തിരുവനന്തപുരം: അപ്രതീക്ഷിതമായുണ്ടായ സാങ്കേതികത്തകരാർ അതിവേഗം പരിഹരിച്ച് ചന്ദ്രയാൻ - 2 വിക്ഷേപണത്തിന് പുതിയ തീയതിയും സമയവും കുറിച്ചു. ജൂലായ് 22ന് തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് 2.43 നാണ് വിക്ഷേപണം തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 2.51ന് വിക്ഷേപിക്കാനുള്ള ശ്രമം റോക്കറ്റിലെ ചോർച്ചയെ തുടർന്ന് അവസാനനിമിഷം മാറ്റി വയ്‌ക്കുകയായിരുന്നു.
ജി.എസ്.എൽ.വി മാർക്ക് 3 റോക്കറ്റിലെ മൂന്നാം ഘട്ടമായ ക്രയോജനിക് എൻജിനുമായി ഘടിപ്പിച്ച അറയിലാണ് ചന്ദ്രയാൻ പേടകം. ഇൗ അറയിലെ മർദ്ദം നിലനിറുത്താൻ ചെറിയ സിലിണ്ടറിൽ ഹീലിയം വാതകമുണ്ട്. ഇൗ അറയുടെ തൊട്ടുതാഴെയാണ് ക്രയോജനിക് ഇന്ധനം. ശീതീകരിച്ച ഒാക്സിജൻ, ഹൈഡ്രജൻ ദ്രാവകങ്ങളാണ് ക്രയോ ഇന്ധനം. ഹീലിയം ചോർന്നതോടെ അറയിലെ മർദ്ദത്തിലും വ്യത്യാസമുണ്ടായി. ഇത് റോക്കറ്റിന്റെ മറ്റ് ഭാഗങ്ങളുടെ പ്രവർത്തനത്തെയും ബാധിക്കാമെന്നതിനാലാണ് കൗണ്ട് ഡൗൺ തീരാൻ 56.24 മിനിട്ട് ശേഷിക്കെ ആദ്യ വിക്ഷേപണം ഉപേക്ഷിച്ചത്. ഉടൻ ക്രയോ ഇന്ധനം നീക്കിയ ശേഷം നടത്തിയ പരിശോധനയിൽ ചോർച്ചയുടെ ഉറവിടം കണ്ടെത്തി. റോക്കറ്റ് വിക്ഷേപണത്തറയിൽ നിലനിറുത്തി തന്നെ ആ തകരാർ പരിഹരിച്ചു. തുടർന്നുള്ള പരീക്ഷണങ്ങളിൽ അനുകൂല റിപ്പോർട്ട് ലഭിച്ചതോടെയാണ് 22ന് വിക്ഷേപണം തീരുമാനിച്ചത്. ഇക്കാര്യം ഐ.എസ്.ആർ.ഒ ഫേസ് ബുക്കിലും ട്വിറ്ററിലും പ്രഖ്യാപിച്ചു. ചന്ദ്രയാൻ വിക്ഷേപണത്തിനുള്ള ലോഞ്ച് വിൻഡോ പിരിയഡ് ജൂലായ് 31ന് അവസാനിക്കും. അതുകൂടി കണക്കിലെടുത്താണ് തൊട്ടടുത്ത അനുയോജ്യമായ ദിവസം തന്നെ വിക്ഷേപണം നടത്തുന്നത്.
റോക്കറ്റിന്റെ ആദ്യ ഘട്ടത്തിൽ ഖരഇന്ധനമുള്ള രണ്ട് സ്ട്രാപ്പോൺ മോട്ടോറുകളാണ്. ഇവയാണ് റോക്കറ്റിന് ശക്തമായ പ്രാരംഭ കുതിപ്പ് നൽകുന്നത്. രണ്ടാം ഘട്ടത്തിൽ റോക്കറ്റിനെ കുതിപ്പിക്കുന്നത് ദ്രവ ഇന്ധനമുള്ള എൻജിനാണ്. ഇത് ചന്ദ്രയാൻ പേടകത്തെ ബഹിരാകാശത്തെത്തിക്കും. ക്രയോ എൻജിനോട് ഘടിപ്പിച്ച നൂറ് ഘനഅടി വ്യാപ്തിയുള്ള അറിയിലാണ് പേടകം. പേടകത്തെ ഭ്രമണപഥത്തിലേക്ക് അതിവേഗം കൊണ്ടുപോകുന്നത് ക്രയോ എൻജിനാണ്. ഭ്രമണപഥത്തിൽ എത്തിയാൽ അറ തുറന്ന് പേടകത്തെ പുറത്തേക്ക് തള്ളിയിടും. പിന്നീട് പേടകത്തിലെ ഇന്ധനം ആവശ്യമുള്ളപ്പോൾ ജ്വലിപ്പിച്ചും അല്ലാത്തപ്പോൾ അണച്ചുമാണ് ബഹിരാകാശയാത്ര.
പുതിയ വെല്ലുവിളികൾ
54 ദിവസത്തെ ദൗത്യമാണ് നിശ്ചയിച്ചിരുന്നത്
ഭൂമിക്ക് ചുറ്റും 17 ദിവസം
ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്ക് 5 ദിവസം
ചന്ദ്രന് ചുറ്റും 32 ദിവസം
വെളുത്ത പക്ഷത്തിന്റെ തുടക്കമായ സെപ്തംബർ 6ന് ചന്ദ്രനിൽ ഇറങ്ങണമായിരുന്നു
വിക്ഷേപണം മാറ്റിയതോടെ എട്ട് ദിവസം നഷ്‌ടമായി
ഭൂമിയിലെയും ചന്ദ്രനിലെയും ഭ്രമണങ്ങൾ നാല് ദിവസം വീതം കുറച്ച് ആ നഷ്ടം പരിഹരിക്കാൻ ആലോചനയുണ്ട്.
എങ്കിൽ സെപ്തംബർ 6ന് തന്നെ ചന്ദ്രനിൽ ഇറങ്ങാം
ദിവസങ്ങൾ കുറയ്‌ക്കുമ്പോൾ ഭ്രമണ പഥങ്ങൾ വലുതാക്കണം
അതിന് കൂടുതൽ ഇന്ധനം എരിക്കണം
അത് ചന്ദ്രനിൽ ഓർബിറ്ററിന്റെ ആയുസ് കുറച്ചേക്കും