ആര്യനാട് : മകളുടെ പഠനത്തിന് ബാങ്കുകൾ കൈയൊഴിഞ്ഞു. പക്ഷേ ലോറി ഡ്രൈവറുടെ സങ്കടത്തിന് ഒടുവിൽ ഭാഗ്യദേവതാ കടാക്ഷം. ആര്യനാട് ചെറുകുളം കട്ടയ്ക്കാൽ വീട്ടിൽ ബിജുകുമാറി (46) നാണ് വ്യാഴാഴ്ചത്തെ കാരുണ്യയുടെ ഒന്നാം സമ്മാനം വീട്ടിലെത്തിയത്.
കാരുണ്യ ലോട്ടറി ഫലം വന്നപ്പോൾ ടിപ്പർ ലോറിയുടെ ഉടമസ്ഥനായ മോഹനൻ ആണ് ആദ്യം വിളിച്ച് തനിക്ക് 8000 രൂപ സമ്മാനം ഉണ്ടെന്നും ബിജുവിന്റെ കൈവശമുള്ള ലോട്ടറി പരിശോധിക്കാനും പറഞ്ഞത്. ബിജു വീട്ടിൽ വിളിച്ചു ലോട്ടറി നോക്കാൻ പറഞ്ഞു. വീട്ടിലെത്തി ഒന്നുകൂടെ പരിശോധിച്ചപ്പോഴാണ് 8000 അല്ല 80 ലക്ഷമാണ് തനിക്ക് സമ്മാനമായി ലഭിച്ചതെന്ന് ബിജു അറിയുന്നത്. ഉടനേ രേഖകളുമായി വെള്ളനാട് സ്റ്റേറ്റ് ബാങ്കിൽ എത്തി സമ്മാനാർഹമായ ടിക്കറ്റ് നൽകി.
പഠിക്കാൻ മിടുക്കികളായ മൂത്ത മകൾ ചന്ദന എം.ബി.ബി.എസിനും, രണ്ടാമത്തെ മകൾ ഡിഗ്രിക്കും, മൂന്നാമത്തെ മകൾ നന്ദന പ്ലസ് വണ്ണിനുമാണ് പഠിക്കുന്നത്. ഭാര്യ കുശലകുമാരി അസുഖബാധിതയെങ്കിലും തൊഴിലുറപ്പിന് പോകുന്നുണ്ട്. ടിപ്പർ ഓടി കിട്ടുന്ന വരുമാനമാണ് ബിജുവിന്റെ കുടുംബത്തിന്റെ ആശ്രയം. പത്താം ക്ലാസിൽ മികച്ച വിജയമാണ് മൂന്നു മക്കളുടേതും. അതുകൊണ്ടു തന്നെ അവരുടെ ഇഷ്ടം അനുസരിച്ചു പരമാവധി വിദ്യാഭ്യാസം നൽകണമെന്ന ആഗ്രഹം. മൂത്തമകൾക്ക് മെഡിസിന് അഡ്മിഷൻ ലഭിച്ചപ്പോൾ പഠന സഹായത്തിനായി സമീപിക്കാത്ത ബാങ്കുകളില്ല. 1800 നുള്ളിൽ എം.ബി.ബി.എസ് പ്രവേശന പരീക്ഷയിൽ മെരിറ്റ് സീറ്റിലാണ് പഠനം നടത്തുന്നത്. ആകെയുള്ള ഏഴു സെന്റ് പണയപ്പെടുത്തി വീട് വച്ചു. ഇതുകൂടിയായപ്പോൾ ബാങ്ക് ലോണിന് തടസമായി. ടിപ്പർ ലോറി ഓടിച്ചു മാത്രം മക്കൾക്ക് ഉന്നത വിദ്യാഭ്യാസം നൽകാൻ കഴിയുമോ എന്നതും അവരെ നല്ല നിലയിൽ എത്തിക്കാൻ കഴിയുമോ എന്ന ആശങ്കയിലായിരുന്നു ബിജു. ഏഴു വർഷമായി സ്ഥിരമായി ലോട്ടറി എടുക്കാറുള്ള ബിജുവിന് 5000 രൂപ വരെ സമ്മാനം ലഭിച്ചിട്ടുണ്ട്.
മകളുടെ പഠനത്തിന് ബാങ്കുകൾ കൈയൊഴിഞ്ഞെങ്കിലും ഒടുവിൽ ഭാഗ്യദേവത ദുരിതമകറ്റാൻ എത്തിയത് ദൈവനിയോഗമായി ബിജു പറയുന്നു.