തിങ്കളാഴ്ച ഇന്ത്യയുടെ ചന്ദ്രയാൻ 2 പേടകത്തിൽ ഇന്ത്യൻ യന്ത്രമനുഷ്യൻ പ്രഞ്ജാൻ റോവർ ചന്ദ്രനിലേക്ക് യാത്ര പുറപ്പെടുകയാണ്. ഒന്നരമാസത്തെ യാത്രയ്ക്കൊടുവിൽ എല്ലാം വിചാരിച്ചതുപോലെ നടന്നാൽ ഇന്ത്യൻ വാഹനം സെപ്തംബർ 6ന് ചന്ദ്രന്റെ മണ്ണിലെത്തും. ഇന്ത്യയുടെ പ്രഞ്ജാൻ റോവർ ചന്ദ്രനിലിറങ്ങും.ബഹിരാകാശഗവേഷണത്തിലേക്ക് വൈകിയിറങ്ങിയ ഇന്ത്യയുടെ കുതിപ്പിന് ഇത് അത്ഭുത ചരിത്രമാണെങ്കിലും അതിന് തുടക്കമാകുന്നത് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയതിന്റെ അൻപതാം വാർഷികവേളയിലാണെന്നത് കൗതുകകരമാണ്. 1969 ജൂലായ് 20 നാണ് മനുഷ്യൻ ആദ്യമായി ചന്ദ്രനിൽ കാലുകുത്തിയത്.നാസയുടെ അപ്പോളോ 11 റോക്കറ്റിൽ കൊളംബിയ പേടകത്തിൽ അമേരിക്കക്കാരായ നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും ചന്ദ്രനിലിറങ്ങി.അവർക്കൊപ്പം യാത്ര ചെയ്ത മൈക്കേൽ കോളിൻസ് ചന്ദ്രനിൽ കാലുകുത്തിയില്ലെങ്കിലും ഇറങ്ങിയവരെ തിരിച്ചുകൊണ്ടുവരാനായി ഓർബിറ്ററിൽ ചന്ദ്രനെ വലംവെച്ചു. അദ്ദേഹവും ചരിത്രത്തിന്റെ ഭാഗമാണ്. തിരിച്ചെത്തുമെന്ന് ഒരു ഉറപ്പുമില്ലാത്ത യാത്രയിൽ ഒന്നിച്ചിറങ്ങിയ അവർ അങ്ങനെ ഭൂമിക്ക് പുറത്ത് മറ്റൊരുമണ്ണിൽ സന്ദർശനം നടത്തിയ അത്ഭുതമനുഷ്യരായി. കേവലം അഞ്ചുദിവസം കൊണ്ടാണ് അമേരിക്കൻ പേടകം കൊളംബിയ ചന്ദ്രനിലെത്തിയത്.
1961 ലാണ് അമേരിക്ക ചന്ദ്രയാത്രാപദ്ധതി തുടങ്ങുന്നത്. 16.81 ലക്ഷംകോടി രൂപയും 3.5 ലക്ഷം സാങ്കേതികവിദഗ്ദ്ധരുടെയും ശാസ്ത്രജ്ഞരുടെയും സേവനങ്ങളാണ് അതിനുപയോഗിച്ചത്. ഭാരിച്ച സാമ്പത്തിക ബാദ്ധ്യത താങ്ങാനാവാതെ 1973 ൽ നാസ ചന്ദ്രപര്യവേഷണപരിപാടികൾ തത്കാലം നിറുത്തിവച്ചു. 20പറക്കലുകളാണ് അമേരിക്ക ചന്ദ്രനെ ലക്ഷ്യമാക്കി നടത്തിയത്. പതിനൊന്നാംപരീക്ഷണത്തിൽ അവർ ലക്ഷ്യംകണ്ടു.
പിന്നീട് ഒൻപത് തവണകൂടി അപ്പോളോ ചന്ദ്രനിലേക്ക് കുതിച്ചു. അപ്പോളോ 13 ഒഴികെ ആറു ദൗത്യങ്ങൾ വിജയകരമായി. പത്തോളം പേർ ചന്ദ്രനിൽ ഇറങ്ങി.ബഹുദൂരം നടന്നും ലാൻഡർ ഒാടിച്ചുമൊക്കെ അവർ അത്ഭുതങ്ങൾ കാട്ടി. ചന്ദ്രനിൽ ഒട്ടേറെ ശാസ്ത്ര പരീക്ഷണങ്ങൾ നടത്തി. ശാസ്ത്രനിലയങ്ങൾ സ്ഥാപിച്ചു.400 കിലോയോളം വസ്തുക്കൾ ചന്ദ്രോപരിതലത്തിൽനിന്നു ഭൂമിയിലേക്ക് കൊണ്ടുവന്നു.ഇതെല്ലാം ഇന്ന് ചരിത്രം.
