നെടുമങ്ങാട് : അവഗണനയുടെ ഇരുണ്ട താഴ്വരയിൽ നിന്ന് പത്താംകല്ലിലെ വി.ഐ.പി (വാമനപുരം ഇറിഗേഷൻ പ്രൊജക്ട്) പ്രദേശം വികസനത്തിന്റെ പുതുവെളിച്ചത്തിലേക്ക്.
വാമനപുരം ഇറിഗേഷൻ പ്രൊജക്ടിന്റെ പേരിൽ വാട്ടർ അതോറിട്ടി കൈവശം വച്ചിരുന്ന 1.50 ഏക്കർ സ്ഥലം ടൂറിസം വകുപ്പിന് കൈമാറാനുള്ള അനുമതിയായി. കാടും പടർപ്പും തെളിച്ച് ടൂറിസം വകുപ്പ് മുഖേനെ കൺവെൻഷൻ സെന്ററും ഹോട്ടലും നിർമ്മിക്കാൻ സർക്കാർ തീരുമാനിച്ചു. പാർക്കിംഗ് സൗകര്യവും ചിൽഡ്രൻസ് പാർക്കും ഉൾപ്പെടെ 10 കോടി രൂപയുടെ നിർമ്മാണ പദ്ധതിയാണ് അണിയറയിൽ ഒരുങ്ങുന്നത്. താലൂക്കിൽ നെൽകൃഷി വ്യാപകമായിരുന്ന കാലത്ത് കല്ലാറിൽ ഡാം നിർമ്മിച്ച് ജില്ലയിലെ കൃഷിയിടങ്ങളിൽ വിതരണം ചെയ്യാൻ ലക്ഷ്യമിട്ട് ആവിഷ്കരിച്ചതാണ് വാമനപുരം ഇറിഗേഷൻ പ്രൊജക്ട്. കൃഷി നിലച്ചതോടെ പദ്ധതി പ്രവർത്തനം അവസാനിപ്പിച്ച് ഉദ്യോഗസ്ഥർ മടങ്ങിയതോടെ കെട്ടിടങ്ങളും പ്രദേശവും സാമൂഹ്യവിരുദ്ധ സംഘങ്ങളുടെ താവളമായി. ഇതുസംബന്ധിച്ച് 'കേരളകൗമുദി" വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ജലസേചന വകുപ്പിൽ നിന്ന് സ്ഥലം വീണ്ടെടുക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ രംഗത്ത് വന്നതിനെ തുടർന്ന് സി.ദിവാകരൻ എം.എൽ.എ ഇടപെട്ടാണ് ടൂറിസം വകുപ്പിന് കൈമാറാൻ തീരുമാനിച്ചത്.
സ്ഥലമേറ്റെടുക്കലിനെ ചൊല്ലി വിവാദത്തിലായ നാലുവരിപ്പാതയ്ക്ക് പകരം വഴയില മുതൽ പാലോട് വരെ ആധുനിക നിലവാരത്തിലുള്ള റോഡ് നിർമ്മിക്കാൻ തീരുമാനിച്ചതായും ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി 25 കോടി രൂപ അനുവദിച്ചതായും സി.ദിവാകരൻ എം.എൽ.എ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വാളിക്കോട് പാലത്തിന്റെ നിർമ്മാണം അടുത്ത വർഷം മാർച്ചിൽ പൂർത്തിയാവും. 40 ലക്ഷം രൂപ ചെലവിട്ട് കരിപ്പൂര് വില്ലേജ് ഓഫീസ് സ്മാർട്ട് വില്ലേജ് ഓഫീസാക്കി മാറ്റുന്നതിന്റെ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പുതിയ റവന്യൂ ടവർ നിർമ്മാണം കിഫ്‌ബിയിൽ നിന്നു ഒഴിവാക്കി വകുപ്പ് ഫണ്ടിൽ ഉൾപ്പെടുത്തുന്നതിന് സർക്കാർ അനുമതി ലഭിച്ചിട്ടുണ്ട്.
നടപ്പിലാവുന്ന പ്രധാന പദ്ധതികൾ
---------------------------------------------------
*നെടുമങ്ങാട് പുതിയ റവന്യൂ ടവർ - 9.7 കോടി
*പത്താംകല്ല് വി.ഐ.പിയിൽ കൺവെൻഷൻ സെന്ററും ഹോട്ടലും - 10 കോടി
*വഴയില -പഴകുറ്റി -കച്ചേരി നട -പതിനൊന്നാം കല്ല് -റോഡ് നിർമ്മാണം - 25 കോടി
*നെടുമങ്ങാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസ് നിർമ്മാണം - 7 കോടി
*നെടുമങ്ങാട് ടെക്നിക്കൽ സ്കൂളിന് പുതിയ കെട്ടിടം - 6 കോടി
*നെടുമങ്ങാട് ഗവ.കോളേജിന് കെട്ടിടം - 7.62 കോടി
*ഗവൺമെന്റ് പോളിടെക്നിക് കോളേജിൽ രണ്ടാം നില നിർമ്മാണം - 6.50 കോടി
*കുടിവെള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് - 1.36 കോടി
*മംഗലപുരം- പഴകുറ്റി റോഡിന് സ്ഥലം ഏറ്റെടുക്കൽ - 30 കോടി
* പോത്തൻകോട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം - 11 കോടി
*വാളിക്കോട് പാലം നിർമ്മാണം - 6 കോടി