ട്യൂഷൻ ക്ളാസിലേക്ക് പുറപ്പെട്ട ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി അതിനിഷ്ഠൂരമാംവിധം മാനഭംഗപ്പെടുത്തിയശേഷം കൊലപ്പെടുത്തിയ കേസിൽ ഇരുപത്തഞ്ചുകാരനായ പ്രതി രാജേഷിന് കൊല്ലം പോക്സോ സ്പെഷ്യൽ കോടതി മൂന്നു ജീവപര്യന്തവും തുടർന്ന് 26 വർഷത്തെ കഠിന തടവുമാണ് ശിക്ഷ വിധിച്ചത്.
പ്രതി ജീവിതാന്ത്യം വരെ ഇരുമ്പഴിക്കുള്ളിൽത്തന്നെ കഴിയണമെന്നാണ് കോടതി തീർപ്പ്. പെൺകുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ അക്രമ സംഭവങ്ങൾ അഭൂതപൂർവ്വമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഇക്കാലത്ത് ഇതുപോലുള്ള അത്യപൂർവ്വ ശിക്ഷ അനിവാര്യം തന്നെയാണ്. ശിക്ഷ എത്രകണ്ട് കഠിനമാക്കിയാലും കുറ്റകൃത്യങ്ങൾ കുറയാൻ പോകുന്നില്ലെന്നത് വേറെ കാര്യം. എങ്കിലും പിഞ്ചു കുട്ടികളെ പീഡനത്തിനു വിധേയരാക്കുകയും ഒരു ദയവുമില്ലാതെ കൊല്ലുകയും ചെയ്യുന്ന നരാധമന്മാർക്ക് ഇതിൽ കുറഞ്ഞ ശിക്ഷ നൽകി ഏതാനും വർഷത്തേക്ക് മാത്രം ജയിലിലടയ്ക്കുന്നതിലെ ദയാശൂന്യത ഏവർക്കും ബോദ്ധ്യപ്പെടും. അമ്മൂമ്മയോടൊപ്പം നന്നേ രാവിലെ ട്യൂഷനു പുറപ്പെട്ട ബാലികയെ താൻ കൊണ്ടുപോയി വിടാം എന്നു പറഞ്ഞാണ് ബന്ധുകൂടിയായ പ്രതി വിളിച്ചുകൊണ്ടു പോയത്.
വിശ്വാസ വഞ്ചന മാത്രമല്ല മൃഗങ്ങൾ പോലും ചെയ്യാത്ത ക്രൂരതയാണ് പ്രതി ആ കുട്ടിയോട് കാണിച്ചത്. കേസ് അന്വേഷിച്ച പൊലീസ് ഓഫീസർമാരുടെ അന്വേഷണ പാടവവും അർപ്പണ ബോധവുമാണ് പ്രതിയെ കണ്ടെത്താനും പഴുതുകളില്ലാത്ത കുറ്റപത്രം തയ്യാറാക്കി പ്രതിക്ക് അർഹമായ ശിക്ഷ തന്നെ വാങ്ങിക്കൊടുക്കാനും സഹായകമായത്. പൊലീസും പ്രോസിക്യൂഷനും സമൂഹത്തിന്റെ അഭിനന്ദനത്തിന് സർവ്വഥാ അർഹമാണ്. സംസ്ഥാനത്ത് പെരുകിക്കൊണ്ടിരിക്കുന്ന ബാലപീഡനങ്ങളുടെ പേടിപ്പെടുത്തുന്ന ഒരേടാണ് അഞ്ചൽ ഏരൂരിൽ നടന്ന ഈ സംഭവം. സമൂഹത്തെക്കുറിച്ചോ നിയമത്തെക്കുറിച്ചോ ഒരു ബോധവുമില്ലാതെ ഏതു ദുഷ് കർമ്മങ്ങൾക്കും തുനിഞ്ഞിറങ്ങുന്ന മനുഷ്യാധമന്മാർക്കുള്ള നീതി പീഠത്തിന്റെ ഒരു മുന്നറിയിപ്പായി വേണം കൊല്ലം പോക്സോ കോടതിയുടെ ഈ അപൂർവ്വ വിധിയെ കാണാൻ. പ്രതിയുടെ പ്രായം കണക്കിലെടുത്തു മാത്രമാണ് വധശിക്ഷ വിധിക്കാത്തതെന്ന് ജഡ്ജി വിധിന്യായത്തിൽ പറയുന്നുണ്ട്.
കുറ്റകൃത്യത്തിന്റെ സ്വഭാവം വച്ചു നോക്കിയാൽ പ്രതി ഒരു ദയയും അർഹിക്കുന്നില്ലെന്നു കാണാം. വിചാരണ കോടതി വിധിച്ച ശിക്ഷ മേൽകോടതി അതേപടി നിലനിറുത്തുമോ എന്നു പറയാനാവില്ല. എന്നിരുന്നാലും ജീവപര്യന്തം തടവെന്നാൽ ജീവിതാന്ത്യം വരെയുള്ളതാണന്ന ഉന്നത നീതിപീഠത്തിന്റെ തീർപ്പ് നിലവിലുള്ള സ്ഥിതിക്ക് പ്രതിയുടെ ശിഷ്ട ജീവിതം തുറുങ്കിൽത്തന്നെയാകുന്നതാണ് ഉചിതം. മനുഷ്യ രൂപമുള്ള ചെകുത്താൻമാർക്ക് ഇതിൽ കുറഞ്ഞ ഒരു ശിക്ഷ നൽകാനുമാകില്ല.
