p-t-usha
p t usha

ന്യൂഡൽഹി : അത്‌ലറ്റിക്സിലെ മലയാളി ഇതിഹാസം പി.ടി. ഉഷയ്ക്ക് ഇന്റർനാഷണൽ അസോസിയേഷൻ ഒഫ് അത്‌ലറ്റിക്സ് ഫെഡറേഷൻസിന്റെ വെറ്ററൻ പിൻ പുരസ്കാരം. അത്‌ലറ്റിക് ഫെഡറേഷൻ ഒഫ് ഇന്ത്യയാണ് പുരസ്കാരത്തിനായി ഉഷയുടെ പേര് നിർദ്ദേശിച്ചത്. നാമനിർദ്ദേശം അംഗീകരിച്ചുകൊണ്ടുള്ള ഐ.എ.എ.എഫിന്റെ കത്ത് ഉഷയ്ക്ക് ഇന്നലെ ലഭിച്ചു.

അത്‌ലറ്റിക്സിൽ ദീർഘകാലം മികവ് പുലർത്തിയവരെ ആദരിക്കുന്നതിനായി അന്താരാഷ്ട്ര ഫെഡറേഷൻ നൽകുന്നതാണ് പുരസ്കാരം. സെപ്തംബറിൽ ദോഹയിൽ നടക്കുന്ന ഐ.എ.എ.എഫിന്റെ 52-ാമത് അന്താരാഷ്ട്ര കോൺഗ്രസിൽ പുരസ്കാരം സമ്മാനിക്കും.

'പയ്യോളി എക്സ്‌പ്രസ്' എന്ന ഒാമനപ്പേരിൽ അറിയപ്പെടുന്ന പി.ടി. ഉഷ ഒളിമ്പിക്സിലുൾപ്പെടെ നിരവധി അന്താരാഷ്ട്ര മീറ്റുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ച താരമാണ്. ഇന്ത്യ കണ്ട ഏറ്റവും മികച്ച വനിതാ അത്‌ലറ്റായി വിലയിരുത്തപ്പെടുന്നു.

1984 ലോസാഞ്ചലസ് ഒളിമ്പിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നൂറിലൊന്ന് സെക്കൻഡിന്റെ വ്യത്യാസത്തിലാണ് വെങ്കല മെഡൽ നഷ്ടമായത്.

തന്നെ പുരസ്കാരത്തിന് തിരഞ്ഞെടുത്ത അന്താരാഷ്ട്ര ഫെഡറേഷനും നാമനിർദ്ദേശം ചെയ്ത ദേശീയ ഫെഡറേഷനും ഉഷ നന്ദി അറിയിച്ചു.

ഇന്ത്യയുടെ ഉഷസ്

. 1979 ലാണ് ഉഷ ട്രാക്കിലെത്തിയത്.

. 2 ഒളിമ്പിക്സുകളിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു.

. അർജുന, പത്മശ്രീ പുരസ്കാരങ്ങൾ.

. 1986 സോൾ ഏഷ്യൻ ഗെയിംസിൽ നാല് സ്വർണവും ഒരു വെള്ളിയും ഉൾപ്പെടെ അഞ്ച് മെഡലുകൾ.

. 86 മുതൽ 94 വരെയുള്ള ഏഷ്യൻ ഗെയിമുകളിൽ നിന്നായി നാല് സ്വർണവും ഏഴ് വെള്ളിയും സ്വന്തമാക്കി.

. 1983 മുതൽ 1998 വരെയുള്ള അഞ്ച് ഏഷ്യൻ ചാമ്പ്യൻഷിപ്പുകളിൽ നിന്നായി 14 സ്വർണവും ആറ് വെള്ളിയും മൂന്ന് വെങ്കലവും ഉൾപ്പെടെ 23 മെഡലുകൾ

100, 200, 400, 400 മീറ്റർ ഹർഡിൽസുകളിലായി നിരവധി ദേശീയ മെഡലുകൾ.