ലണ്ടൻ : ലോകകപ്പ് ഫൈനലിൽ വിവാദ്രത്തിലായ ഓവർത്രോ ബൗണ്ടറി തനിക്ക് വേണ്ടെന്ന് ഇംഗ്ളീഷ് ബാറ്റ്സ്‌മാൻ ബെൻ സ്റ്റോക്സ് അമ്പയർമാരോട് പറഞ്ഞിരുന്നതായി വെളിപ്പെടുത്തി. ഇംഗ്ളീഷ് ടെസ്റ്റ് ടീമംഗവും സ്റ്റോക്സിന്റെ അടുത്ത സുഹൃത്തുമായ ജെയിംസ് ആൻഡേഴ്സാണ് ഇക്കാര്യം പറഞ്ഞത്.
ന്യൂസിലൻഡിന്റെ 241 റൺസ് ചേസ് ചെയ്ത് ഇംഗ്ളണ്ടിന് അവസാന ഓവറിലാണ് രണ്ടാം റൺസ് നേടിയ സ്റ്റോക്സിന്റെ ബാറ്റിൽത്തട്ടിയ പന്ത് ബൗണ്ടറിയിലെത്തി ആറ് റൺസ് (2+4) ലഭിച്ചത്. രണ്ടാം റൺസ് പൂർത്തിയാക്കാൻ സ്റ്റോക്സ് ഡൈവ് ചെയ്യുന്നതിനിടെയാണ് പന്ത് ബാറ്റിൽ തട്ടിപ്പോയത്. ഇതോടെ അമ്പയർ ആറ് റൺസ് വിധിക്കുകയായിരുന്നുണ കുമാര ധർമ്മസേനയും മരായിസ് ഇറാസ്‌മസുമായി അമ്പയർമാർ.
തങ്ങൾക്ക് നാലു റൺസ് വേണ്ടെന്ന് സ്റ്റോക്സ് അമ്പയർമാരോട് പറഞ്ഞെങ്കിലും ഐ.സി.സി നിയമം ബൗണ്ടറി നൽകാനാണ് അനുശാസിക്കുന്നതെന്നായിരുന്നു അമ്പയർമാരുടെ മറുപടിയെന്ന് ആൻഡേഴ്സൺ പറഞ്ഞു. ഡൈവിംഗ് കഴിഞ്ഞെണീറ്റപ്പോൾത്തന്നെ മനപ്പൂർവ്വമല്ല തന്റെ ബാറ്റിൽ പന്തുതട്ടിയതെന്ന് സ്റ്റോക്സ് ഇരുകൈകളും ഉയർത്തി പറഞ്ഞിരുന്നു. അപ്പോഴാണ് അമ്പയർമാർ ആറ് റൺസ് നൽകിയത്. ഫീൽഡർ എറിയുന്ന പന്ത് ബാറ്റ്സ‌്മാൻമാരുടെ ദേഹത്തോ ബാറ്റിലോ തട്ടിപ്പോയാൽ റൺസിനായി വീണ്ടും ഓടരുതെന്നാണ് നിയമം. എന്നാൽ മനപ്പൂർവ്വമല്ലാതെ ഇങ്ങനെ തട്ടുന്ന പന്ത് ബൗണ്ടറി കടന്നാൽ നാല് റൺസ് നൽകണമെന്നാണ് നിയമമെന്നും അമ്പയർമാർ സ്റ്റോക്സിനെ അറിയിച്ചുവെന്നും ആൻഡേഴ്സൺ പറഞ്ഞു.
ഈ ഓവർ ത്രോ ബൗണ്ടറിയുടെ നാണക്കേട് ജീവിതകാലം മുഴുവൻ തന്നെ പിന്തുടരുമെന്ന് മത്സരശേഷം ബെൻ സ്റ്റോക്സ് പറഞ്ഞിരുന്നു.
5 റൺസ് വാദം
അതേ സമയം ആറ് റൺസല്ല അഞ്ച് റൺസാണ് ആ ഓവർത്രോയ്ക്ക് അനുവദിക്കേണ്ടതെന്ന വാദവുമായി മുൻ ഐ.സി.സി അമ്പയർ സൈമൺ ടോഫൽ രംഗത്തെത്തിയിരുന്നു. ബാറ്റ്‌സ്‌മാൻ രണ്ടാം റൺസിനായി ഓടുന്നതിനിടെ ക്രോസ് ചെയ്യുന്നതിന് മുമ്പ് ഫീൽഡർ പന്തെറിഞ്ഞതിനാൽ രണ്ടാം റൺസ് അനുവദിക്കാനാവില്ലെന്നാണ് ടോഫൽ പറയുന്നത്.