university-college-accuse

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ നെഞ്ചിൽ കുത്തിവീഴ്‌ത്തിയ കത്തി കോളേജിലാണ് ഒളിപ്പിച്ചിരിക്കുന്നതെന്ന് മുഖ്യ പ്രതികളായ ശിവരഞ്ജിത്തും നസീമും പൊലീസിനോട് സമ്മതിച്ചു. കത്തി എടുത്തുനൽകാമെന്ന് ശിവരഞ്ജിത്ത് പൊലീസിനെ അറിയിച്ചു. ഇരുവരെയും ഇന്ന് രാവിലെ കോളേജിലെത്തിച്ച് തെളിവെടുക്കും. കത്തി കണ്ടെടുത്ത ശേഷം അഖിലിന് ശസ്ത്രക്രിയ നടത്തിയ മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറുടെ മൊഴിയെടുക്കും. ഈ കത്തിയുപയോഗിച്ചാണോ കുത്തിയതെന്ന് മുറിവിന്റെ സ്വഭാവം പരിശോധിച്ചാണ് ഉറപ്പിക്കേണ്ടത്. ഇന്ന് വൈകിട്ട് 5 വരെയാണ് നസീമിന്റെയും ശിവരഞ്ജിത്തിന്റെയും പൊലീസ് കസ്റ്റഡി.

അഖിൽ മൊഴി നൽകിയ കാര്യങ്ങളെല്ലാം രണ്ട് പ്രതികളും സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കൊടി കെട്ടാനുപയോഗിക്കുന്ന ഇരുമ്പുപൈപ്പും പട്ടിക കഷണവും കൊണ്ട് തലയ്ക്കടിച്ച് വീഴ്‌ത്തിയ ശേഷം, നസീം തന്നെ പിന്നിൽ നിന്ന് പിടിച്ചുവയ്ക്കുകയും ശിവരഞ്ജിത്ത് കുത്തുകയും ചെയ്തെന്നാണ് അഖിലിന്റെ മൊഴി. വിമതപ്രവർത്തനം നടത്തിയതിന്റെ ദേഷ്യത്തിലാണ് കുത്തിയതെന്നും ഇരുവരും മൊഴിനൽകി. പിടികിട്ടാനുള്ള 10 പ്രതികളുടെ വീടുകൾ കണ്ടെത്തിയതായും അവർ ഒളിവിലുള്ള സ്ഥലങ്ങൾ തിരിച്ചറിഞ്ഞതായും കന്റോൺമെന്റ് പൊലീസ് പറഞ്ഞു. ഇവരെ ഞായറാഴ്ചയ്ക്കുള്ളിൽ അറസ്റ്റ് ചെയ്യും. സെക്രട്ടേറിയറ്റിനും യൂണിവേഴ്സിറ്റി കോളേജിനും മുന്നിലെ തുടർച്ചയായ സമരങ്ങൾ നേരിടേണ്ടതിനാൽ പൊലീസിന് കേസന്വേഷണത്തിൽ കൂടുതൽ ശ്രദ്ധിക്കാനാവുന്നില്ല. ഇതുകാരണമാണ് കൂട്ടുപ്രതികളുടെ അറസ്റ്റ് വൈകുന്നത്.

അതിനിടെ, യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സർവകലാശാലാ ഉത്തരക്കടലാസ് മോഷ്‌ടിച്ചതിനും ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടറുടെ വ്യാജസീൽ ഉണ്ടാക്കിയതിനും ശിവരഞ്ജിത്തിനെതിരെ കന്റോൺമെന്റ് പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. ഈ കേസുകളിൽ തെളിവെടുപ്പിനായി ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുമെന്ന് കന്റോൺമെന്റ് പൊലീസ് പറഞ്ഞു. ഉത്തരക്കടലാസ് മോഷ്ടിച്ചതിനെക്കുറിച്ചും പരീക്ഷാ ക്രമക്കേട് കാട്ടിയതിനെക്കുറിച്ചും ക്രൈംബ്രാഞ്ചും അന്വേഷിക്കുന്നുണ്ട്. ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥനുമായി കൂടിയാലോചന നടത്തിയ ശേഷമാവും ശിവരഞ്ജിത്തിനെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുകയെന്ന് കന്റോൺമെന്റ് സി.ഐ അനിൽകുമാർ പറഞ്ഞു.

കുത്താൻ പരിശീലനം...?

പരിശീലനം നേടിയവർ ഏറെ വൈദഗ്ദ്ധ്യത്തോടെ കുത്തുന്നതു പോലെയാണ് അഖിലിനേറ്റ മുറിവുകൾ. ഇടനെഞ്ചിലെ മുറിവ് ഏറെ ആഴത്തിലുള്ളതാണ്. ഹൃദയത്തിന്റെ അടിഭാഗത്തിന് തൊട്ടടുത്തു വരെ ഈ കുത്തിന് ആഴമുണ്ട്. അൽപ്പം താഴെയാണ് രണ്ടാമത്തെ കുത്ത്. പിന്നിൽ മുതുകിലാണ് ചെറിയ മൂന്നാമത്തെ കുത്ത്. നസീമും ശിവരഞ്ജിത്തും കത്തിയുമായി കോളേജിലെത്തിയത് അഖിലിനെ കൊല്ലാൻ തന്നെയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടനെഞ്ചിലെ മുറിവ് മാരകമായിരുന്നു. ഒന്നര ലിറ്ററോളം രക്തം നഷ്ടമായ നിലയിലാണ് ആശുപത്രിയിലെത്തിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയാണ് ജീവൻ രക്ഷിച്ചത്.