medical-insurance

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ് ആഗസ്റ്റ് ഒന്നിന് നിലവിൽ വരും. ഓരോ കുടുംബത്തിനും വർഷം രണ്ട് ലക്ഷം രൂപയുടെ അടിസ്ഥാന ആരോഗ്യ പരിരക്ഷ വാഗ്ദാനം ചെയ്യുന്ന പദ്ധതി നടത്തിപ്പിനുള്ള ഉത്തരവ് ധനവകുപ്പ് പുറത്തിറക്കി.

പദ്ധതിയുടെ നിയന്ത്രണം ധനവകുപ്പ് നേരിട്ടായിരിക്കും. 2992.48 രൂപ വാർഷിക പ്രീമിയത്തിന് പദ്ധതിയുടെ നടത്തിപ്പ് റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനിയെയാണ് ഏല്പിച്ചിരിക്കുന്നത്.

ജൂൺ ഒന്നിന് നടപ്പാക്കാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും സാങ്കേതിക കാരണങ്ങളാൽ നീണ്ടുപോയി. .

പരിരക്ഷ ഇങ്ങനെ

 രണ്ട് ലക്ഷം രൂപയുടെ അടിസ്ഥാന പരിരക്ഷയ്ക്ക് പുറമേ, അവയവം മാറ്റിവയ്ക്കലിനും മറ്റ് ഗുരുതര രോഗങ്ങൾക്കും മൂന്ന് വർഷത്തേക്ക് ആറ് ലക്ഷം രൂപയുടെ അധിക സഹായവും ലഭിക്കും.

 ഈ രണ്ട് ആനുകൂല്യവും ചികിത്സയ്ക്ക് തികയുന്നില്ലെങ്കിൽ മൂന്ന് ലക്ഷം കൂടി കുടുംബത്തിന് അനുവദിക്കാം. അധിക ആനുകൂല്യത്തിനായി 25 കോടിയുടെ സഞ്ചിതനിധി നീക്കിവയ്ക്കും.
 സർക്കാർ ആശുപത്രികളിലും സർക്കാരുമായി കരാറുണ്ടാക്കുന്ന സ്വകാര്യ ആശുപത്രികളിലും ഗുണഭോക്താക്കൾക്ക് പണരഹിത ചികിത്സ ഉറപ്പാക്കും. 250 രൂപയാണ് ഗുണഭോക്താക്കളുടെ വാർഷിക പ്രീമിയം. ഇത് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് തിരിച്ചുപിടിക്കും.. പെൻഷൻകാരുടേത് മെഡിക്കൽ അലവൻസിൽ നിന്ന് ഈടാക്കും.
 ജീവനക്കാർക്ക് പുറമെ, അവരുടെ പങ്കാളി, ആശ്രിതരായ മാതാപിതാക്കൾ, 25 വയസ്സിൽ താഴെയുള്ളതും തൊഴിൽ രഹിതരും അവിവാഹിതരുമായ മക്കൾ എന്നിവരാണ് പദ്ധതിയുടെ ഗുണഭോക്താക്കൾ. ശാരീരികവും മാനസികവുമായി ഭിന്നശേഷിക്കാരായ മക്കൾക്ക് പ്രായപരിധിയില്ല.മരുന്ന്, ചികിത്സ, ഡോക്ടറുടേതക്കമുള്ള ഫീസ്, റൂം ചാർജ്, പരിശോധനാ നിരക്ക് തുടങ്ങിയവയ്ക്കാണ് ആനുകൂല്യം .

 നിലവിലുള്ള രോഗങ്ങൾക്കും പരിരക്ഷയ്ക്ക് അർഹതയുണ്ട്. ഔട്ട് പേഷ്യന്റ് വിഭാഗം ചികിത്സക്ക് ഇൻഷ്വറൻസ് പരിരക്ഷയില്ല. നിലവിലുള്ള മെഡിക്കൽ റീഇംബേഴ്‌സമെന്റ് സഹായം തുടർന്നും ലഭിക്കും. പ്രത്യേക ചികിത്സകൾക്ക് 24 മണിക്കൂർ കിടത്തിചികിത്സ വേണമെന്ന് നിബന്ധനയില്ല.

 പദ്ധതിയിൽ പങ്കാളികളല്ലാത്ത ആശുപത്രികളിലും അപകട ചികിത്സ നടത്താം. ഇത്തരം സാഹചര്യങ്ങളിൽ നിശ്ചിത പാക്കേജ് പ്രകാരമുള്ള തുക ആ ആശുപത്രികൾക്ക് ഇൻഷ്വറൻസ് കമ്പനി മടക്കിനല്കും.
 സർക്കാർ ജീവനക്കാർ, എയ്ഡഡ് സ്‌കൂൾ, കോളേജ് എന്നിവയിലേതടക്കമുള്ള അദ്ധ്യാപകർ, അനദ്ധ്യാപകർ, തദ്ദേശ സ്ഥാപനങ്ങളിലെയും സർക്കാരിന്റെ ഗ്രാൻഡ് ലഭിക്കുന്ന സർവകലാശാലകളിലെയും ജീവനക്കാർ, പാർട്ട് ടൈം ജീവനക്കാർ തുടങ്ങിയവർക്കാണ് പദ്ധതിയുടെ പ്രയോജനം. മുഖ്യമന്ത്രി, മന്ത്രിമാർ, പ്രതിപക്ഷ നേതാവ്, ചീഫ് വിപ്പ്, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, ധനകാര്യ കമ്മിറ്റി അദ്ധ്യക്ഷൻ എന്നിവരുടെ പേഴ്‌സണൽ സ്റ്റാഫിനെയും പദ്ധതിയിൽ ഗുണഭോക്താക്കളാക്കും.