മൂന്നു വർഷംമുൻപ് പാകിസ്ഥാൻ ഇന്റലിജൻസ് ഏജൻസി ഇന്ത്യയുടെ ചാരനെന്ന് മുദ്രകുത്തി പിടിച്ചുകൊണ്ടു പോയി തൂക്കിക്കൊല്ലാൻ വിധിച്ച കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര നീതിന്യായ കോടതിയുടെ വിധി ഇന്ത്യയുടെ വലിയ നയതന്ത്ര വിജയമായാണ് വാഴ്ത്തപ്പെടുന്നത്. പതിനാറ് ജഡ്ജിമാരിൽ പാകിസ്ഥാൻകാരനായ ജഡ്ജി മാത്രമാണ് പാക് സൈനിക കോടതി വിധിച്ച വധശിക്ഷയെ അതേപടി അനുകൂലിച്ചത്. ഇന്ത്യയോടുള്ള നിതാന്ത ശത്രുത ആളിക്കത്തിക്കാൻ പാകിസ്ഥാൻ മനഃപൂർവം സൃഷ്ടിച്ച ഒരു കള്ളക്കഥയുടെ ഇരയാണ് കുൽഭൂഷൺ ജാദവ്. യഥാർത്ഥത്തിൽ ഇറാനിൽ എവിടെയോ നിന്ന് ജാദവിനെ പാക് ഇന്റലിജൻസ് ഏജൻസിക്കാർ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് വ്യാജകഥകൾ ചമയ്ക്കുകയായിരുന്നു. അന്യരാജ്യത്ത് അറസ്റ്റിലാകുന്ന പൗരന്മാർക്ക് ആവശ്യമായ നയതന്ത്ര സഹായം ലഭിക്കാൻ വ്യക്തമായ വ്യവസ്ഥകൾ നിലവിലിരിക്കെ ജാദവിന്റെ കാര്യത്തിൽ അതുണ്ടായില്ലെന്ന് രാജ്യാന്തര കോടതിക്കും ബോദ്ധ്യപ്പെടുകയുണ്ടായി. പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയം ആവുംവിധം ശ്രമിച്ചെങ്കിലും വിയന്ന കരാർ പ്രകാരമുള്ള നിയമസഹായം ജാദവിന് നിഷേധിക്കുകയാണ് ചെയ്തത്. ഇതേ ആവശ്യമുന്നയിച്ച് ഇന്ത്യ പതിനാറു തവണയാണ് പാക് ഗവൺമെന്റിനെ സമീപിച്ചത്. വധശിക്ഷാ വിധി വന്നശേഷം ജാദവിനെ കാണാൻ കുടുംബാംഗങ്ങളെ വല്ലവിധേനയും അനുവദിച്ചെങ്കിലും നിന്ദ്യവും നികൃഷ്ടവുമായ നിലയിലാണ് അവർ സ്വീകരിക്കപ്പെട്ടത്. ഏതെല്ലാം വിധത്തിൽ അപമാനിക്കാമോ അതെല്ലാം ജാദവിന്റെ മാതാവിനും ഭാര്യയ്ക്കും പാക് അധികൃതരിൽനിന്ന് നേരിടേണ്ടിവന്നു. ചാരപ്രവൃത്തിക്ക് അറസ്റ്റ് ചെയ്ത പ്രതിക്ക് വിയന്ന കരാർ പ്രകാരമുള്ള നിയമ സഹായങ്ങൾക്ക് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാദവിനെ തുർച്ചയായി പീഡനമുറകൾക്കിരയാക്കിക്കൊണ്ടിരുന്നത്.
