bridge

കല്ലറ: പാലത്തിനായുള്ള നാട്ടുകാരുടെ നീണ്ട കാത്തിരിപ്പിന് വിരാമായി. ചെല്ലഞ്ചി പാലത്തിന്റെയും ചിപ്പൻചിറ പാലത്തിന്റെയും ഉദ്ഘാടനം 25 ന് നടക്കും. ചിപ്പൻചിറ പാലത്തിന്റെ ഉദ്ഘാടനം വൈകിട്ട് 4നും ചെല്ലഞ്ചി പാലത്തിന്റെ ഉത്ഘാടനം വൈകിട്ട് 5നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ നിർവഹിക്കും.

നൂറ്റാണ്ടുകളായി ആറ് മുറിച്ച് കടക്കാൻ കടത്തുവള്ളത്തെ മാത്രം ആശ്രയിച്ച് കഴിഞ്ഞവരാണ് ചെല്ലഞ്ചിയിലെ നാട്ടുകാർ. 2010 ജൂലൈ മാസം അന്ന് മുഖ്യമന്ത്രിയായിരുന്ന വി.എസ്.അച്യുതാനന്ദൻ തറക്കല്ലിട്ട് ആരംഭിച്ചതാണ് ചെല്ലഞ്ചിപ്പാലം നിർമ്മാണം.

148.24 മീറ്റർ നീളമാണ് പാലത്തിനുള്ളത്. 7.50 മീറ്റർ വീതിയുള്ള നടപ്പാതകളും ഉണ്ട്. പാലത്തിന് ഇരു കരകളിലുമായി 650 മീറ്റർ അപ്രോച്ച് റോഡുമുണ്ട്. കൺസ്ട്രക്ഷൻ കോർപ്പറേഷനായിരുന്നു നിർമ്മാണ ചുമതല.
കൺസ്ട്രക്ഷൻ കോർപ്പറേഷൻ പണി യഥാസമയം ചെയ്യാത്തതിനാൽ പുനർ ദർഘാസിലൂടെ 12 കോടി രൂപയ്ക്ക് പുതിയ കരാറുകാരൻ ഏറ്റെടുത്തു. സ്ഥലമേറ്റെടുത്ത് കർഷകർക്ക് നഷ്ടപരിഹാരമായി 1.95 കോടി രൂപ നൽകി. അപ്രോച്ച് റോഡിന്റെ വികസനത്തിനായി മുതുവിള -കുടവനാട് - നന്ദിയോട് റോഡിന്റെ നവീകരണത്തിനുള്ള പ്രോജക്റ്റ് കിഫ്ബിയുടെ പരിഗണനയിലാണ്. റോഡ് സേഫ്ടി അതോറിട്ടിയുടെ റോഡ് സുരക്ഷാ മാർഗ നിർദ്ദേശങ്ങൾ ലഭിച്ചാലുടൻ പാലത്തിന്റെ ഇരു റോഡുകളിലും സുരക്ഷാഭിത്തികളും റോഡ് സേഫ്ടി മാർക്കിംഗുകളും ചെയ്യുന്നതിന് നടപടികളാരംഭിക്കും. പാലത്തിന് സമീപമുള്ള ബൈ റോഡ് ഗതാഗതയോഗ്യമാക്കുന്നതിനും അനുമതി ലഭിച്ചിട്ടുണ്ട്.

തിരുവനന്തപുരം - ചെങ്കോട്ട റോഡിൽ പാലോടിന് സമീപം ചിപ്പൻചിറയിൽ ബ്രീട്ടീഷ്കാരുടെ കാലത്ത് നി‌മ്മിച്ച പഴയ ഇരുമ്പു പാലത്തിനു പകരം അതിനു സമാന്തരമായാണ് ചിപ്പൻചിറയിൽ പുതിയ പാലം നിർമ്മിച്ചത്.

മൊത്തം 51 മീറ്റർ നീളമുണ്ട്. 7.50 മീറ്റർ ഇരുവശത്തും 1.50 മീറ്റർ വീതം വീതിയുള്ള നടപ്പാതയുമുണ്ട്. ഓപ്പൺ ഫൗണ്ടേഷൻ, കോൺക്രീറ്റ് പിയറുകൾ, ആർ.സി.സി ബീം, സ്ലാബ് എന്നിവ ചേർന്നതാണ് പാലത്തിന്റെ ഘടന. പാലത്തിന് ഇരുവശത്തും 250 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡുമുണ്ട്. സമീപപ്രദേശങ്ങളായ പാങ്ങോട്, കല്ലറ, പെരിങ്ങമ്മല നന്ദിയോട് നിവാസികൾ ഏറെ പ്രയോജനപ്രദമാണ് ഈ പാലം.