തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന പൊലീസുദ്യോഗസ്ഥരുടെ യോഗത്തിൽ പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ ചിലർ നൽകിയ വാർത്ത ശുദ്ധ കളവാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊലീസുകാർ ആർ.എസ്.എസിന്റെ ഒറ്റുകാരാണെന്ന് നാട്ടിലാരെങ്കിലും പറയുമോ? അങ്ങനെ വന്നാൽ നാട്ടിൽ നടക്കുന്നതെല്ലാം ആർ.എസ്.എസിന് പൊലീസ് ചോർത്തിക്കൊടുക്കുന്നുവെന്നാവില്ലേ. അങ്ങനെ വന്നാലെന്താ സ്ഥിതി? പൊലീസിന്റെ പ്രവർത്തനങ്ങളെക്കുറിച്ച് വിശകലനം ചെയ്യുമ്പോൾ അവരുടെ പ്രവർത്തനങ്ങളിലെ നേട്ടങ്ങളും കോട്ടങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ ചൂണ്ടിക്കാട്ടുകയാണ് ചെയ്തത്. മാദ്ധ്യമങ്ങളിൽ വരുന്ന വാർത്തകളെല്ലാം ശരിയാകണമെന്നില്ല. അതുകൊണ്ട് മാദ്ധ്യമ വാർത്തകളുടെ പിന്നാലെ പോയാൽ വിഷമത്തിലാകും. ഓരോരുത്തരും അവരവരുടെ നിലപാടുകളിൽ നിന്ന് മുന്നോട്ട് പോവുകയാണ് വേണ്ടതെന്നും ഇന്നലെ നവോത്ഥാന മൂല്യസംരക്ഷണസമിതിയുടെ യോഗം ഉദ്ഘാടനം ചെയ്യവേ മുഖ്യമന്ത്രി പറഞ്ഞു.
പി.എസ്.സിയെ അപകീർത്തിപ്പെടുത്തരുത്
പി.എസ്.സിയുടേത് കുറ്റമറ്റ പരീക്ഷാ സംവിധാനമാണ്. എന്നാൽ യൂണിവേഴ്‌സിറ്റി കോളേജിലെ പ്രശ്നത്തിന്റെ മറവിൽ പി.എസ്.സിയെ ആകെ ആക്ഷേപിക്കുന്ന വാർത്തകളാണ് വന്നത്. വന്ന വാർത്തയിലെ പല കാര്യങ്ങളും തെറ്റാണെന്ന് പിന്നീട് എല്ലാവർക്കും മനസിലായി. അനേകായിരങ്ങൾ ആശ്രയിക്കുന്ന സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്നത് ശരിയാണോയെന്ന് ചിന്തിക്കണം. യൂണിവേഴ്‌സിറ്റി കോളേജ് സംഭവത്തിൽ സംസ്ഥാന സർക്കാർ ലാഘവത്വം കാണിച്ചിട്ടില്ല. കർക്കശ നടപടിയെടുത്തു. സംഭവത്തിൽ സർക്കാർ അലംഭാവം കാണിച്ചുവെന്ന പരാതി ഉണ്ടായിട്ടില്ല.
നവോത്ഥാന സംരക്ഷണത്തിന് നവോത്ഥാന മൂല്യ സംരക്ഷണ സമിതി ഒരേ മനസോടെ മുന്നോട്ടു പോകണം. ഒന്നിച്ചു പ്രവർത്തിച്ചാൽ അത് കേരളത്തിൽ വലിയ മുന്നേറ്റമായി മാറും. നവോത്ഥാനമൂല്യം തകർക്കുന്നതിനുള്ള വലിയ ശ്രമം നടക്കുന്നുണ്ട്. ഇങ്ങനെ ശ്രമിക്കുന്നവർ ചില്ലറക്കാരല്ല. ഇക്കൂട്ടർ വലിയ പ്രതിരോധം ഉയർത്തും. നവോത്ഥാന മൂല്യ സംരക്ഷണം പ്രത്യക്ഷത്തിൽ ഒരു രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല. കക്ഷിരാഷ്ട്രീയ ഭിന്നതയുടെ ഭാഗമായി നവോത്ഥാന മൂല്യ സംരക്ഷണത്തെ കാണാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
നവോത്ഥാനമൂല്യ സംരക്ഷണസമിതിയുടെ ജില്ലാതല സംഗമങ്ങൾ വിപുലമായ രീതിയിൽ ജനപങ്കാളിത്തത്തോടെ നടത്തണമെന്ന് യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച സമിതി ചെയർമാനും എസ്.എൻ.ഡി.പി യോഗം ജനറൽസെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കൂടുതൽ വ്യക്തികളെയും സംഘടനകളെയും ഉൾപ്പെടുത്തി സമിതി വിപുലീകരിക്കുമെന്ന് കൺവീനർ പുന്നല ശ്രീകുമാർ പറഞ്ഞു.
സമിതി ഭാരവാഹികളായ സി.പി. സുഗതൻ, പി. രാമഭദ്രൻ, പി.ആർ. ദേവദാസ്, ബി. രാഘവൻ, അഡ്വ. കെ. ശാന്തകുമാരി, മാർ ബസേലിയോസ് ക്ലീമിസ് ബാവ, പി. അബ്ദുൾ ഹക്കീം ഫൈസി, വിവിധ സംഘടനാ നേതാക്കൾ തുടങ്ങിയവർ സംബന്ധിച്ചു.