തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് സംഭവം ക്രിമിനൽ കേസിനപ്പുറം വൻ അഴിമതിയായി ഉയർത്താൻ ഇന്നലെ ചേർന്ന യു.ഡി.എഫ് യോഗം തീരുമാനിച്ചു. കത്തിക്കുത്തിൽ തുടങ്ങിയ സംഭവത്തിന്റെ വ്യാപ്തി വർദ്ധിച്ചതിനാൽ ജുഡിഷ്യൽ അന്വേഷണം ഫലപ്രദമാകില്ലെന്നും സി.ബി.ഐ വരണമെന്നുമാണ് യോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ചത്. ഇക്കാര്യം ആവശ്യപ്പെട്ട് യു.ഡി.എഫ് നേതാക്കൾ ഇന്ന് ഗവർണറെ കാണും. ഗവർണർ തന്നിൽ നിക്ഷിപ്‌തമായ അധികാരം പ്രയോഗിക്കണമെന്ന് യോഗ തീരുമാനങ്ങൾ വാർത്താസമ്മേളനത്തിൽ വിശദീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കേരളത്തിലെ പല സർക്കാർ കോളേജുകളിലും അഴിമതിയുടെ കുംഭകോണം നടക്കുകയാണ്. യൂണിവേഴ്സിറ്റി സംഭവത്തിലെയും പി.എസ്.സി പരീക്ഷാ നടത്തിപ്പിലെയും കുറ്റക്കാരെ സംരക്ഷിക്കാൻ സി.പി.എം തിരക്കഥ തയ്യാറാക്കുകയാണ്. പി.എസ്.സിയുടെ വിശ്വാസ്യത നഷ്ടമായി. പ്രത്യേക സംഘടനയിൽപ്പെട്ട അദ്ധ്യാപകരാണ് ചോദ്യങ്ങൾ തയ്യാറാക്കുന്നത്. യൂണിവേഴ്സിറ്റി കോളേജിൽ റീ അഡ്മിഷനിലും സ്‌പോട്ട് അഡ്മിഷനിലും എസ്.എഫ്.ഐയും സി.പി.എമ്മും ഗുരുതരമായ ഇടപെടലാണ് നടത്തുന്നത്. സർവകലാശാല ഉത്തരക്കടലാസ് ക്രിമിനൽ കേസ് പ്രതിയുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത സംഭവത്തിലുള്ള സിൻഡിക്കേറ്ര് ഉപസമിതിയുടെ അന്വേഷണം പ്രഹസനമാണ്. യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പി.എസ്.സി ചെയർമാനും രാജിവയ്ക്കേണ്ട സമയം അതിക്രമിച്ചു. മുഖ്യമന്ത്രി പ്രശ്നങ്ങളെ നിസാരവത്കരിക്കുകയാണ്.
സേവന നികുതി വർദ്ധന, വൈദ്യുതി നിരക്ക് വർദ്ധന എന്നിവയ്‌ക്കെതിരെ യു.ഡി.എഫ് നേതൃത്വത്തിൽ 25ന് സെക്രട്ടേറിയറ്റ് ഉപരോധിക്കും. സർവകലാശാല, പി.എസ്.സി പരീക്ഷാ നടത്തിപ്പ് വീഴ്ചകൾക്കെതിരെ 26ന് വിദ്യാഭ്യാസ മേഖലയിലെ വിദഗ്‌ദ്ധരെ പങ്കെടുപ്പിച്ച് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം ജനകീയ ജാഗ്രതാ സദസ് സംഘടിപ്പിക്കും. അടുത്ത യു.ഡി.എഫ് യോഗം 30ന് നടക്കുമെന്നും ചെന്നിത്തല പറഞ്ഞു. ഡോ. എം.കെ. മുനീർ, പി.ജെ. ജോസഫ്, അനൂപ് ജേക്കബ്, സി.പി. ജോൺ, റാംമോഹൻ തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.