dhoni-pant
dhoni pant

# മഹേന്ദ്രസിംഗ് ധോണി ഉടനടി വിരമിക്കില്ലെന്ന് സൂചനകൾ

# ടീമിൽ തുടരുമെങ്കിലും പ്രഥമ വിക്കറ്റ് കീപ്പർ ഋഷഭ് പന്തായിരിക്കും

# പന്ത് വിക്കറ്റ് കീപ്പിംഗിൽ കരുത്തു നേടുമ്പോൾ ധോണി വിരമിക്കും

# തത്‌കാലം വിൻഡീസ് പര്യടനത്തിൽ ടീമിലുണ്ടായേക്കില്ല

മുംബയ് : 2011ൽ ഇന്ത്യയെ ലോകകപ്പ് ജേതാക്കളാക്കിയ നായകൻ മഹേന്ദ്രസിംഗ് ധോണി ഉടനടി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കില്ലെന്ന് സൂചനകൾ. ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന അഭ്യൂഹങ്ങളെ തള്ളിക്കളഞ്ഞ് ബി.സി.സി.ഐയിലെ ഒരു പ്രധാനിയാണ് പുതിയ സാദ്ധ്യതകളെക്കുറിച്ച് സൂചന നൽകിയത്.

ധോണി ഉടനെ വിരമിക്കില്ലെങ്കിലും വിക്കറ്റ് കീപ്പർ എന്നതിലുപരി മാർഗ്ഗ നിർദ്ദേശം നൽകി യുവതാരങ്ങളെ പ്രചോദിപ്പിക്കാൻ കഴിയുന്ന സീനിയർ ബാറ്റ്‌സ്‌മാൻ എന്ന രീതിയിലായിരിക്കും ടീമിലുണ്ടാവുക.

യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനെ മികച്ച വിക്കറ്റ് കീപ്പറാക്കി വളർത്തിയെടുക്കുക എന്നതാകും ധോണിയുടെ പ്രധാന ഉത്തരവാദിത്വം. പന്ത് പാകമാകുമ്പോൾ ധോണിക്ക് ടീമിൽ വിടവ് സൃഷ്ടിക്കാനാകാതെ വിരമിക്കാൻ കഴിയും എന്നതാണ് ഈ ഫോർമുലയുടെ പ്രയോജനം. ധോണിയും ഇതിനോട് താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോർട്ടുകൾ.

2020ലെ ട്വന്റി - 20 ലോകകപ്പ് വരെ ധോണി ടീമിനൊപ്പം തുടരണമെന്നതാണ് ബി.സി.സി.ഐയിലെ ഭൂരിപക്ഷം പേരുടെയും അഭിപ്രായം. 15 അംഗ ടീമിൽ മാത്രം ധോണി മതിയെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ പ്ളേയിംഗ് ഇലവനിലെടുക്കാമെന്നും അഭിപ്രായമുണ്ട്.

കാർത്തികിന് ചാൻസില്ല

പ്രായം 34 കഴിഞ്ഞ വിക്കറ്റ് കീപ്പർ ദിനേഷ് കാർത്തികിനെ ധോണിക്ക് പകരക്കാരനായി ഏകദിനങ്ങളിൽ നിയോഗിക്കാൻ സാദ്ധ്യതയില്ലെന്നാണ് വിലയിരുത്തൽ. ലോകകപ്പിൽ കാർത്തികിനെയാണ് രണ്ടാം വിക്കറ്റ് കീപ്പറായി 15 അംഗ ടീമിൽ ഉൾപ്പെടുത്തിയിരുന്നത്. ധവാനും വിജയ് ശങ്കറിനും പരിക്കേറ്റതിനാൽ ഗ്രൂപ്പ് റൗണ്ടിൽ ചില മത്സരങ്ങളിൽ ബാറ്റ്‌സ്‌മാനായും അവസരം ലഭിച്ചിരുന്നു. ഇതൊന്നും പ്രയോജനപ്പെടുത്താൻ കാർത്തികിന് കഴിഞ്ഞിരുന്നില്ല.

