തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വിദ്യാർത്ഥി അഖിലിനെ കുത്താൻ എസ്.എഫ്.ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും ഓൺലൈൻ സൈറ്റിൽ നിന്ന് വാങ്ങിയ 'ഹൈടെക് ഫ്ലിപ്പ് കത്തി' കോളേജ് കോമ്പൗണ്ടിൽ നിന്ന് പൊലീസ് കണ്ടെടുത്തു. അഖിലിനെ ആക്രമിക്കാനുപയോഗിച്ച ഇരുമ്പ് പൈപ്പും വടിയും തെളിവെടുപ്പിൽ കിട്ടി.
ബട്ടൺ അമർത്തിയാലുടൻ തുറക്കുന്ന കത്തി അഖിലിനെ കുത്തിയതിന് ഒരാഴ്ച മുൻപാണ് വാങ്ങിയത്. കോളേജിലെ സംഘർഷത്തിനിടെ കത്തി പെട്ടെന്ന് തുറന്നപ്പോഴാണ് ശിവരഞ്ജിത്തിന്റെ കൈ മുറിഞ്ഞത്. കന്റോൺമെന്റ് സി.ഐ അനിൽകുമാറിന്റെ നേതൃത്വത്തിലായിരുന്നു ഇന്നലെ പ്രതികളുമായി നടത്തിയ തെളിവെടുപ്പ്. അഖിലിനെ കുത്താൻ തന്നെയാണ് കത്തി വാങ്ങിയതെന്ന് പ്രതികൾ സമ്മതിച്ചെന്നും ഇതോടെ ആസൂത്രിത വധശ്രമത്തിന് തെളിവായെന്നും പൊലീസ് പറഞ്ഞു.
കറുത്ത പിടിയുള്ള മടക്കു കത്തികൊണ്ടാണ് ശിവരഞ്ജിത്ത് അഖിലിനെ കുത്തിയതെന്ന് വിദ്യാർത്ഥികൾ പൊലീസിന് മൊഴിനൽകിയിരുന്നു. കോളേജിനു മുൻവശത്ത് പാർക്കിംഗ് സ്ഥലത്ത് ഇന്റർലോക്ക് പണി നടക്കുന്ന ഭാഗത്തുള്ള മൺകൂനയിലാണ് കത്തി ഒളിപ്പിച്ചിരുന്നത്. കുഴിച്ചിട്ടിരുന്ന കത്തി ശിവരഞ്ജിത്താണ് പുറത്തെടുത്തത്. കുത്തിയിറക്കി തിരിച്ചെടുക്കുമ്പോൾ ഉള്ളിൽ വീണ്ടും മുറിവുണ്ടാകുന്ന രീതിയിലുള്ള കത്തിയാണിത്. കത്തി ഏതാണ്ട് പൂർണമായി അഖിലിന്റെ നെഞ്ചിൽ താഴ്ത്തി. തുടർന്നുള്ള മൽപ്പിടിത്തത്തിലാണ് മുതുകിലും നെഞ്ചിനു താഴെയും മുറിവേറ്റത്.
അഖിലിനെയും കൂട്ടുകാരെയും വിരട്ടിയോടിച്ചപ്പോൾ നസീമിന്റെ കൈയിലും ഇതുപോലൊരു കത്തിയുണ്ടായിരുന്നു. കോളേജ് മതിലിനടുത്തു നിന്ന് ഈ കത്തി പൊലീസ് നേരത്തേ കണ്ടെടുത്തിരുന്നു. ഓൺലൈൻ ഇടപാട് കണ്ടെത്താൻ നസീമിന്റെയും ശിവരഞ്ജിത്തിന്റെയും മൊബൈൽ ഫോണുകൾ പൊലീസ് ശാസ്ത്രീയപരിശോധനയ്ക്ക് അയയ്ക്കും. കേസിലെ നിർണായക തെളിവായി ഇത് മാറും.
