തിരുവനന്തപുരം: പുറ്റിങ്ങൽ വെടിക്കെട്ട് അപകടം അന്വേഷിച്ച ജസ്റ്റിസ് പി.എസ്. ഗോപിനാഥൻ കമ്മിഷൻ ക്ളിഫ് ഹൗസിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് അന്വേഷണ റിപ്പോർട്ട് കൈമാറി.
ജുഡിഷ്യൽ കമ്മിഷൻ റിപ്പോർട്ട് മന്ത്റിസഭ പരിഗണിക്കേണ്ടതിനാൽ ഉള്ളടക്കം വെളിപ്പെടുത്താനാകില്ലെന്നു പി.എസ്. ഗോപിനാഥൻ പറഞ്ഞു. റിപ്പോർട്ട് ഇന്നു മുഖ്യമന്ത്റി വിശദമായി പരിശോധിക്കും. 2016 ഏപ്രിൽ 10 നാണ് നാടിനെ നടുക്കിയ പരവൂർ പുറ്റിങ്ങൽ വെടിക്കെട്ട് അപകടമുണ്ടായത്. 114 പേർ മരിക്കുകയും 500 ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
തുടർന്ന് ഉമ്മൻചാണ്ടി സർക്കാർ ജുഡിഷ്യൽ അന്വേഷണം പ്രഖ്യാപിക്കുകയും ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷനെ നിയമിക്കുകയും ചെയ്തു . ആറുമാസത്തെ കാലാവധിയാണ് കമ്മിഷന് അനുവദിച്ചിരുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം കമ്മിഷൻ പ്രവർത്തനത്തിന് ആവശ്യമായ ഫണ്ടോ മറ്റു സൗകര്യങ്ങളോ അനുവദിക്കാത്ത സാഹചര്യത്തിൽ വിടുതൽ നൽകണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകി. തുടർന്ന് കൃഷ്ണൻ നായർ കമ്മിഷൻ അന്വേഷണം അവസാനിപ്പിച്ചു. അതിനുശേഷമാണ് പുതിയ കമ്മിഷനെ നിയോഗിച്ചത്.