crime

ബംഗളൂരു: അപസ്മാര രോഗിയായ അഞ്ചുവയസുകാരനെ അച്ഛൻ ക്വട്ടേഷൻ കൊടുത്ത് കൊല്ലിച്ചു. ചികിത്സിക്കാൻ പണം കണ്ടെത്താൻ കഴിയാത്തതാണ് ഇൗ കടുംകൈക്ക് പ്രേരിപ്പിച്ചത്. കർണാടകത്തിലെ ദേവനഗരയിലായിരുന്നു സംഭവം. കൂലിപ്പണിക്കാരനായ ജയപ്പനെയും ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പാക്കിയ സുഹൃത്തിനെയും പൊലീസ് അറസ്റ്റുചെയ്തു.50,000 രൂപയ്ക്കായിരുന്നു ക്വട്ടേഷൻ.


മൂന്നുവർഷത്തിനിടെ മകന്റെ ചികിത്സയ്ക്കായി ജയപ്പ നാലുലക്ഷം രൂപയാണ് ചെലവാക്കിയത്. പക്ഷേ, രോഗത്തിന് ഒരു ശമനവുമുണ്ടായില്ല. ഇനിയും ചികിത്സ വേണ്ടിവരുമെന്നാണ് ഡോക്ടർമാർ പറഞ്ഞത്. പക്ഷേ, പണം കണ്ടെത്താൻ പലവഴിയും നോക്കിയെങ്കിലും വിജയില്ല. തുടർന്നാണ് മകനെ ഇല്ലായ്മചെയ്യാൻ തീരുമാനിച്ചത്. ഇൗ കുഞ്ഞ് ഉൾപ്പെടെ ജയപ്പയ്ക്ക് മറ്റ് നാലുമക്കളാണുള്ളത്.
മകനെ ഇല്ലായ്മചെയ്യാനായി ജയപ്പ സുഹൃത്തായ മഹേഷിന്റെ സഹായം തേടി. ബാറിൽവച്ചാണ് ക്വട്ടേഷൻ നൽകിയതും കൊല്ലാനുള്ള വഴി കണ്ടെത്തിയതും. വേദനയില്ലാതെ മകനെ കൊല്ലാമെന്നായിരുന്നു ജയപ്പയുടെ ആവശ്യം. ഒരു കുത്തിവയ്പ്പിലൂടെ ഇത് സാധിക്കാമെന്ന് മഹേഷ് ഉറപ്പുകൊടുത്തു. പക്ഷേ, കുത്തിവയ്പ്പിനുള്ള മരുന്ന് കിട്ടിയില്ല. ഇതാേടെ മകനെ എങ്ങനെയും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ജയപ്പ വീണ്ടും മഹേഷിനെ സമീപിച്ചു. കൊലപ്പെടുത്താമെന്ന് മഹേഷ് വാക്കുകൊടുത്തു.


കൊലപാതകത്തിന് അവസരമൊരുക്കാനായി ഭാര്യയെയും മറ്റു മക്കളെയും ജയപ്പ ബന്ധുവീട്ടിലേക്ക് പറഞ്ഞുവിട്ടു. രാത്രിയിൽ മഹേഷ് ജയപ്പയുടെ വീട്ടിലെത്തി കുട്ടിയെ ശ്വാസം മുട്ടിച്ചു കൊന്നു. അപസ്മാരം ബാധിച്ച് കുഞ്ഞ് മരിച്ചുവെന്നാണ് ജയപ്പ ബന്ധുക്കളോടും അയൽവാസികളാേടും പറഞ്ഞത്. ഒട്ടുമിക്കവരും ഇത് വിശ്വസിച്ചു. എന്നാൽ മഹേഷ് ജയപ്പയുടെ വീട്ടിൽ രാത്രി എത്തിയതും അന്നുരാത്രിതന്നെ കുഞ്ഞ് മരിച്ചതും അയൽവാസികളായ ചിലരിൽ സംശമുണ്ടാക്കി. ഇവർ ഇക്കാര്യം പൊലീസിനെ അറിയിച്ചു. പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെ ഇരുവരും കുറ്റം സമ്മതിച്ചു.