# ഇന്ത്യൻ മുൻനിര വെയ്‌റ്റ് ലിഫ്‌റ്റിംഗ് താരങ്ങൾ ഉത്തേജക മരുന്നടിക്ക് പിടിയിൽ
# പിടിയിലായവരിൽ പ്രോ വോളി ലീഗിൽ കളിച്ച താരവും
തിരുവനന്തപുരം : എന്തൊക്കെ ചെയ്താലും ഇന്ത്യൻ കായിക രംഗത്തു നിന്ന് ഉത്തേജക മരുന്ന് ഉപയോഗത്തെ തുടച്ചു നീക്കാൻ കഴിയില്ലെന്ന രീതിയിലായിരിക്കുന്നു കാര്യങ്ങൾ. കഴിഞ്ഞ ദിവസം ദേശീയ ആന്റി ഡോപ്പിംഗ് ഏജൻസി പുറത്തുവിട്ട മരുന്നടിക്കാരുടെ ലിസ്റ്റിൽ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ മെഡൽ നേടിയ യുവതാരങ്ങളെന്നതാണ് ഏറെ വിഷമകരം.
പതിവുപോലെ വെയ്‌റ്റ് ലിഫ്റ്റിംഗിലാണ് മരുന്നടിക്കാർ ഏറെയും. ഇന്ത്യൻ ഭാരോദ്വഹനവും ഉത്തേജകവും തമ്മിൽ പണ്ടേ വളരെയടുത്ത ബന്ധമാണ്. ഇതുവരെ ഏറ്റവും കൂടുതൽ ഉത്തേജകക്കേസുകൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത് വെയ്റ്റ്‌ലിഫ്‌റ്റിംഗിൽ തന്നെയാണ്. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന ലിസ്റ്റിൽ കോമൺ വെൽത്ത് ചാമ്പ്യൻഷിപ്പ് സ്വർണമെഡൽ ജേതാവ് ഹിമാംശു കുമാർ ചാംഗ്, ഏഷ്യൻ യൂത്ത് വെങ്കല മെഡൽ ജേതാവ് ലവ് പ്രീത് സിംഗ്, കോമൺവെൽത്ത് യൂത്ത് വെള്ളി മെഡൽ ജേതാവ് ലളിത ഗാര, 102 കിലോഗ്രാം വിഭാഗത്തിലെ ദേശീയ ചാമ്പ്യൻ സഹിൽശർമ്മ തുടങ്ങിയവരും ഉൾപ്പെടുന്നു. ഇതിൽ ലളിത ഗാര ഒഴികെയുള്ളവർ ഫെബ്രുവരിയിൽ വിശാഖപട്ടണത്ത് നടന്ന ദേശീയ ചാമ്പ്യൻഷിപ്പിനിടെ നടത്തിയ ടെസ്റ്റിലാണ് പരാജയപ്പെട്ടത്.
വോളിബാളിൽ ദേശീയ തലത്തിലെ മികച്ച കളിക്കാരനായ ഹരിയാനക്കാരൻ അമിത് കുമാറാണ് പിടിയിലായത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിലെ ഇന്ത്യൻ ടീമംഗമായിരുന്ന അമിത് പ്രോ വോളിലീഗിൽ ഹൈദരാബാദ് ബ്ളാക്ക് ഹാക്ക്‌സിന്റെ താരമായിരുന്നു. അറ്റാക്കറായ അമിത് അഞ്ചു മത്സരങ്ങളിൽ നിന്ന് 17 പോയിന്റുകൾ നേടിയിരുന്നു.
ഒളിമ്പിക്സിൽ തിരിച്ചടി
വെയ്‌റ്റ് ലിഫ്‌റ്റിംഗിലെ മരുന്നടിക്കാരുടെ എണ്ണം വർദ്ധിക്കുന്നത് ഇന്ത്യയുടെ ഒളിമ്പിക്സ് പങ്കാളിത്തത്തിന് തിരിച്ചടിയാകും. 2008 മുതൽ 2020 വരെയുള്ള കാലയളവിൽ 20 ലേറെ ഉത്തേജകക്കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുണ്ടെങ്കിൽ ഒരു പുരുഷ താരത്തിനും വനിതാ താരത്തിനും മാത്രം ഒളിമ്പിക്സിൽ അവസരം നൽകിയാൽ മതിയെന്നാണ് ഇന്റർനാഷണൽ വെയ്‌റ്റ്ലിഫ്‌റ്റിംഗ് ഫെഡറേഷന്റെ തീരുമാനം. 18 നും 19 നും ഇടയിലാണ് കേസുകളെങ്കിൽ രണ്ട് പേർക്ക് വീതം അവസരമുണ്ടാകും. നിലവിൽ ഇന്ത്യൻ ഈ കാറ്റഗറിയിലാണ് വരുന്നത്.