മെഡിക്കൽ രംഗത്ത് അമ്പത് വർഷത്തിലേറെ അദ്ധ്യാപന പരിചയമുള്ള ഒരാൾ കാണാൻ വന്നു. പല മെഡിക്കൽ കോളേജുകളും മെഡിക്കൽ യൂണിവേഴ്സിറ്റികളും തുടങ്ങുമ്പോൾ വേണ്ട പ്രാരംഭപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിച്ചിട്ടുള്ളയാളുമാണ്. അദ്ദേഹം പറയുന്നു.
'ഞങ്ങളൊക്കെ മെഡിക്കൽ കോളേജിൽ പഠിക്കുമ്പോൾ ഒരു ക്ളാസിൽ നിന്ന് അടുത്ത ക്ളാസിലേക്ക് പോകുമ്പോൾ ഒാട്ടമായിരുന്നു. എന്തിനെന്നോ? ക്ളാസിലെ മുൻനിരയിൽത്തന്നെ സീറ്റുകിട്ടാൻ അവിടെയിരുന്നാലേ ഗുരുമുഖത്തുനിന്ന് വരുന്ന കാര്യങ്ങൾ നേരിട്ട് ശ്രദ്ധയോടുകൂടി ഗ്രഹിക്കാനാവൂ. ഇപ്പോഴും കുട്ടികൾ അതുപോലെ ഒാടുന്നുണ്ട്. എന്തിനാണെന്നോ, ഏറ്റവും പിൻനിരയിൽ സീറ്റ് പിടിക്കാൻ. അവിടെയിരുന്നാലേ സ്വാതന്ത്ര്യമുള്ളൂ! അവിടെയിരുന്നാൽ സൗകര്യപൂർവ്വം മൊബൈൽ ചാറ്റിംഗ് ആകാം; സിനിമ കാണാം. അങ്ങനെ പഠനം രസകരമാക്കാം. മുൻനിരയിൽ ഉണ്ടാകുന്നത് രണ്ടോ മൂന്നോപേർ മാത്രം.
ഇവരാണല്ലോ 'പഠിച്ച" വൈദ്യശാസ്ത്രവും വച്ചുകൊണ്ട് രോഗികളെ ചികിത്സിക്കേണ്ടത്. ഇവരുടെ ചികിത്സ ലഭിക്കുന്ന രോഗികളുടെ സ്ഥിതി എന്തായിരിക്കും!
ഞങ്ങൾ പഠിക്കുന്ന കാലത്ത് ഞങ്ങൾക്ക് ഒരു ജീവിത സൗകര്യവുമുണ്ടായിരുന്നില്ല. അതുകൊണ്ടായിരിക്കാം ഞങ്ങൾക്ക് ഒരു അർപ്പണമനോഭാവം ഉണ്ടായിരുന്നത്. ആ മനോഭവം ഇപ്പോൾ ഞങ്ങൾ ചെയ്യുന്ന കാര്യത്തിലും വച്ചുപുലർത്തുന്നു.
'ഇന്നത്തെ മെഡിക്കൽ വിദ്യാർത്ഥികളിൽ മിക്കവരും സമ്പന്നരാണ്. സെൽഫ് ഫിനാൻസിംഗ് കോളേജിലെയാണെങ്കിൽ പിന്നെ ചോദിക്കുകയും വേണ്ട. അവരെ സംബന്ധിച്ചിടത്തോളം ഇൗ തൊഴിൽ സമൂഹത്തിൽ മാന്യതയോടുകൂടി അലസരായി ജീവിക്കാനുള്ള ഒരു ലൈസൻസ് മാത്രമാണ്."
ഇൗ പ്രൊഫസറുടെ അഭിപ്രായത്തിൽ, നമ്മുടെ മെഡിക്കൽ വിദ്യാഭ്യാസത്തിന്റെ നിലവാരം താഴോട്ട് കൂപ്പുകുത്തുകയാണ്. മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിലവാരവും അതുപോലെതന്നെ.
ആധുനിക വിവര സാങ്കേതികവിദ്യ മനുഷ്യന് സൗകര്യം നൽകുന്നത്, എല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കിക്കൊണ്ട് അലസരായിരിക്കാനാണ്. അദ്ധ്യാപനത്തിലും അദ്ധ്യയനത്തിലും ആവശ്യം ശുഷ്കാന്തിയാണ്. ശുഷ്കാന്തി ആലസ്യത്തിലേക്ക് വഴിപ്പെട്ടു കൊണ്ടിരിക്കുന്നതാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. തിന്നാനും കുടിക്കാനുമുള്ളത് യഥേഷ്ടം എവിടെയും ഏത് തരത്തിലും ഏത് രുചിയിലും എപ്പോഴും കിട്ടും എന്നുള്ളത് ഇതിന് ആക്കം കൂട്ടുന്നു. ഇൗ ആലസ്യത്തേയും അതിനിടയാക്കുന്ന ടെക്നോളജിയും ശുഷ്കാന്തിക്ക് വിധേയമാക്കാത്തിടത്തോളം കാലം ഇൗ രംഗം തെളിമയുള്ളതാകാൻ പോകുന്നില്ല. തന്റെ ജീവിതകാലം മുഴുവൻ ശുഷ്കാന്തിയോടുകൂടി കൈകാര്യം ചെയ്തിരുന്ന മെഡിക്കൽ വിദ്യാഭ്യാസരംഗത്തിന്റെ കാര്യത്തിൽ ഇൗ വയോധികനായ പ്രൊഫസർ നിരാശനാണ്.