പാവകളെ ഇഷ്ടമല്ലാത്തവരായി ആരുമില്ല. മെക്സിക്കോയിലെ സോഷിമിൽകോയിൽ ആമ്പൽ പൂക്കൾ നിറഞ്ഞ കനാലിനു നടുവിലുള്ള ഐലാ ഡേ ലാസ് മുലേകാസ് എന്ന ' പാവ ദ്വീപിൽ ' ചെന്നാൽ നിരവധി പാവകളെ കാണാം. പക്ഷേ ഒരു പ്രശ്നം, അന്നബെൽ സിനിമയിലെ പാവയെക്കാൾ ഭീകരമാണ് ഇവിടുത്തെ പാവകൾ. ചിലതിന് കണ്ണില്ല, ചിലതിന് കാലോ കൈയ്യോ കാണില്ല, അല്ലെങ്കിൽ തല..! മരത്തിന്റെ ശിഖരങ്ങളിലും തറയിലും എന്നു വേണ്ട എല്ലായിടത്തും ഇത്തരത്തിൽ നൂറു കണക്കിന് വികൃത പാവകളെ കാണാം.
ദ്രവിച്ച് തകർന്ന പാവകൾക്കുള്ളിൽ നിന്നും ചിലന്തിയും പുഴുക്കളും മറ്റും ഇഴയുന്നതും കാണാം. പകൽ വെളിച്ചത്തിൽ ഇങ്ങനെയൊക്കെ നിരീക്ഷിക്കാമെങ്കിലും രാത്രിയാകുമ്പോൾ കഥമാറും. ഇരുട്ടിൽ ഇവയുടെ രൂപം കാണുമ്പോൾ ആരായാലും ഒന്നു പേടിയ്ക്കും. പാവ ദ്വീപിനെ പറ്റിയുള്ള കഥകൾ കൂടി കേട്ടാൽ പിന്നെ പറയേണ്ട !
1950ൽ നടന്ന ഒരു ദുരന്ത കഥയാണ് പാവ ദ്വീപിന് പറയാനുള്ളത്. ഡോൺ ജൂലിയൻ സാന്റെന ബരേര എന്ന ഒരാളായിരുന്നു അന്ന് ഈ ദ്വീപിലുണ്ടായിരുന്ന ഏക വ്യക്തി. ഒരു ദിവസം ദ്വീപിന് ചുറ്റുമുള്ള കനാലിലൂടെ ഒരു കൊച്ചു പെൺകുട്ടി ഒഴുകി വരുന്നത് ജൂലിയൻ കണ്ടു. എന്നാൽ ജൂലിയന് ആ കുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞില്ല. കനാലിൽ കുട്ടിയുടേതെന്ന് കരുതുന്ന ഒരു പാവ ജൂലിയന്റെ ശ്രദ്ധയിൽപ്പെട്ടു. മരിച്ച കുട്ടിയുടെ ഓർമയ്ക്കായി ജൂലിയൻ ആ പാവയെ മരത്തിൽ കെട്ടിത്തൂക്കി.
കുട്ടിയെ തനിക്ക് രക്ഷിക്കാൻ കഴിഞ്ഞില്ല എന്ന കുറ്റബോധം ജൂലിയനെ അലട്ടി. ദ്വീപിൽ ആ കുട്ടിയുടെ ആത്മാവ് അലയുന്നതായി ജൂലിയന് തോന്നി. കുട്ടിയുടെ ആത്മാവിനെ സന്തോഷിപ്പിക്കാനായി ജൂലിയൻ കനാലിൽ കണ്ട ഉപേക്ഷിക്കപെട്ട പാവകൾ ശേഖരിച്ച് മരത്തിൽ കെട്ടിത്തൂക്കാൻ തുടങ്ങി. ഏകദേശം അമ്പത് വർഷം കൊണ്ട് ജൂലിയൻ ഇങ്ങനെ 1,500 ലേറെ പാവകളെ ശേഖരിച്ചു. ഈ പാവകൾ എല്ലാം ജീർണിച്ച് വികൃതമായിരിക്കുന്നു. 2001ൽ ഹൃദയസ്തംഭനത്തെ തുടർന്ന് ജൂലിയൻ മരിച്ചു. എന്നാൽ കനാലിൽ കുട്ടി മരിച്ച അതേ സ്ഥലത്ത് ജൂലിയനും മുങ്ങി മരിച്ചുവെന്നും കഥകളുണ്ട്.
പക്ഷേ ഈ കഥകൾക്ക് പിന്നിലെ സത്യാവസ്ഥ ആർക്കും അറിയില്ല. ജൂലിയൻ പറയപ്പെടുന്നത് പോലൊരു കുട്ടി ഇല്ലെന്നും ദ്വീപിന്റെ ഏകാന്തയിൽ മറ്റുള്ളവർ ശ്രദ്ധിയ്ക്കാൻ വേണ്ടി ജൂലിയൻ കെട്ടിചമച്ച കഥയാണിതെന്നും വാദമുണ്ട്. ജൂലിയന് സമനില നഷ്ടപ്പെട്ടിരുന്നുവെന്നും ചിലർ പറയുന്നു. അതേ സമയം രാത്രിയാകുമ്പോൾ ഈ പാവകൾ ചലിക്കുമെന്നും പരസ്പരം സംസാരിക്കുമെന്നും നിരവധി കഥകൾ പ്രചരിക്കാൻ തുടങ്ങി. ഇപ്പോൾ നിരവധി ടൂറിസ്റ്റുകളുടെ ആകർഷണ കേന്ദ്രമാണിവിടം. ഏതായാലും ജൂലിയന്റെ നിഷ്കളങ്കമായ ചിന്ത ഈ ദ്വീപിനെ പേടിപ്പെടുത്തുന്ന പാവകളുടെ സങ്കേതമാക്കി മാറ്റി. പൂക്കൾ വളരേണ്ടിയിരുന്ന ഒരിടത്ത് പാവകൾ വളർന്നു !