മെക്സിക്കോ സിറ്റി: ജോക്വിൻ ഗുസ്മാൻ... പേരുകേൾക്കുമ്പോഴേ മെക്സിക്കോയിലെ പൊലീസുകാർ പേടിച്ചുവിറയ്ക്കും. എന്നാൽ സാധാരണക്കാർക്ക് ഗുസ്മാൻ ഹീറോയാണ്. തൊഴിൽ മയക്കമരുന്ന് കടത്ത്. പക്ഷേ, പട്ടിണിപ്പാവങ്ങളെ കൈയയച്ച് സഹായിക്കും. അങ്ങനെ അവരെ കൂടെനിറുത്തും. അമേരിക്കൻ കോടതി ഗുസ്റാന് ജീവപര്യന്തം തടവിനുവിധിച്ചെന്ന വാർത്ത ജനങ്ങളിൽ പലരും ഞെട്ടലോടെയാണ് കേട്ടത്. ജീവിതത്തിൽ ശേഷിക്കുന്ന കാലം ഗുസ്മാന് ജയിലിൽ തന്നെ കഴിയേണ്ടിവരും. ഒപ്പം പിഴയായി 12.6 ബില്യൺ ഡോളർ അടയ്ക്കുകയും വേണം. അനുയായികളിൽ നിന്നുള്ള ഭീഷണി പരിഗണിച്ച് കൊളറാഡോയിലെ അതീവസുരക്ഷാ ജയിലിലാണ് ഗുസ്മാനെ പാർപ്പിച്ചിരിക്കുന്നത്.മെക്സിക്കോയിൽ പിടിയിലായ ഗുസ്മാനെ അമേരിക്കയിലെത്തിച്ച് വിചാരണ നടത്തുകയായിരുന്നു. മെക്സിക്കൻ അധികൃതർക്കുള്ള പേടിയായിരുന്നു ഇതിന് കാരണമെന്നാണ് പറയുന്നത്.
സാധാരണ കുടുംബത്തിൽ ജനിച്ച് ഗുസ്മാൻ വളരെപ്പെട്ടെന്നാണ് മയക്കുമരുന്ന് കടത്തിലെ കിരീടം വയ്ക്കാത്ത രാജാവായത്. പ്രധാന കടത്ത് അയൽരാജ്യമായ അമേരിക്കയിലേക്കായിരുന്നു. ലോക പൊലീസായ അമേരിക്ക് ഇയാളെ പിടിക്കാനും മയക്കുമരുന്ന് കടത്ത് നിയന്ത്രിക്കാനും പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും വിജയിച്ചില്ല. മയക്കുമരുന്ന് കടത്തി കോടികളാണ് ഗുസ്മാൻ സമ്പാദിച്ചത്. 2009ൽ ഫോബ്സ് മാഗസിൻ പുറത്തുവിട്ട ലോകത്തിലെ ധനികരായ ആയിരംപേരുടെ ലിസ്റ്റിൽ 701ാം സ്ഥാനത്ത് ഗുസ്മാനുണ്ടായിരുന്നു. പിന്നീടുള്ള വർഷങ്ങളിൽ ഗുസ്മാന്റെ സമ്പാദ്യം കൂടിക്കൊണ്ടിരുന്നു. പക്ഷ, കൂടുതൽ വിവരങ്ങൾ ഒന്നും പുറത്തുവന്നില്ല.
മെക്സിക്കോയിലെ സിനാലോവ സംസ്ഥാനമാണ് ഗുസ്മാന്റെ സാമ്രാജ്യം. പലരും വീടുകളിൽ അദ്ദേഹത്തിന്റെ ചിത്രംവച്ചുപോലും ആരാധിക്കുന്നുണ്ടത്രേ. സിനാലോവയിൽ ഇരുന്നുകൊണ്ട് ലോകത്തെ മൊത്തം മയക്കുമരുന്ന് കച്ചവടത്തെയും ഗുസ്മാൻ നിയന്ത്രിച്ചു. എന്തിനുംപോന്ന അനുചരന്മാരായിരുന്നു ഗുസ്മാന്റെ ബലം. ഇതിൽ പലരും ഷാർപ്പ് ഷൂട്ടർമാരായിരുന്നു. ഒറ്റുകാരോടും ശത്രുക്കളോടും ഒരു അലിവും കാണിക്കില്ല. ഒരിക്കൽ ഗുസ്മാന്റെ ഗ്യാംഗിൽപ്പെട്ട ഒരാൾക്ക് മറ്റൊരു ഗ്യാംഗിൽ ചേക്കാറാൻ മോഹം. എതിർഗ്യാംഗുമായി ചില നീക്കുപോക്കുകളുണ്ടാക്കി. ഇത് ഗുസ്മാൻ അറിഞ്ഞു. നിമിഷങ്ങൾക്കകം അയാളെ ഗുസ്മാൻ നേരിട്ട് പൊക്കി. നേരേ തൊട്ടടുത്ത കാട്ടിലേക്കാണ് കൊണ്ടുപോയത്. അയാളുടെ ശരീരത്തിലെ ഒാരോ ഇഞ്ചും ഇടിച്ചു ചതച്ചു. കാലുപിടിച്ചിട്ടും വെറുതേ വിട്ടില്ല. മൃതപ്രായനായ അയാളുടെ ശരീരത്തിലേക്ക് വെടിവച്ചു. അപ്പോഴും അയാൾ മരിക്കാതിരിക്കാൻ ഗുസ്മാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പാതിജീവനുള്ള അയാളുടെ ശരീരം പകുതിവേവിച്ചു. അതിനുശേഷം ജീവനോടെ കുഴിച്ചുമൂടി. അനുയായികളുടെ സാന്നിദ്ധ്യത്തിലായിരുന്നു ഇൗ കൊടും ക്രൂരത. തന്നെയല്ലാതെ മറ്റൊരാളെയും ഗുസ്മാന് വിശ്വാസമേ ഇല്ലായിരുന്നു.
തന്നോട് നുണപറഞ്ഞതിന് സ്വന്തം സഹോദരനെ ഒറ്റവെടിക്കാണ് ഗുസ്മാൻ കൊന്നത്. മറ്റൊരിക്കൽ എതിർ ഗ്യാംഗിന്റെ നേതാവ് ഗുസ്മാന് ഷേക്ക് ഷാൻഡ് നൽകാൻ വിസമ്മതിച്ചു. അയാളുടെ സഹോദരനെ കൊന്നുകൊണ്ടാണ് ഇതിന് പകവീട്ടിയത്.
ഗുസ്മാൻ പലതവണ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. അനുമതിയില്ലാതെ ഇൗച്ചയ്ക്കുപോലും കടക്കാനാവാത്ത അതിസുരക്ഷാ ജയിലുകളിലാണ് ഗുസ്മാനെ പാർപ്പിക്കുന്നത്. പക്ഷേ, ഗുസ്മാൻ രക്ഷപ്പെടും. പലപ്പോഴും രക്ഷപ്പെട്ട് രഹസ്യ സങ്കേതത്തിൽ എത്തിയശേഷമായിരിക്കും ഗുസ്മാർ തടവുചാടിയ വിവരം ജയിൽ അധികൃതർ അറിയുന്നത്.
മയക്കുമരുന്ന് കടത്ത്, പെൺകുട്ടികളെ ലൈംഗിക അടിമകളാക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഗുസ്മാനെ ശിക്ഷിച്ചത്.