. ഇന്ന് നിശ്ചയിച്ചിരുന്ന വിൻഡീസ് പര്യടനത്തിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ മാറ്റിവച്ചു
യോഗം മാറ്റാൻ കാരണം ബി.സി.സി.ഐ നിയമഭേദഗതി , ശനിയാഴ്ചയോ ഞായറാഴ്ചയോ നടന്നേക്കും
മുംബയ് : അടുത്തമാസം ആദ്യം നടക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടെസ്റ്റ്, ഏകദിന ട്വന്റി 20 ടീമുകളെ തിരഞ്ഞെടുക്കാനായി ഇന്ന് ചേരാനിരുന്ന ബി.സി.സി.ഐ സെലക്ഷൻ കമ്മിറ്റിയോഗം മാറ്റിവച്ചു.സെലക്ഷൻ കമ്മിറ്റിയോഗത്തിൽ കൺവീനറായി ബി.സി.സി.ഐ സെക്രട്ടറി പങ്കെടുക്കേണ്ടതില്ല എന്ന നിയമഭേദഗതിയെത്തുടർന്നുള്ള സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് യോഗം മാറ്റിയത്. ശനിയാഴ്ചയോ ഞായറാഴ്ചയോ യോഗം നടന്നേക്കുമെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ അറിയിച്ചു.
ബി.സി.സി.ഐ സെക്രട്ടറി വേണ്ട
സെലക്ഷൻ കമ്മിറ്റി യോഗത്തിൽ കൺവീനറായി ബി.സി.സി.ഐ സെക്രട്ടറി പങ്കെടുക്കേണ്ടെന്ന് സുപ്രീംകോടതി നിയോഗിച്ച താത്കാലിക ഭരണസമിതിയാണ് നിയമഭേദഗതി വരുത്തിയത്. ലോധ കമ്മിഷൻ ശുപാർശ പ്രകാരമാണ് നിയമഭേദഗതി. ടീമിൽ പിന്നീട് മാറ്റം വരുത്താനും ബി.സി.സി.ഐ സെക്രട്ടറിയുടെ അനുമതി ആവശ്യമില്ല.ടീം സെലക്ഷനിൽ ക്രിക്കറ്റ് രംഗത്തുള്ളവരല്ലാതെ മറ്റാരും ഇടപെടേണ്ടെന്നാണ് ലോധ കമ്മിഷൻ ശുപാർശ. എന്നാൽ അത് ഇതേവരെ നടപ്പിലാക്കാൻ ബി.സി.സി.ഐ തയ്യാറായിരുന്നില്ല.
ഉയരുന്ന ചോദ്യങ്ങൾ
ലോകകപ്പ് സെമി ഫൈനലിലെ തോൽവിക്ക് ശേഷം മൂന്ന് ഫോർമാറ്റുകളിലെയും ടീമിനെ തിരഞ്ഞെടുക്കാനിരിക്കുമ്പോൾ സെലക്ടർമാർക്ക് മുന്നിലുയരുന്ന പ്രധാന ചോദ്യങ്ങൾ ഇവയാണ്.
1. ധോണിയുടെ കരിയർ
ലോകകപ്പിന് ശേഷം ധോണി വിരമിക്കുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും ഇതുവരെ ധോണി ഇതിനെക്കുറിച്ച് മിണ്ടിയിട്ടേയില്ല. സെലക്ടർമാരും ധോണിയും തമ്മിൽ രഹസ്യചർച്ചകൾ നടന്നതായി അറിയുന്നുണ്ട്.
അതേസമയം ഋഷഭ് പന്തിന് വിക്കറ്റ് കീപ്പറായി കൈതെളിയാൻ അവസരം നൽകി കുറച്ചുനാൾകൂടി ധോണി ടീമിൽ തുടരാനാണ് സാദ്ധ്യതയെന്ന് ബി.സി.സി.ഐയിലെ ഉപശാലകളിൽ ചില ഫോർമുലകൾ ഉരുത്തിരിഞ്ഞിട്ടുണ്ട്. ഏതായാലും വിൻഡീസ് പര്യടനത്തിൽ ധോണി കളിക്കാൻ സാദ്ധ്യത കുറവാണ്. അതിന് ശേഷമുള്ള ഹോം സീരീസുകളിൽ ടീമിലുണ്ടായേക്കും. അടുത്ത രണ്ടുമാസം ടെറിട്ടോറിയൽ സേനയിൽ പരിശീലനം നടത്താനും ധോണി ആലോചിക്കുന്നുണ്ട്.
2. സീനിയേഴ്സിന്റെ വിശ്രമം
വിരാട് കൊഹ്‌ലിക്ക് പര്യടനത്തിലെ ട്വന്റി 20, ഏകദിന മത്സരങ്ങളിൽ വിശ്രമം നൽകി ടെസ്റ്റിലേക്ക് മാത്രമെടുക്കാനാണ് സാധ്യത. ഐ.പി.എല്ലിനും ലോകകപ്പിനും ശേഷം ക്യാപ്ടന് മതിയായ വിശ്രമം വേണമെന്നാണ് പൊതു അഭിപ്രായം. എന്നാൽ താൻ പര്യടനത്തിന്റെ തുടക്കം മുതൽ കളിക്കാൻ തയ്യാറാണെന്ന് കൊഹ്‌ലി സെലക്ടർമാരെ അറിയിച്ചിട്ടുണ്ട്.
