വെഞ്ഞാറമൂട് : രാമായണത്തിൽ സീതാദേവിയെ രാവണൻ കട്ടോണ്ടു പോയതുപോലെ രാവണന്റെ കോട്ടയിൽ നിന്നു ഹനുമാൻ തിരികെ കട്ടോണ്ടു പോകുന്നതിൽ എന്ത് നന്മയാണുള്ളതെന്ന സീതയുടെ ചോദ്യത്തിന് എന്നും പ്രസക്തിയുണ്ടെന്നും ഒരു തെറ്റിനെ മറ്റൊരു തെറ്റുകൊണ്ട് ചെറുക്കാനാകില്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. വെഞ്ഞാറമൂട് ജീവകല കലാ സാംസ്കാരിക മണ്ഡലം സംഘടിപ്പിച്ച രാമായണ സംഘ പാരായണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ലോകത്തിന് നമ്മൾ സമ്മാനിച്ച ബൃഹത്തായ കാവ്യമാണ് രാമായണം. ത്യാഗത്തിന്റെ മൂർത്തീമത് ഭാവമായ സീത ഏറ്റവും വലിയ ആദർശത്തിന്റെ പ്രതീകം കൂടിയാണ്. നൈമിഷിക സുഖത്തിന് പകരം കീഴ്‌വഴക്കങ്ങൾ ലംഘിക്കാതെ സത്യസന്ധമായി പ്രജകൾക്ക് വേണ്ടി ജീവിക്കുകയാണ് രാജാവ് ചെയ്യേണ്ടതെന്നും തന്റെ ഹൃദയത്തിൽ എന്നും രാമൻ ഉണ്ടാകുമെന്നും സീത പറയുന്നത് ഭാരത സംസ്കാരത്തിന്റെ അടയാളമായി കാണണം. കർക്കടകത്തിലെ പഞ്ഞ നാളുകളിൽ തകർന്നിരിക്കുന്ന മനുഷ്യർക്ക് ഊർജം പകരുകയാണ് രാമായണം ചെയ്യുന്നത്. രാമായണവും മഹാഭാരതവും വേദങ്ങളും ഉപനിഷത്തുകളും സമ്മാനിച്ച ഈ രാജ്യത്ത് ജനിക്കാൻ കഴിഞ്ഞതാണ് നമ്മുടെ പുണ്യമെന്നും പന്ന്യൻ പറഞ്ഞു.
ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷത ഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. ഷാജി, വെഞ്ഞാറമൂട് സഹകരണ ബാങ്ക് പ്രസിഡന്റ് എ.എം. റൈസ്, ഹിന്ദു ഐക്യവേദി കൺവീനർ കോലിയക്കോട് മോഹനൻ, എം.എച്ച്. നിസാർ എന്നിവർ സംസാരിച്ചു.
രാമായണ പാരായണ മത്സര വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു. ജീവകല സെക്രട്ടറി വി.എസ്. ബിജുകുമാർ. സ്വാഗതവും ജോ. സെക്രട്ടറി പി. മധു നന്ദിയും പറഞ്ഞു. എസ്. ഈശ്വരൻ പോറ്റി, ആർ. ശ്രീകുമാർ, പുല്ലമ്പാറ ദിലീപ് എന്നിവർ നേതൃത്വം നൽകി.