treasury

തിരുവനന്തപുരം: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും ട്രഷറി സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങി. വേതന വിതരണത്തിനുള്ള സ്പാർക്ക് സോഫ്റ്റ്‌വെയറിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ചാണിത്. ഇതോടെ, ശമ്പളവും പെൻഷനും അടുത്ത മാസം മുതൽ ട്രഷറി അക്കൗണ്ടുകൾ വഴി മാത്രമാവും.

ട്രഷറി സേവിംഗ്സ് അക്കൗണ്ടുകൾ തുടങ്ങിയത് സംബന്ധിച്ച അറിയിപ്പ് ജീവനക്കാർക്ക് മൊബൈൽ ഫോണിൽ എസ്.എം.എസായി ലഭിക്കും. കഴിഞ്ഞ മാസം 27ലെ സർക്കുലർ അനുസരിച്ചാണ് നടപടി. ജീവനക്കാർക്ക് സുതാര്യമായി വേതന വിതരണം നടത്തുന്നതിനെക്കാൾ അവരുടെ നിക്ഷേപം സർക്കാരിന്റെ വികസന ആവശ്യങ്ങൾക്ക് വിനിയോഗിക്കുകയും സാമ്പത്തിക വായ്പാബാദ്ധ്യതയുടെ ദുരിതം കുറയ്ക്കുകയുമാണ് ലക്ഷ്യമെന്ന് സർക്കാർ അറിയിപ്പിൽ വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധി മൂലം പെൻഷനും ശമ്പളവും വായ്പയെടുത്താണ് സർക്കാർ നൽകുന്നത്. ജീവനക്കാർ ശമ്പളവും പെൻഷനും നിക്ഷേപമായി വാണിജ്യ ബാങ്കുകളിലിട്ടാൽ സർക്കാരിന് ദൈനംദിനാവശ്യങ്ങൾക്ക് പണത്തിനായി നെട്ടോട്ടമോടേണ്ടിവരും. അല്ലെങ്കിൽ വായ്പയെടുക്കണം. ഇത് അധിക ബാദ്ധ്യതയുണ്ടാക്കും. ജീവനക്കാർ ഉപയോഗിക്കാത്ത തുക ട്രഷറി അക്കൗണ്ടിൽ തന്നെയിട്ടാൽ കുറഞ്ഞ പലിശയ്ക്ക് അത് വിനിയോഗിക്കാൻ സർക്കാരിനാകും. വായ്പയെടുക്കുന്നത് ഒഴിവാക്കുകയും ചെയ്യാം. ഇതിന് പ്രത്യുപകാരമായി ശമ്പളം രണ്ടാഴ്ചയെങ്കിലും പിൻവലിക്കാതെയിട്ടാൽ ആറ് ശതമാനം പലിശ നൽകും. ഒന്നാം തീയതി നൽകുന്ന ശമ്പളം പതിനെട്ടാം തീയതിവരെ പിൻവലിച്ചില്ലെങ്കിൽ ഇൗ നേട്ടം ലഭിക്കും. കുറച്ച് പണമെടുത്ത് ബാക്കി പതിനെട്ട് വരെ സൂക്ഷിച്ചാലും ഇൗ ആനുകൂല്യം ലഭിക്കും.

സാധാരണ വാണിജ്യബാങ്കുകളിൽ ഒരു പൂർണമാസം പണം എടുക്കാതെ സൂക്ഷിച്ചാൽ മാത്രമേ പലിശ ലഭിക്കുകയുള്ളു. അതും 3.5 ശതമാനം മാത്രം. ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ സൂക്ഷിക്കുന്ന പണത്തിന് ഇ. ട്രാൻസ്ഫർ, ഇന്റർനെറ്റ് ബാങ്ക് തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. സർക്കാർ ജീവനക്കാർക്ക് ട്രഷറി അക്കൗണ്ടിൽ പണം സൂക്ഷിക്കുന്നതിന് ഡി.ഡി.ഒയ്ക്ക് സമ്മതപത്രം നൽകിയും ചെക്ക് മൂലം നിക്ഷേപിച്ചും ഒാൺലൈൻ ട്രാൻസ്ഫർ നൽകിയും നടത്താം. ശമ്പളമോ, പെൻഷനോ അല്ലാതെ വേറൊരു പണവും ഇൗ പദ്ധതിയനുസരിച്ച് ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിക്ഷേപിക്കാനാവില്ല.