വധശിക്ഷ റദ്ദാക്കി ജാദവിനെ മോചിപ്പിക്കണമെന്നാണ് ഇന്ത്യ രാജ്യാന്തര കോടതിയിൽ ആവശ്യപ്പെട്ടിരുന്നതെങ്കിലും ശിക്ഷ നടപ്പാക്കുന്നത് സ്റ്റേ ചെയ്തിട്ടേയുള്ളൂ. ജാദവിന് നീതിപൂർവകമായ വിചാരണ ഉറപ്പാക്കണമെന്ന് പാകിസ്ഥാനോട് നിർദ്ദേശിച്ചിട്ടുമുണ്ട്. ജാദവിനെ കാണാൻ പാകിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിലെ ഉദ്യോഗസ്ഥർക്ക് തുടർച്ചയായി അനുമതി നിഷേധിച്ചതിലൂടെ പാകിസ്ഥാൻ വിയന്ന കരാർ ലംഘിച്ചിരിക്കുകയാണെന്ന രാജ്യാന്തര കോടതിയുടെ നിരീക്ഷണം അക്ഷരാർത്ഥത്തിൽ അവരുടെ മുഖത്തേറ്റ കനത്ത പ്രഹരം തന്നെയാണ്. തടവുകാർക്ക് നയതന്ത്ര സഹായം നൽകുന്നതുസംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കരാർ പ്രാബല്യത്തിലുണ്ട്. എന്നിട്ടും അത് മറന്നുകൊണ്ടാണ് ജാദവിന്റെ കാര്യത്തിൽ പാകിസ്ഥാൻ പ്രതികാരവാഞ്ഛയോടെ പ്രവർത്തിച്ചത്. ജാദവിന് വധശിക്ഷ വിധിച്ചതിനെ ന്യായീകരിച്ചുകൊണ്ട് പാകിസ്ഥാൻ മുന്നോട്ടുവച്ച സകല വാദങ്ങളും കോടതി നിരാകരിച്ചത് ഭാവിയിൽ നടക്കാനിടയുള്ള വിചാരണയിൽ സ്വാധീനം ചെലുത്തുമെന്നു തന്നെ വിശ്വസിക്കാം. ചാര പ്രവർത്തനത്തിന് പുറമേ ഭീകര പ്രവർത്തനവും ജാദവിനുമേൽ ചുമത്തിയ പാക് അധികൃതരുടെ കള്ളത്തരം രാജ്യാന്തര കോടതിയിൽ നടന്ന വിചാരണയിൽ മറനീക്കി പുറത്തുവന്നിട്ടുണ്ട്. പാകിസ്ഥാൻ പുതിയ വിചാരണയ്ക്ക് മുതിർന്നാലും അവിവേകമൊന്നും കാണിക്കുകയില്ലെന്ന് പ്രതീക്ഷിക്കാം. കാരണം ലോക രാജ്യങ്ങൾക്കു മുൻപിൽ കുൽഭൂഷൺ ജാദവല്ല പാകിസ്ഥാനാണ് ഇപ്പോൾ പ്രതിസ്ഥാനത്ത് നിൽക്കുന്നത്. ഇൗ കേസിലുണ്ടായ തിരിച്ചടി പുനർചിന്തനത്തിന് അവർക്ക് പ്രേരണയാകേണ്ടതാണ്. കടുത്ത ഇന്ത്യാവിരോധം കൊണ്ടുനടക്കുന്ന പാകിസ്ഥാന് അബദ്ധത്തിൽ വീണുകിട്ടിയ ഇരയാണ് കുൽഭൂഷൺ ജാദവ്. പാക് സൈനിക കോടതിയിൽ നടന്നുവരുന്ന മനുഷ്യാവകാശലംഘനങ്ങളുടെ നീണ്ട പട്ടികതന്നെ രാജ്യാന്തര കോടതിയിൽ ജാദവ് കേസ് വിചാരണയ്ക്കിടെ പുറത്തുകൊണ്ടുവരാൻ കഴിഞ്ഞു. വിചാരണപോലും കൂടാതെയാണ് ജാദവിന് വധശിക്ഷ വിധിച്ചതെന്ന വസ്തുതയും പുറത്തുവന്നിട്ടുണ്ട്. ഇതൊന്നും പരിഷ്കൃത രാജ്യങ്ങൾക്കു മുമ്പിൽ തലയുയർത്തി നിൽക്കാൻ പാകിസ്ഥാനെ സഹായിക്കുന്ന കാര്യങ്ങളല്ല. അതിർത്തികടന്ന് ഇന്ത്യയിൽ നിരന്തരം ഭീകര പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന പാകിസ്ഥാന് ഇന്ത്യയും ഇൗ വിഷയത്തിൽ മോശക്കാരല്ല എന്ന് വരുത്തിത്തീർക്കേണ്ടത് ആവശ്യമായിരുന്നു. അതിന് കണ്ടുപിടിച്ച വളഞ്ഞവഴിയാണ് കുൽഭൂഷണിന്റെ അറസ്റ്റും ശിക്ഷയുമെല്ലാം. എന്നാൽ ലോക കോടതിയിൽ അവരുടെ കപടവാദങ്ങളെല്ലാം ചീട്ടുകൊട്ടാരം പോലെ പൊളിഞ്ഞുവീഴുന്നതാണ് ലോകം കണ്ടത്.
കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞുകൊണ്ട് രാജ്യാന്തര കോടതി വിധി പുറത്തുവന്ന ദിവസം തന്നെയാണ് 2008- ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനും പിടികിട്ടാപ്പുള്ളിയുമായ ഹാഫിസ് സയീദിനെ പാകിസ്ഥാൻ തടവിലാക്കിയതായ റിപ്പോർട്ട് പുറത്തുവരുന്നത്. എത്രയോ കാലമായി ഇയാളുടെ അറസ്റ്റിനായി ഇന്ത്യ ആവശ്യപ്പെട്ടു വരികയായിരുന്നു. പാർലമെന്റ് ആക്രമണകേസിലും ഹാഫിസ് പ്രതിയായിരുന്നു. അമേരിക്ക ഉൾപ്പെടെ പാശ്ചാത്യരാജ്യങ്ങൾ ആഗോളഭീകരനായി പ്രഖ്യാപിച്ചിട്ടുള്ള ഇയാളെ ഇപ്പോൾ അറസ്റ്റ് ചെയ്തതുതന്നെ അമേരിക്കയെ പ്രീണിപ്പിക്കാനുള്ള അടവിന്റെ ഭാഗമായാണ്. പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ആസന്നമായ അമേരിക്കൻ സന്ദർശനത്തിൽ കല്ലുകടി ഒഴിവാക്കുന്നതിന് ഹാഫിസിന്റെ അറസ്റ്റ് അനിവാര്യമായിരുന്നു. ഹാഫിസിന്റെ തലയ്ക്ക് ഒരുകോടി ഡോളർ ഇനാം പ്രഖ്യാപിച്ചിട്ടുള്ള ട്രംപ് ഭരണകൂടത്തെ എല്ലാനിലയിലും പ്രീണിപ്പിക്കേണ്ടത് പാകിസ്ഥാന്റെ ആവശ്യമാണ്. എണ്ണിയാലൊടുങ്ങാത്ത ഭീകരപ്രവർത്തനങ്ങളിലൂടെ ലോകരാജ്യങ്ങളെ വിറപ്പിക്കുന്ന ഹാഫിസ് സയീദിന് പാക് മണ്ണിൽ താവളവും എല്ലാവിധ സഹായവും നൽകാൻ മടിക്കാത്ത പാകിസ്ഥാൻ ഇന്ത്യക്കാരനായതിന്റെ പേരിൽ മാത്രം കുൽഭൂഷൺ ജാദവിനെ പിടികൂടി തൂക്കിലേറ്റാൻ ഒരുങ്ങിയതിന് പിന്നിൽ പ്രകടമായ ഇന്ത്യാവിരുദ്ധമനോഭാവം അത്ര പെട്ടെന്ന് വിസ്മരിക്കാനാവില്ല.