sreedaran-pillai

തിരുവനന്തപുരം: തലശ്ശേരി ബ്രണ്ണൻ കോളേജിലെ പ്രിൻസിപ്പൽ കാണിച്ചത് ഗുണ്ടകളുടെ പണിയാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരൻ പിള്ള ഫേസ്ബുക് പോസ്റ്റിൽ ആരോപിച്ചു. കോളേജിൽ എ.ബി.വി.പിയുടെ കൊടിമരം പ്രിൻസിപ്പൽ നേരിട്ട് നീക്കിയ സംഭവത്തിലാണ് ശ്രീധരൻപിള്ളയുടെ വിമർശനം.

ഒന്നുകിൽ കോളേജിൽ ഒരു വിദ്യാർത്ഥി സംഘടനയുടേയും കൊടികൾ പാടില്ല. അങ്ങനെയെങ്കിൽ ആ ചെയ്തതിൽ ന്യായമുണ്ടായിരുന്നു. എന്നാൽ എസ്.എഫ്.ഐയുടെ കൊടിതോരണങ്ങളുടെ ഇടയിലൂടെയാണ് പ്രിൻസിപ്പൽ എ.ബി.വി.പിയുടെ കൊടിമരമെടുത്തത്. ഇത് അങ്ങേയറ്റം അപലപനീയമാണ്. ഏകാധിപത്യത്തിന് പാദ സേവ ചെയ്യലാണ്.

ആവശ്യത്തിനു ഗുണ്ടകൾ സംഘടനയിൽ തന്നെയുണ്ടെങ്കിലും എസ്.എഫ്.ഐയുടെ ഗുണ്ടാപ്പണിയെടുക്കാൻ പ്രിൻസിപ്പാൾ തന്നെ തയ്യാറായതിൽ വലിയ അത്ഭുതമില്ല. എസ്.എഫ്.ഐയുടെ എല്ലാ ഗുണ്ടായിസത്തിനും സിപിഎമ്മിന്റെ അദ്ധ്യാപക യൂണിയനാണ് പിന്തുണ കൊടുക്കുന്നതെന്നത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. എതിർ സംഘടനയിലെ വിദ്യാർത്ഥികളോട് വിവേചനം കാട്ടാനും ദ്രോഹിക്കാനും ഇത്തരം അദ്ധ്യാപകർ ശ്രമിക്കുമെന്നതിലും സംശയമില്ല.

പ്രിൻസിപ്പലിന് രാഷ്ട്രീയമുണ്ടെങ്കിൽ അത് കോളേജിൽ കാണിക്കേണ്ട. അങ്ങനെ കാണിക്കണമെന്നുണ്ടെങ്കിൽ പ്രിൻസിപ്പൽ ജോലി രാജിവെച്ച് ലോക്കൽ സെക്രട്ടറിയാവണം. അപ്പോൾ മറുപടി രാഷ്ട്രീയമായി തന്നെ തരാൻ മറ്റു സംഘടനകൾക്ക് അവസരമുണ്ടാവുമെന്നും ശ്രീധരൻ പിള്ള പറഞ്ഞു.