ചാന്ദ്രയാത്രയ്ക്കായി പടുകൂറ്റൻ റോക്കറ്റാണ് അമേരിക്ക നിർമ്മിച്ചത്. 'സാറ്റേൺ 5" എന്ന ഈ ഭീമൻ റോക്കറ്റിന് 110.6 മീറ്റർ നീളവും 2700 ടൺ ഭാരവുമുണ്ടായിരുന്നു. ഏതാണ്ട് 30 നില കെട്ടിടത്തിന്റെ ഉയരവും അതിനൊത്ത വണ്ണവും. 1962ൽ നടത്തിയ ആദ്യ അപ്പോളോ പേടകം യാത്രയ്ക്കു മൂന്നാഴ്ച മുൻപ് പരീക്ഷണത്തിനിടയിൽ അഗ്നിക്കിരയായി. മൂന്നു ബഹിരാകാശയാത്രികരും വെന്തുമരിച്ചു.പിന്നീട് എല്ലാം കരുതലോടെയായിരുന്നു.
ഇരുപതു മാസങ്ങൾക്കു ശേഷം വീണ്ടും ശ്രമം. അപ്പോളോ 6 വരെയുള്ള ദൗത്യങ്ങൾ ആളില്ലാതെയുള്ള പരീക്ഷണപ്പറക്കലുകളായിരുന്നു.ഏഴും എട്ടും ദൗത്യങ്ങളിൽ മനുഷ്യനെ ഉൾപ്പെടുത്തി. അപ്പോളോ 8 മനുഷ്യനെ ചന്ദ്രന്റെ ഭ്രമണപഥത്തിൽ എത്തിച്ചു, തിരിച്ചിറക്കി.ഇതോടെ ദൗത്യം വിജയമാകുമെന്ന വിശ്വാസം ഉറപ്പിച്ചു.പത്താം ശ്രമത്തിൽ ചന്ദ്രന്റെ ഏതാനും കിലോമീറ്റർ വരെ അടുത്തെത്തി എന്നാൽ ഇന്ധനം തീരുമെന്ന സൂചനകളെ തുടർന്ന് ഇറങ്ങാനാകാതെ മടങ്ങി.
1969 ജൂലായ് 16ന് അമേരിക്കൻ സമയം രാവിലെ 9.32ന് ഫ്ളോറിഡ ഐലൻഡിൽനിന്നായിരുന്നു അടുത്ത ദൗത്യം പുറപ്പെട്ടത്. നീൽ ആംസ്ട്രോങ്ങും എഡ്വിൻ ആൽഡ്രിനും മൈക്കൽ കോളിൻസും ആയിരുന്നു യാത്രികർ. തങ്ങൾ തിരിച്ചു വരുന്നതുവരെ ചന്ദ്രനെ വലംവയ്ക്കാൻ കോളിൻസിനെ മാതൃപേടകത്തിൽ ഇരുത്തിയിട്ട് ആംസ്ട്രോങ്ങും ആൽഡ്രിനും ചരിത്രത്തിലേക്കു കാൽവച്ചു. അമേരിക്കൻ പതാക ചന്ദ്രനിൽ ഉയർന്നു.
'മനുഷ്യന് ഒരു ചെറിയ കാൽവയ്പ്, മാനവരാശിക്ക് ഒരു വമ്പൻ കുതിപ്പ് " – ഇതാണ് അവർ ചന്ദ്രനിൽ ആദ്യം മുഴക്കിയ ശബ്ദം.
ആംസ്ട്രോങ് ചന്ദ്രന്റെ മണ്ണിൽ കാലുകുത്തി. 20 മിനിറ്റ് കഴിഞ്ഞ് എഡ്വിൻ ആൽഡ്രിനും. രണ്ടര മണിക്കൂർ അവർ അവിടെ ചെലവഴിച്ചു. പരീക്ഷണ,ഗവേഷണ ഉപകരണങ്ങൾ സ്ഥാപിച്ചു.
മണ്ണും പാറയുമടക്കം 22 കിലോ വസ്തുക്കൾ ശേഖരിച്ചു. പിന്നെ ഈഗിൾ എന്ന ആ പേടകത്തിൽ കയറി റോക്കറ്റ് പ്രവർത്തിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്. പിന്നെ, മൈക്കൽ കോളിൻസ് നയിക്കുന്ന മാതൃപേടകത്തിൽ കയറി തിരികെ ഭൂമിയിലേക്ക്.ഇത് മനുഷ്യരാശിക്ക് മുഴുവൻ അഭിമാന നിമിഷമായിരുന്നു.
ഹൂസ്റ്റണിലെ നാസ സ്പേസ് സെന്ററിലും വാഷിംഗ്ടണിലെ നാഷണൽ എയർ ആൻഡ് സ്പേസ് മ്യൂസിയത്തിലും ആ സാഹസിക ചന്ദ്രയാത്രകളുടെ ഉപകരണങ്ങളും പേടകവും വരംതലമുറയ്ക്ക് അറിയാനായി കാത്തുവച്ചിട്ടുണ്ട്. ചന്ദ്രോപരിതലത്തിൽനിന്നു മനുഷ്യൻ കൊണ്ടുവന്ന പാറയിൽ തൊട്ടുനോക്കാൻ കഴിയുന്ന ലോകത്തിലെ തന്നെ രണ്ടേരണ്ടു സ്ഥലങ്ങളാണിവ.ബഹിരാകാശത്തുനിന്നു മനുഷ്യൻ സ്വന്തമാക്കിയ നാനൂറോളം വസ്തുക്കളും, പേടകങ്ങളുമാണ് ഇവിടെയുള്ളത്.