matthis-deligt
matthis deligt

ഡച്ച് ക്ളബ് അയാക്സിൽ നിന്ന് 19 കാരൻ സെൻട്രൽ ഡിഫൻഡർ മതീസ് ഡിലൈറ്റിനെ ഇറ്റാലിയൻ ക്ളബ് സ്വന്തമാക്കി.

ടൂറിൻ : കഴിഞ്ഞ സീസൺ ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഡച്ച് ക്ളബ് അയാക്സിന്റെ നായകൻ മതീസ് ഡിലൈറ്റിനെ ഇറ്റാലിയൻ ക്ളബ് യുവന്റസ് സ്വന്തമാക്കി. ആ മത്സരത്തിൽ ഡിലൈറ്റ് ഗോൾ നേടുകയും ചെയ്തിരുന്നു.

. 750 ലക്ഷം യൂറോയ്ക്കാണ് അഞ്ചുവർഷത്തേക്ക് ഡിലൈറ്റുമായി യുവന്റസ് കരാർ ഒപ്പിട്ടിരിക്കുന്നത്.

. ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും (1050 ലക്ഷം യൂറോ), ഗോൺസാലോ ജെറാഡോ ഹിഗ്വെയ്‌നും (900 ലക്ഷം യൂറോ) ശേഷം യുവന്റസ് ഏറ്റവുമധികം തുകമുടക്കുന്ന താരമാണ് ഡിലൈറ്റ്.

. ഒരു ഡിഫൻഡർക്ക് യുവന്റസ് നൽകുന്ന ഏറ്റവും ഉയർന്ന പ്രതിഫലവും ഡിലൈറ്റിന് തന്നെ.

. മാഞ്ചസ്റ്റർ യുണൈറ്റഡ്, ബാഴ്സലോണ, പാരീസ് സെന്റ് ജെർമ്മയ്ൻ ക്ളബുകളും ഇൗ 19 കാരനുവേണ്ടി വല വീശിയിരുന്നു.

. 117 മത്സരങ്ങൾ അയാക്സിന് വേണ്ടി കളിച്ച ഡിലൈറ്റ് 13 ഗോളുകൾ നേടി. കഴിഞ്ഞ സീസണിൽ ചാമ്പ്യൻസ് ലീഗ് സെമിയിലെത്തിയതാണ് പ്രധാന നേട്ടം.

. 18-ാം വയസിൽ അയാക്സിന്റെ ക്യാപ്ടനായി. ഡച്ച് ക്ളബിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ക്യാപ്ടൻ.

ക്രിസ്റ്റ്യാനോ വിളിച്ചു

ഡിലൈറ്റിനെ യുവന്റസിലേക്ക് ക്ഷണിച്ചത് സൂപ്പർതരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. ജൂണിൽ യുവേഫ നേഷൻസ് ലീഗ് ഫൈനലിൽ ഡിലൈറ്റിന്റെ ഹോളണ്ടിനെ തോൽപ്പിച്ച ശേഷമാണ് ക്രിസ്റ്റ്യാനോ ക്ളബിൽ ഒപ്പം കൂടാൻ വിളിച്ചത്.

17 മത്സരങ്ങൾ ഹോളണ്ട് ദേശീയ ടീമിനുവേണ്ടി കളിച്ചു.