ബുംറയ്ക്കും വിശ്രമമാണ് ആവശ്യം. ഐ.പി.എല്ലിൽ തുടർച്ചയായ 10 മത്സരങ്ങൾക്ക് ശേഷം ലോകകപ്പിലെ സെമിവരെയുള്ള എല്ലാ മത്സരങ്ങളിലും ബുംറ കളിച്ചു. ട്വന്റി 20 പരമ്പരയിലെങ്കിലും ബുംറയ്ക്ക് വിശ്രമം നൽകിയേക്കും.
ശിഖർ ധവാൻ, വിജയ് ശങ്കർ എന്നിവരുടെ പരിക്കിനെക്കുറിച്ചും മടങ്ങിവരവിനെക്കുറിച്ചും സെലക്ടർമാർ ഇന്ന് ചർച്ച ചെയ്യും. ധവാൻ പൂർണ ശാരീരിക ക്ഷമത വീണ്ടെടുത്താൽ മാത്രമേ ടീമിൽ ഉൾപ്പെടുത്തുകയുള്ളു. വിജയ് ശങ്കറിന്റെ പരിക്ക് ഭേദമായി വരികയാണെന്നാണ് റിപ്പോർട്ട്. ഹാർദിക് പാണ്ഡ്യയ്ക്ക് നടുവേദനയുടെ പ്രശ്നമുള്ളതിനാൽ പര്യടനത്തിലെ ഏതെങ്കിലും ഫോർമാറ്റുകളിൽ വിശ്രമം നൽകിയേക്കും.
വാതിൽ തുറക്കുന്നത് കാത്ത്
ലോകകപ്പിന് ശേഷം ഉടച്ചുവാർക്കൽ ഉണ്ടാകുമെങ്കിൽ തങ്ങളുടെ ഭാഗ്യം കാത്തിരിക്കുന്നത് നിരവധി യുവതാരങ്ങളാണ്.
ശ്രേയസ് അയ്യർ
2017 ൽ ട്വന്റി 20 യിൽ ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറിയ ശ്രേയസ് പിന്നീട് ഏകദിനത്തിലും കളിച്ചു. എന്നാൽ സ്ഥിരമായി ടീമിലെത്താനായിട്ടില്ല. ആഭ്യന്തരക്രിക്കറ്റിൽ മുംബയ്ക്കായും ഐ.പി.എൽ ഡൽഹിക്കായും മികച്ച പ്രകടനം.
മായാങ്ക് അഗർവാൾ
ലോകകപ്പിൽ വിജയ് ശങ്കറിന് പരിക്കേറ്റപ്പോൾ പകരക്കാരനായി വിളിപ്പിച്ച മായാങ്ക് അഗർവാൾ ഇതുവരെ ഏകദിന അരങ്ങേറ്റം നടത്തിയിട്ടില്ല. കഴിഞ്ഞ ഡിസംബറിൽ ആസ്ട്രേലിയയ്ക്ക് എതിരെ ടെസ്റ്റിൽ അരങ്ങേറിയിരുന്നു. ആഭ്യന്തര ക്രിക്കറ്റിൽ മിന്നുന്ന പ്രകടനം.
പൃഥ്വി ഷാ
ടെസ്റ്റ് അരങ്ങേറ്റത്തിൽ മിന്നിയ ഷായെ ആസ്ട്രേലിയൻ പര്യടനത്തിന് തൊട്ടുമുമ്പ് പരിക്ക് പിടികൂടിയതാണ്. ടെസ്റ്റിന് പുറമേ ട്വന്റി 20 ഏകദിന ടീമുകളിലേക്ക് കൂടി പ്രതീക്ഷിക്കുന്നു.
മനീഷ് പാണ്ഡെ
ഏകദിന ടീമിൽ വല്ലപ്പോഴുമെത്തുന്ന സന്ദർശകനാണ് പാണ്ഡെ. ഇപ്പോൾ വിൻഡീസിൽ പര്യടനം നടത്തുന്ന എ ടീമിന്റെ നായകൻ. സീനിയർ ടീമിൽ സ്ഥിരം സ്ഥാനം പ്രതീക്ഷിക്കുന്നു.
നവ്‌ദീപ് സെയ്‌നി
സീനിയർ പേസർമാർക്ക് വിശ്രമം നൽകുകയാണെങ്കിൽ സെയ്‌നിക്ക് അവസരം ലഭിച്ചേക്കും. ലോകകപ്പിൽ റിസർവ് ടീമിൽ അംഗമായിരുന്നു.
വിൻഡീസ് പര്യടനം
ആഗസ്റ്റ് മൂന്നുമുതൽ സെപ്തംബർ മൂന്നുവരെയാണ് പര്യടനം.
ആദ്യം മൂന്ന് ട്വന്റി 20 കൾ. തുടർന്ന് മൂന്ന് ഏകദിനങ്ങൾ. ഒടുവിൽ രണ്ട് ടെസ്റ്റുകൾ.