ഇന്ത്യൻ രാഷ്ട്രീയത്തിൽ സംഭവ ബഹുലമായ അദ്ധ്യായങ്ങൾ രചിച്ച വിപ്ളവകാരിയാണ് എൻ. ശ്രീകണ്ഠൻ നായർ. സ്വാതന്ത്ര്യ സമരസേനാനി, തൊഴിലാളി നേതാവ്, എഴുത്തുകാരൻ, പാർലമെന്റേറിയൻ തുടങ്ങിയ നിലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച എൻ. ശ്രീകണ്ഠൻ നായർ ഓർമ്മയായിട്ട് ഇന്ന് 36 വർഷമാകുന്നു. 1915 ജൂൺ 15 ന് ജനിച്ച ശ്രീകണ്ഠൻ നായർ ഈ ജൂൺ 15 ന് 104-ാം ജന്മദിനം പിന്നിട്ടു.
അദ്ധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ ദുരിതങ്ങൾ മനസിലാക്കി അവരുടെ അവകാശങ്ങൾ നേടിയെടുക്കാനായി അഹോരാത്രം പൊരുതിയ, തൊഴിലാളികൾ സ്നേഹപൂർവം ശ്രീകണ്ഠൻ ചേട്ടൻ എന്നു വിളിച്ചു പോന്നിരുന്ന ആ അതികായൻ ഇന്നും ജനമനസുകളിൽ ഓർമ്മയായി നിൽക്കുന്നുവെങ്കിൽ അതിന്റെ കാരണം മറ്റൊന്നുമല്ല. അത് എൻ. ശ്രീകണ്ഠൻ നായരുടെ നിസ്വാർത്ഥമായ പ്രവർത്തനവും തൊഴിലാളികളോടുള്ള അതിരറ്റ സ്നേഹവും ആത്മാർത്ഥതയും മാത്രമാണ്.
1952, 1962, 67, 71, 77 വർഷങ്ങളിൽ നടന്ന ലോക് സഭാ തിരഞ്ഞെടുപ്പുകളിൽ എൻ. ശ്രീകണ്ഠൻ നായർ വിജയിച്ചു. പാവപ്പെട്ടവർക്കുവേണ്ടിയാണ് അദ്ദേഹത്തിന്റെ ഇടപെടലുകൾ എന്നതും ശ്രദ്ധേയമായിരുന്നു.
കെ.എസ്.പിയുടെ പ്രഥമ സെക്രട്ടറിയായി എൻ. ശ്രീകണ്ഠൻ നായരെ തിരഞ്ഞെടുത്തിരുന്നു. ആർ.എസ്.പിയിൽ ലയിക്കുമ്പോഴും എൻ. ശ്രീകണ്ഠൻ നായർ ആയിരുന്നു കേരള ഘടകം പ്രഥമ സെക്രട്ടറി. തിരുവനന്തപുരത്തു ഹൈക്കോടതി ബഞ്ച് പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എൻ. ശ്രീകണ്ഠൻ നായരും കെ. ബാലകൃഷ്ണനും നടത്തിയ സമരങ്ങൾ വിസ്മരിക്കാവുന്നതല്ല. ഇന്നും യാഥാർത്ഥ്യമാകാതെ നിൽക്കുന്ന ഒരു വിഷയമാണ് തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച് വേണമെന്നുള്ള ആവശ്യം.
സർ. സി.പി ദിവാനായിരിക്കെ അദ്ദേഹത്തിന്റെ കിരാത ഭരണത്തിനെതിരെ ശബ്ദിച്ച എൻ. ശ്രീകണ്ഠൻ നായരെ അനുനയിപ്പിക്കാൻ ഉന്നത ഉദ്യോഗസ്ഥ പദവികൾ വച്ചു നീട്ടിയിട്ടും അതിൽ കുരുങ്ങാത്ത വിപ്ളവ മനസായിരുന്നു ശ്രീകണ്ഠൻ നായരുടേത്.
1967ൽ സപ്ത മുന്നണി അധികാരത്തിൽ വരുമ്പോൾ ആർ.എസ്.പിയും മുന്നണി മന്ത്രിസഭയിൽ ഉണ്ടായിരുന്നു. 1969 മുതൽ 1979 വരെ കോൺഗ്രസ്, സി.പി.ഐ, ആർ.എസ്.പി പാർട്ടികളുടെ നേതൃത്വത്തിലുള്ള ഭരണം. 1980ൽ ആർ.എസ്.പി ഉൾപ്പെട്ട നായനാർ മന്ത്രിസഭ. ദീർഘകാലം ആർ.എസ്.പി മന്ത്രിസഭയിൽ ഉണ്ടായിരുന്നിട്ടും എൻ. ശ്രീകണ്ഠൻ നായർ മന്ത്രിയാകാൻ ശ്രമിച്ചില്ല. കൈവന്ന അവസരം തട്ടിക്കളയുകയും ചെയ്തു. പൊതു പ്രവർത്തകനാകാൻ ''കൊടിവച്ച കാറിൽ പാറി നടക്കണമെന്നില്ല എന്നു തെളിയിക്കുന്നതായിരുന്നു എൻ. ശ്രീകണ്ഠൻ നായരുടെ രാഷ്ട്രീയ ശൈലി.
(ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമാണ് ലേഖകൻ .ഫോൺ:9446407265.)