കുത്തിയ ശേഷം
പോയത് മൂന്നാറിൽ
അഖിലിനെ കുത്തിയശേഷം, രംഗം വഷളാകുമെന്ന് കണ്ട് ശിവരഞ്ജിത്ത് കത്തി ഒളിപ്പിച്ച് നസീമിന്റെ ബൈക്കിൽ കോളേജിനു പുറത്തേക്ക് പോയി. ഫോർട്ടിലെ സ്വകാര്യാശുപത്രിയിൽ കൈയിലെ മുറിവ് വച്ചുകെട്ടിയശേഷം പി.എം.ജിയിലെ സ്റ്റുഡന്റ്സ് സെന്ററിലെത്തി. അവിടെ അവയ്‌ലബിൾ യൂണിറ്റ് കമ്മിറ്റി ചേർന്നു. കത്തിക്കുത്ത് വലിയ പ്രശ്‌നമായെന്നും മാറിനിൽക്കുന്നതാണ് നല്ലതെന്നും ഇരുവരും നിലപാടെടുത്തു. വൈകിട്ടോടെ അവിടെ നിന്ന് മൂന്നാറിലേക്ക് പോയി. അവിടെ ഹോട്ടലിൽ നസീമിന്റെ തിരിച്ചറിയൽ കാർഡ് നൽകി മുറിയെടുത്ത് രണ്ടു ദിവസം തങ്ങി. വിവരമറിഞ്ഞ് കന്റോൺമെന്റ് പൊലീസ് മൂന്നാറിലേക്ക് പോകാനൊരുങ്ങിയപ്പോൾ, പൊലീസിൽ നിന്ന് തന്നെ വിവരം പ്രതികൾക്ക് ചോർന്നുകിട്ടി. ഇതോടെ കെ.എസ്.ആർ.ടി.സി ബസിൽ തമ്പാനൂരിലെത്തി. കല്ലറയിലെ സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയാൻ ആട്ടോറിക്ഷയിൽ പോകുംവഴി കേശവദാസപുരത്ത് പൊലീസിന്റെ പിടിയിലായി.
കത്തി ഇനി സാക്ഷികൾ
തിരിച്ചറിയണം
തിങ്കളാഴ്ച കോളേജ് തുറക്കുമ്പോൾ, കത്തിക്കുത്തിന് സാക്ഷികളായ 16 വിദ്യാർത്ഥികളെക്കൊണ്ട് കത്തി തിരിച്ചറിയേണ്ടതുണ്ട്. ഇവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. അഖിലിന് ശസ്ത്രക്രിയ നടത്തിയ ഡോക്ടറുടെ മൊഴിയും രേഖപ്പെടുത്തണം. പിടിച്ചെടുത്ത കത്തിയുപയോഗിച്ചാണോ കുത്തിയതെന്ന് മുറിവിന്റെ സ്വഭാവം പരിശോധിച്ച് ഡോക്ടറാണ് സാക്ഷ്യപ്പെടുത്തേണ്ടത്. അഖിലിന്റെ മുറിവ് വച്ചുകെട്ടിയ ജനറലാശുപത്രിൽ നിന്നുള്ള സർട്ടിഫിക്കറ്റിലെ മുറിവിന്റെ ആഴവും കത്തിയുടെ അളവും സമാനമാണെന്ന് പൊലീസ് പറഞ്ഞു. ഫോർട്ടിലെ സ്വകാര്യാശുപത്രിയിൽ ഇന്നലെ എത്തിച്ചപ്പോൾ ഡോക്ടർ പൊലീസ് വാഹനത്തിലെത്തി നസീമിനെയും ശിവരഞ്ജിത്തിനെയും തിരിച്ചറിഞ്ഞു.
നസീമിന്റെ പിതാവിന് നോട്ടീസ്
അഖിലിനെ കുത്തിയശേഷം നസീമും ശിവരഞ്ജിത്തും രക്ഷപ്പെട്ട ബൈക്ക് പൊലീസിന് കണ്ടെത്താനായില്ല. ശിവരഞ്ജിത്തിന്റെ വീട്ടിൽ പൊലീസ് റെയ്ഡ് നടത്തുന്നതറിഞ്ഞ് നസീമിന്റെ വീട്ടിൽ നിന്ന് ബൈക്ക് മാറ്റിയതാണെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഹാജരാക്കാൻ നസീമിന്റെ പിതാവിന് നോട്ടീസ് നൽകി.