തിരുവനന്തപുരം: നാല് ഗവ. ലാകോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽ എൽ.ബി കോഴ്സിൽ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. 18ന് പകൽ ഒന്നുവരെ ലഭിച്ച ഓപ്ഷനുകളുടെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്. വെബ്സൈറ്റിലെ ‘Integrated Five Year LL.B 2019 - Candidate Portal’- ലിങ്കിൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേർഡും നൽകിയാൽ ഹോംപേജിലെ ‘Allotment Result’ മെനു ഐറ്റത്തിൽ പേരും റോൾ നമ്പറും അലോട്ട്മെന്റ് വിവരങ്ങളും ലഭ്യമാവും. വിദ്യാർത്ഥികൾ അലോട്ട്മെന്റ് മെമ്മോയുടെ പ്രിന്റ്ഔട്ട് എടുത്ത് സൂക്ഷിക്കണം.
അലോട്ട്മെന്റ് ലഭിച്ചവർ മെമ്മോയിൽ പറഞ്ഞിട്ടുള്ളതും എൻട്രൻസ് കമ്മിഷണർക്ക് അടയ്ക്കേണ്ടതുമായ ഫീസ് ഓൺലൈനായോ തിരഞ്ഞെടുക്കപ്പെട്ട പോസ്റ്റോഫീസുകളിലൂടെയോ അടയ്ക്കണം. 19മുതൽ 22വരെയുള്ള തീയതികളിൽ കോളേജുകളിൽ ഹാജരായി പ്രവേശനം നേടണം. സർക്കാർ ഉത്തരവുകൾ പ്രകാരം കൂടുതൽ ഫീസടയ്ക്കാനുണ്ടെങ്കിൽ അത് കോളേജിൽ അടയ്ക്കണം. പ്രവേശനം നേടിയ വിദ്യാർത്ഥികളുടെ വിവരങ്ങൾ പ്രിൻസിപ്പൽമാർ 22ന് വൈകിട്ട് 5നകം ഓൺലൈൻ അഡ്‌മിഷൻ മാനേജ്മെന്റ് സിസ്റ്റം വഴി അറിയിക്കണം. നിശ്ചിത സമയത്തിനകം പ്രവേശനം നേടാത്തവരുടെ നിലവിലെ അലോട്ട്മെന്റും ഹയർഓപ്ഷനുകളും നഷ്ടപ്പെടും. ഇവരെ തുടർന്നുള്ള ഓൺലൈൻ അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല.
പഞ്ചവത്സര എൽ എൽ.ബി കോഴ്സുകളിലേക്കുള്ള രണ്ടാം അലോട്ട്മെന്റ് 20ന് തുടങ്ങും. ഒന്നാം ഘട്ട അലോട്ട്മെന്റ് ലഭിച്ച് കോളേജുകളിൽ പ്രവേശനം നേടിയവരും അലോട്ട്മെന്റ് ലഭിക്കാത്തവരും രണ്ടാംഘട്ട അലോട്ട്മെന്റിലേക്ക് പരിഗണിക്കപ്പെടണമെങ്കിൽ ഓപ്ഷൻ കൺഫർമേഷൻ നടത്തിയിരിക്കണം. 20മുതൽ 23ന് വൈകിട്ട് 5വരെ നിലവിലെ ഓപ്ഷൻ കൺഫർമേഷൻ നടത്താനും നിലവിലെ ഹയർ ഓപ്ഷനുകൾ പുനഃക്രമീകരിക്കാനും അവസരമുണ്ടാവും. രണ്ടാം അലോട്ട്മെന്റ് 24ന് പ്രസിദ്ധീകരിക്കും. ഹെൽപ്പ് ലൈൻ നമ്പറുകൾ- -0471-2339101, 2339102, 2339103, 2339104, 2332123