പീഡനക്കേസുകളുടെ വിചാരണയ്ക്കായി മാത്രം എല്ലാ ജില്ലകളിലും പോക്സോ കോടതികൾ നിലവിൽ വരേണ്ടതുണ്ട്. അത്രയേറെ കേസുകളാണ് സംസ്ഥാനത്ത് തീർപ്പു കാത്തു കിടക്കുന്നത്. ഒാരോ വർഷവും കേസുകൾ വർദ്ധിക്കുന്നുമുണ്ട്. പോക്സോ കേസുകളിൽ അതിവേഗം തീർപ്പു സാദ്ധ്യമാകണമെങ്കിൽ അന്വേഷണ ഘട്ടം മുതൽ ആ വഴിക്കു വ്യക്തവും ദൃഢവുമായ ശ്രമം ഉണ്ടാകണം. കേസുകൾ അനിശ്ചിതമായി വൈകുന്നതിൽ നിന്ന് നേട്ടമുണ്ടാകുന്നത് എപ്പോഴും പ്രതികൾക്കാണ്.
അഞ്ചലിലെ പീഡനക്കേസിൽ രണ്ടു വർഷമായപ്പോഴാണ് വിധി ഉണ്ടാകുന്നത്. മറ്റു ചില കേസുകൾ വച്ചു നോക്കിയാൽ ഇത് അധികം വൈകിയിട്ടില്ലെന്നും പറയാം. പോക്സോ കോടതി അതിവേഗ കോടതിയുടെ ശൈലിയിൽ പ്രവർത്തിച്ചാലേ പീഡനക്കേസുകളിലെ ഇരകൾക്ക് കാലവിളംബമില്ലാതെ നീതി ലഭ്യമായെന്ന് ആശ്വസിക്കാനാവൂ.
പതിനാറു വയസുവരെയുള്ള കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമക്കേസുകളിൽ വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്യുന്ന വിധം ഇതുമായി ബന്ധപ്പെട്ട നിയമം ഭേദഗതി ചെയ്യാൻ കേന്ദ്രം ഒരുങ്ങുകയാണ്. രാജ്യത്തുടനീളം കുറച്ചുകാലമായി ബാലിക പീഡനങ്ങൾ ക്രമാതീതമായി വർദ്ധിച്ചുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണിത്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും ബാലികമാർക്ക് നേരെയുള്ള അതിക്രമം പെരുകുന്നതായാണ് പൊലീസിന്റെ പക്കലുള്ള കണക്ക്. പോക്സോ നിയമം കൂടുതൽ കഠിനമാക്കാനുദ്ദേശിച്ച് ഇക്കഴിഞ്ഞ ജനുവരിയിൽ കേന്ദ്രം പാർലമെന്റിൽ ഭേദഗതി ബിൽ അവതരിപ്പിച്ചതാണ്. തിരഞ്ഞെടുപ്പു വന്നു കയറിയതിനാൽ ബിൽ പാസാക്കാൻ കഴിഞ്ഞില്ല. കഴിഞ്ഞ ദിവസം ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ബലാൽസംഗം ചെയ്യുന്നവർക്ക് വധശിക്ഷ വരെ നൽകാൻ വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഗുരുതര സ്വഭാവത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർക്ക് ഇരുപതു വർഷം വരെ തടവുശിക്ഷ നൽകാനും സാദ്ധ്യതയുണ്ട്. നീലച്ചിത്ര നിർമ്മാണത്തിന് കുട്ടികളെ ഉപയോഗിക്കൽ, കുട്ടികളുടെ നീലച്ചിത്രങ്ങൾ സൂക്ഷിക്കൽ തുടങ്ങിയവയും തടവു ശിക്ഷയ്ക്കു വിധിക്കാവുന്ന കുറ്റകൃത്യങ്ങളാണ്.
നിയമനങ്ങൾ എത്ര കഠിനമാക്കിയാലും സമൂഹത്തിൽ കുറ്റകൃത്യങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുമെന്നത് ലോകത്ത് എവിടെയും പതിവാണ്. എങ്കിലും ശിക്ഷയ്ക്ക് കാഠിന്യമേറുന്തോറും കുറ്റകൃത്യങ്ങളിൽ നിന്ന് വിട്ടു നിൽക്കാനുള്ള പ്രവണതയും വർദ്ധിക്കുമെന്ന സങ്കല്പത്തിലാണ് ഭരണകൂടം ഇതുമായി ബന്ധപ്പെട്ട നിയമങ്ങൾ കൂടക്കൂടെ പൊളിച്ചെഴുതുന്നത്.നിയമം എല്ലാവരും ഒരുപോലെ അനുസരിച്ചെന്നു വരില്ല. നിയമലംഘകരെ കഠിനമായിത്തന്നെ ശിക്ഷിക്കാനേ കഴിയൂ. ലൈംഗികാതിക്രമ കേസുകളിലെ പ്രതികൾ ഒരുവിധ ഇളവും അർഹിക്കാത്തതിനാൽ നിയമം കൂടുതൽ കൂടുതൽ പല്ലും നഖവുമുള്ളതാകട്ടെ എന്നേ പറയാനുള്ളൂ.