തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ വധശ്രമക്കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടിൽ നിന്ന് കേരള സർവകലാശാലയുടെ ഉത്തരക്കടലാസും വ്യാജസീലും കണ്ടെടുത്തതിനെക്കുറിച്ച് സർവകലാശാലാ സിൻഡിക്കേറ്റിന്റെ മൂന്നംഗ ഉപസമിതി അന്വേഷിക്കും. ഡോ.കെ.ബി. മനോജ്, പ്രൊഫ. കെ.ജി.ഗോപ്ചന്ദ്രൻ, ഡോ.കെ.ലളിത എന്നിവരടങ്ങിയ സമിതിയാവും അന്വേഷിക്കുക. ഉപയോഗിക്കാത്ത ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി കോളേജിലെ പരീക്ഷാസെന്ററിൽ നിന്ന് പുറത്തു പോയതെങ്ങനെയെന്ന് പരമാവധി വേഗത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാനാണ് സിൻഡിക്കേറ്റ് നിർദ്ദേശം. സർവകലാശാലയുടെ ഭരണ പരീക്ഷാ സംവിധാനങ്ങൾ കുറ്റമറ്റതാക്കാൻ പൊലീസ് സൂപ്രണ്ട് തലവനായി വിജിലൻസ് സെൽ രൂപീകരിക്കാൻ സർക്കാരിനോട് ആവശ്യപ്പെടും. എല്ലാ പരീക്ഷാസെന്ററുകളും കാര്യക്ഷമമായി പ്രവർത്തിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ഇൻസ്‌പെക്ഷൻ വിംഗ് രൂപീകരിച്ച് സെന്ററുകളിൽ പരിശോധന നടത്തും.
ഉത്തരക്കടലാസുകൾ കണ്ടെടുത്ത സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പരീക്ഷാ കൺട്രോളർ വൈസ്ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. കണ്ടെടുത്ത ഉത്തരക്കടലാസുകൾ യൂണിവേഴ്സിറ്റി കോളജിൽ നിന്ന് ചോർന്നവ തന്നെയാണെന്ന് റിപ്പോർട്ടിൽ സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ടെടുത്ത ഉത്തരക്കടലാസുകൾ 2015 നവംബർ അഞ്ചിനും 2016 ഏപ്രിൽ ഒന്നിനും യൂണിവേഴ്സിറ്റി കോളജ് കൈപ്പറ്റിയതാണ്.
ശിവരജ്ഞിത്തിന്റ വീട്ടിൽ നിന്ന് കണ്ടെടുത്ത ഉത്തരക്കടലാസിലെ സീരിയൽ നമ്പർ പരിശോധിച്ചാണ് ഇക്കാര്യം ഉറപ്പുവരുത്തിയത്. 2015 മുതൽ ഇക്കൊല്ലം വരെ സർവകലാശാലയിൽ നിന്ന് അഫിലിയേറ്റഡ് കോളജുകൾക്ക് നൽകിയ ഉത്തരപേപ്പറുകളുടെ കണക്കെടുപ്പ് നടത്തും. ഇനിമുതൽ മുഴുവൻ കോളജുകളിലും ഓരോ ദിവസവും പരീക്ഷക്കായി ഉപയോഗിക്കുന്ന ഉത്തരേപപ്പറുകളുടെ എണ്ണവും ബാക്കിയുള്ളവയുടെ എണ്ണവും സർവകലാശാലയെ ഇ-മെയിലിലൂടെ അറിയിക്കണം.
സർവകലാശാലയിലും അഫിലിയേറ്റ് കോളജുകളിലും പരീക്ഷാ സാമഗ്രികൾ സൂക്ഷിക്കുന്ന റൂമുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിക്കും. ഉത്തരക്കടലാസുകളിൽ ബാർകോഡിംഗ് സംവിധാനം നടപ്പാക്കും. യൂണിവേഴ്സിറ്റി കോളേജിലെ ഉത്തരക്കടലാസ് ചോർച്ചയിൽ പ്രിൻസിപ്പൽ, ചീഫ് സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്ക് വീഴ്ചയുണ്ടായിട്ടുണ്ടെന്ന് യോഗതീരുമാനങ്ങൾ വിശദീകരിച്ച സിൻഡിക്കേറ്റംഗം കെ.എച്ച്. ബാബുജാൻ പറഞ്ഞു. ഉത്തരക്കടലാസ് കൊണ്ടുപോയ വിദ്യാർഥിക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കാൻ സർക്കാരിന് ശുപാർശ നൽകിയിട്ടുണ്ട്.