പന്തിന്റെ പ്ളസ് പ്രായം

പ്രായക്കുറവാണ് ഋഷഭ് പന്തിന്റെ പ്ളസ് പോയിന്റ്. വരുന്ന ഒക്ടോബറിൽ 22 വയസ് തികയുന്നതേയുള്ളൂ. പാകപ്പെടുത്തിയെടുക്കാൻ പറ്റിയ പ്രായം. മികച്ച കീപ്പറായി മാറിയാൽ ഏറെനാൾ ഉപയോഗപ്പെടുത്താം. വെടിക്കെട്ട് ബാറ്റ്സ്‌മാനാണെങ്കിലും വിക്കറ്റ് കീപ്പിംഗിലും ഫീൽഡിംഗിലും പന്തിന് അത്ര മികവ് പുലർത്താൻ കഴിയുന്നില്ലെന്ന പ്രശ്നം പരിഹരിച്ച് 2020 ട്വന്റി - 20 ലോകകപ്പിൽ ഒന്നാം ചോയ്സ് വിക്കറ്റ് കീപ്പറാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

ധോണിയും ഐ.പി.എല്ലും

അടുത്ത ഒരു സീസണിലേക്ക് കൂടി ഐ.പി.എൽ ക്ളബ് ചെന്നൈ സൂപ്പർ കിംഗ്സുമായി ധോണിക്ക് കരാറുണ്ട്. ഈ കരാർ പൂർത്തിയാകുന്നതുവരെ ധോണി അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കാനിടയില്ലെന്നാണ് സൂചന. 2018 ലാണ് ധോണി ചെന്നൈ സൂപ്പർ കിംഗ്സുമായി മൂന്നു വർഷത്തെ കരാർ ഒപ്പിട്ടത്. കരാർ കാലാവധി പൂർത്തിയാകുംവരെ ഇന്ത്യൻ താരമായി തുടരാൻ ധോണിക്ക് മേൽ ചെന്നൈ ക്ളബ് ഉടമകളുടെ സമ്മർദ്ദവും ഉണ്ടത്രേ.

കോച്ചിനെ തിരഞ്ഞെടുക്കാൻ കപിലും കൂട്ടരും

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിംഗ് സ്റ്റാഫുകളെ തിരഞ്ഞെടുക്കാൻ സുപ്രീംകോടതി നിയോഗിച്ച ബി.സി.സി.ഐ താത്കാലിക ഭരണ സമിതി മുൻ ഇന്ത്യ, താരം കപിൽദേവിന്റെ നേതൃത്വത്തിലുള്ള താത്കാലിക ക്രിക്കറ്റ് ഉപദേശക സമിതിയെ നിയോഗിച്ചു. അംശുമാൻ ഗേയ്ക്ക് വാദ്, ശാന്താ രംഗസ്വാമി എന്നിവരാണ് കപിലിനൊപ്പമുള്ളത്. നേരത്തേ വനിതാ ടീമിന്റെ പരിശീലകനെ കണ്ടെത്തിയതും ഈ താത്കാലിക സമിതിയായിരുന്നു.

സച്ചിൻ ടെൻഡുൽക്കർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയിരുന്ന ക്രിക്കറ്റ് അഡ്വൈസറി ബോർഡിൽ നിന്ന് സച്ചിനും ഗാംഗുലിയും പിൻമാറിയിരുന്നു. ലക്ഷ്മൺ ഭിന്ന താൽപര്യ പരിധിയിൽ വരുമെന്ന് അഭിപ്രായവും വന്നതോടെയാണ് താത്കാലിക ഉപദേശക സമിതിയെ വയ്ക്കേണ്ടി വന്നത്.

അതേ സമയം ബി.സി.സി.ഐ താത്കാലിക ഭരണ സമിതി അംഗമായ മുൻ ഇന്ത്യൻ വനിതാ ക്യാപ്ടൻ ഡയാന എഡുൽജി താത്കാലിക അഡ്വൈസറി ബോർഡിനെതിരെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

ടീം പ്രഖ്യാപനം നാളെ

വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനെ നാളെ പ്രഖ്യാപിക്കും.