുള്ള കുട്ടികൾക്ക് ഈ വർഷം മുതൽ പാഠ്യേതര വിഷയങ്ങൾക്കായി തട്ടകം എന്ന പേരിൽ പുതിയൊരു വിഭാഗം കൂടിയുണ്ട്. സാഹിത്യക്കളരിയിലേക്കും തട്ടകത്തിലേക്കും പരീക്ഷ വഴിയായിരിക്കും പ്രവേശനം. അഞ്ച് വർഷമായി തലസ്ഥാനത്ത് പ്രവർത്തിക്കുന്ന മലയാളം പള്ളിക്കൂടത്തിന്റെ ഉപദേശകസമിതി അംഗങ്ങൾ അടൂർ ഗോപാലകൃഷ്ണൻ, സുഗതകുമാരി, കാനായി കുഞ്ഞിരാമൻ, വിഷ്ണുനാരായണൻ നമ്പൂതിരി, ഡോ. ജോർജ് ഓണക്കൂർ, പെരുമ്പടവം ശ്രീധരൻ, പ്രഭാവർമ്മ, ഡോ. അച്യുത് ശങ്കർ, ആർട്ടിസ്റ്റ് ഭട്ടതിരി എന്നിവരാണ്. ആഗസ്റ്റ് 17വരെ ഞായറാഴ്ചകളിൽ രാവിലെ 10 മുതൽ ഉച്ച വരെ തൈക്കാട് ഗവ. മോഡൽ എൽ.പി സ്‌കൂളിലെ മലയാളം പള്ളിക്കൂടത്തിൽ പേര് രജിസ്റ്റർ ചെയ്യാം. ഫോൺ: 9188863955.