edava

വർക്കല: ഇടവ വെറ്റക്കട തീരത്തെ ഫിഷിംഗ് ഹാർബറിനുള്ള സാദ്ധ്യത അധികൃതർ അവഗണിക്കുന്നതായി പരാതി. ഈ മേഖലയിലെ മത്സ്യത്തൊഴിലാളികൾ മാറി മാറി വരുന്ന സർക്കാരുകൾക്കും ബന്ധപ്പെട്ട വകുപ്പിനും നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഇതേക്കുറിച്ച് ചിന്തിക്കാൻ പോലും അവർ മെനക്കെടാറില്ലെന്നാണ് ആക്ഷേപം. ഇടവ വെറ്റക്കട അനുബന്ധ തീരങ്ങൾ കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന പരമ്പരാഗത തൊഴിലാളികൾ നിരവധിയാണ്. ചിലക്കൂർ മുതൽ കാപ്പിൽ തെക്കുംഭാഗം വരെ നീളുന്ന ഏകദേശം 8 കിലോമീറ്റർ മേഖലയിൽ നിലവിൽ മൂവായിരത്തോളം മത്സ്യത്തൊഴിലാളികൾ ഉണ്ടെന്നാണ് കണക്ക്. എന്നാൽ കൊല്ലം,ചവറ, നീണ്ടകര, കരുനാഗപളളി തുടങ്ങിയ തീരങ്ങളിൽ നിന്നുള്ള യന്ത്രവത്കൃത യാനങ്ങളാണ് ഈ തീരത്തെ മത്സ്യസമ്പത്ത് കൊണ്ടുപോകുന്നത്. ഇത് ഈ പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്താണ് ഫിഷിംഗ് ഹാർബറിന് വേണ്ടിയുളള ആവശ്യം ശക്തമാകുന്നത്. കാപ്പിൽ പടിഞ്ഞാറേ പൊഴിമുഖം അഴിയാക്കി മാറ്റി ഫിഷിംഗ് ഹാർബർ രൂപ കല്പന ചെയ്താൽ നിർമ്മാണ ചെലവ് പത്തിരട്ടിയോളം കുറയുമെന്നും മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. നിലവിൽ നീണ്ടകര കഴിഞ്ഞാൽ വിഴിഞ്ഞത്ത് മാത്രമാണ് ഫിഷിംഗ് ഹാർബറുള്ളത്. സുസ്ഥിര തീരമായിരുന്ന ഇടവ - വെറ്റക്കട - കാപ്പിൽ തീരപ്രദേശങ്ങൾ കാലവർഷക്കെടുതിയും അനധികൃത മണലൂറ്റും അവിചാരിതമായി ഉണ്ടാകുന്ന കടൽക്ഷോഭവും അശാസ്ത്രീയമായ കടൽഭിത്തി നിർമ്മാണവും കാരണം നിത്യേന ശോഷിക്കുന്നതായി പഠനങ്ങൾ വെളിവാക്കുന്നു .തീര ശോഷണത്തെ അതിജീവിക്കാൻ ഹാർബർ നിർമ്മാണത്തിനു മുന്നോടിയായി നിശ്ചിത ദൂര പരിധിക്കുളളിൽ പുലിമൂട്ട് നിർമ്മിക്കണമെന്ന ആവശ്യത്തിനും ഒരു വ്യാഴവട്ടക്കാലത്തെ പഴക്കമുണ്ട്. യാനങ്ങളുടെ ഏറ്റിറക്കങ്ങൾക്കിടെ മത്സ്യത്തൊഴിലാളികൾ അപകടത്തിൽപ്പെടുന്നതും പതിവാണ്.

നാളിതുവരെ

കേരളത്തിലെ ആദ്യ മന്ത്രി സഭയിലെ പൊതുമരാമത്ത് മന്ത്രിയായിരുന്ന ടി.എ. മജീദ് ഹാ‌ർബർ നിർമ്മാണത്തിന് മുൻകൈയെടുത്തിരുന്നു

 ഹാർബർ നിർമ്മാണം സംബന്ധിച്ച് ചില പഠനങ്ങൾ നടത്തി സർക്കാരിന് റിപ്പോർട്ടും സമർപ്പിച്ചു

 അന്ന് ഇവിടങ്ങളിൽ സജീവമായിരുന്ന കയർ വ്യവസായവുമായി ബന്ധപ്പെട്ട് ചില തർക്കങ്ങളിൽ കുരുങ്ങി പദ്ധതി പാളി.

പിൽക്കാലത്ത് കയർവ്യവസായം നിലയ്ക്കുകയും മാറിമാറി വന്ന സർക്കാരുകൾ ഈ തീരത്തെ അവഗണിക്കുകയുമായിരുന്നു