തിരുവനന്തപുരം: നവോത്ഥാന മൂല്യസംരക്ഷണ സമിതിയുടെ പ്രവർത്തനം ഇടവേളയ്ക്ക് ശേഷം വീണ്ടും സർക്കാർ സജീവമാക്കുന്നു. ഇന്നലെ വിളിച്ചുചേർത്ത സമിതിയുടെ യോഗത്തിൽ സമീപകാലത്ത് പൊതുമണ്ഡലത്തിൽ ഏറെ ചർച്ചയായ കാർട്ടൂൺ വിവാദം തൊട്ട് യൂണിവേഴ്സിറ്റി കോളേജ് അതിക്രമം വരെയുള്ള വിഷയങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൃത്യമായി നിലപാട് വിശദീകരിച്ചു.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ കാർട്ടൂൺ വിവാദത്തിൽ ആശങ്കയുണ്ടെന്നും നവോത്ഥാനമൂല്യ സംരക്ഷണസമിതി എന്ന നിലയിൽ സർക്കാർനിലപാടിനെപ്പറ്റി തങ്ങൾക്കും പൊതുസമൂഹത്തിൽ വിശദീകരിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടി ആമുഖപ്രസംഗത്തിൽ കൺവീനർ പുന്നല ശ്രീകുമാർ ആണ് മുഖ്യമന്ത്രിയോട് നിലപാട് വിശദീകരിക്കണമെന്ന് അഭ്യർത്ഥിച്ചത്. ലളിതകലാ അക്കാഡമിയുടെ കഴിഞ്ഞതവണത്തെ കാർട്ടൂൺ പുരസ്കാരം തന്നെ കളിയാക്കി വരച്ച കാർട്ടൂണിനായിരുന്നെന്നും താനാണ് ആ പുരസ്കാരം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവിഷ്കാരസ്വാതന്ത്ര്യത്തോട് തുറന്ന സമീപനമാണ്. എന്നാൽ മതചിഹ്നം ഉപയോഗിച്ചുള്ള വര ചിലരിൽ വിഷമമുണ്ടാക്കി. അത് പരിശോധിക്കണമെന്ന് പറയേണ്ട ഉത്തരവാദിത്വം സർക്കാരിനുള്ളത് കൊണ്ട് അതൊന്ന് പരിശോധിക്കാൻ ബന്ധപ്പെട്ട ഏജൻസിയോട് നിർദ്ദേശിച്ചെന്നേയുള്ളൂ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
യൂണിവേഴ്സിറ്റി കോളേജിൽ എസ്.എഫ്.ഐയുമായി ബന്ധപ്പെട്ടുണ്ടായത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. സർക്കാർ കർക്കശനിലപാടാണ് സ്വീകരിച്ചത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ ഇടതുപാർട്ടികളുടെ അവലോകനങ്ങളിൽ ശബരിമലയുമായി ബന്ധപ്പെട്ട് പുറത്തുവന്ന നിരീക്ഷണങ്ങൾ ആശയക്കുഴപ്പമുണ്ടാക്കുന്നുവെന്ന അഭിപ്രായവും സമിതി കൺവീനർ ചൂണ്ടിക്കാട്ടി. എന്നാൽ നവോത്ഥാനമൂല്യ സംരക്ഷണത്തിനായുള്ള ശ്രമങ്ങളിൽ നിന്ന് പിറകോട്ടു പോകുന്ന പ്രശ്നമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.
സമിതിയെ സജീവമാക്കുന്നതിന്റെ ഭാഗമായി ജില്ലാതല സമിതികളിൽ കൂടുതൽ മതേതരമുഖങ്ങളെ ഉൾപ്പെടുത്തി കാര്യക്ഷമമാക്കും. സമിതിക്ക് മതേതരമുഖമില്ലെന്ന ആക്ഷേപം വനിതാമതിൽ വേളയിലുയർന്നിരുന്നു. വിട്ടുപോയ വയനാട് ജില്ലാസമിതിയും രൂപീകരിക്കും. ഈ മാസം 21 മുതൽ 31 വരെയായി ഈ പ്രക്രിയ പൂർത്തിയാക്കും. സമിതി പ്രചാരണം ശക്തമാക്കാനായി ആഗസ്റ്റ് 15 മുതൽ സെപ്തംബർ 30വരെ ജില്ലാടിസ്ഥാനത്തിൽ ബഹുജന കൂട്ടായ്മകളൊരുക്കും. കാമ്പസുകളിൽ ഒക്ടോബറിൽ നവോത്ഥാനസെമിനാറുകളൊരുക്കും. എം.ഇ.എസ് അടക്കമുള്ള മാനേജ്മെന്റുകളും ഇതിന് സമ്മതമറിയിച്ചിട്ടുണ്ട്. കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള നവോത്ഥാനനായകരുടെ സ്മൃതിമണ്ഡപങ്ങളിലേക്ക് ഡിസംബറിൽ നടത്തുന്ന സ്മൃതിയാത്ര സമിതിയുടെ ശക്തിപ്രകടനമാക്കാനും ധാരണയായി.